SignIn
Kerala Kaumudi Online
Sunday, 27 July 2025 8.28 AM IST

ഒരു ജയിൽ ചാട്ടവും വല്ലാത്ത നാണക്കേടും

Increase Font Size Decrease Font Size Print Page
df

സംസ്ഥാനത്തെ ജയിൽ സുരക്ഷയെക്കുറിച്ച് പൊതുജനത്തിന്റെ മനസിലുള്ള സകല വിചാരങ്ങളെയും സർക്കാരിന്റെ വാദങ്ങളെയും പൊളിക്കുന്നതാണ് കൊലയാളിയും കൊടുംകുറ്റവാളിയുമായ ഗോവിന്ദച്ചാമി എന്ന 'ഒറ്റക്കൈയൻ"കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ സംഭവം. പൊലീസിനു വിവരം ലഭിച്ച് മൂന്നര മണിക്കൂറിനകം ഗോവിന്ദച്ചാമിയെ പിടികൂടാനായെങ്കിലും,​ അതീവസുരക്ഷാ സെല്ലിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടതു മുതൽ തളാപ്പിൽ,​ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ ചാടുന്നതുവരെ നീളുന്ന സംഭവപരമ്പരയുമായി ബന്ധപ്പെട്ട് ഉയരുന്ന എണ്ണമറ്റ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഗോവിന്ദച്ചാമി ജയിലിൽ നിന്ന് രക്ഷപ്പെട്ടത് എങ്ങനെയെന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഉദ്യോഗ നിർവഹണത്തിലെ വീഴ്ചയ്ക്ക് നാല് പ്രിസൺ ഓഫീസർമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇത്രയുംകൊണ്ട് അവസാനിപ്പിക്കാവുന്നതല്ല ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട സുരക്ഷാ പഴുതുകളെക്കുറിച്ചുള്ള അന്വേഷണമെന്ന് ആരും പറയും.

കണ്ണൂർ സെൻട്രൽ ജയിലിന്റെ ഏഴര മീറ്റർ ഉയരമുള്ള കൂറ്റൻ മതിൽ,​ ഒറ്റക്കൈകൊണ്ട് തുണിപ്പുതപ്പ് ഉപയോഗിച്ച് സ്വയം പിരിച്ചുണ്ടാക്കിയ കയർ വഴി രക്ഷപ്പെടുന്നതിന് പ്രതിക്ക് ജയിലിനകത്തുനിന്ന് ആരുടെയും സഹായം ലഭിച്ചില്ലെന്നത് അവിശ്വസനീയമെന്നേ പറയാനാകൂ. സെല്ലിന്റെ ഇരുമ്പഴി അറുത്തുമാറ്റിയാണത്രേ അയാൾ പുറത്തിറങ്ങിയത്. ഇതിനുള്ള ബ്ളേഡ് എവിടെനിന്ന് കിട്ടി?​ ജയിലിനു പുറത്തെത്തി ധരിക്കാനുള്ള ഷർട്ടും പാന്റും ആരു നല്കി?​ കാവൽക്കാരുടെ കണ്ണുവെട്ടിച്ച് ജയിൽ മതിലിനരികെ എത്തുകയും,​ പരിസരത്തുണ്ടായിരുന്ന വീപ്പകൾ ഉരുട്ടിക്കൊണ്ടുവന്ന്,​ അതിനു മുകളിൽ കയറിനിന്ന്,​ രക്ഷപ്പെടാനുള്ള തുണിക്കയർ കമ്പിവേലിയിൽ എറിഞ്ഞ് ഉറപ്പിക്കുകയും ചെയ്താണ് ഗോവിന്ദച്ചാമി മുകളിലെത്തിയത്. തുടർന്ന്,​ പുറംമതിലിലൂടെ ഊർന്നിറങ്ങി റോഡിലെത്തി. മുട്ടിനു താഴെ വരെ മാത്രമുള്ള ഇടതുകൈ ഒളിപ്പിക്കുവാൻ ഒരു ചാക്കുകെട്ട് തലയിലേറ്റി,​ അതിൽ കൈ ഒളിപ്പിച്ചായിരുന്നു പിന്നെയുള്ള കാൽനടയാത്ര. ഭാഗ്യവശാൽ,​ ആ പോക്കുകണ്ട ഒരു ഓട്ടോഡ്രൈവർക്ക് സംശയം തോന്നുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. രായ്ക്കുരാമാനം പ്രതി സംസ്ഥാനം വിട്ടിരുന്നെങ്കിലോ?​

സംസ്ഥാനത്ത് രാഷ്ട്രീയ തടവുകാരും കൊടുംകുറ്റവാളികളും ഉൾപ്പെടെ 'പേരെടുത്ത" ക്രിമിനലുകളെ പാ‌ർപ്പിച്ചിട്ടുള്ള ഇടമാണ് കണ്ണൂർ സെൻട്രൽ ജയിൽ. കുറ്റമറ്റ സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്ന ജയിലിൽ ഉന്നത സ്വാധീനമുള്ള തടവുകാർക്ക് നിയമാനുസൃതം അനുവദനീയമല്ലാത്ത പല സൗകര്യങ്ങളും സൗജന്യങ്ങളും കിട്ടുന്നുണ്ടെന്നത് പണ്ടേയുള്ള ആക്ഷേപമാണ്. കൂടുതൽ സ്വാധീനമുണ്ടെങ്കിൽ പരോളിനും ശിക്ഷാ ഇളവിനും പോലും ഒരു തടസവും ഉണ്ടാവില്ല. കണ്ണൂർ ജയിലിലെ തടവുമുറികളിലും പരിസരത്തും നിന്ന് എത്രയോ തവണ മൊബൈൽ ഫോണുകളും ലഹരിപദാർത്ഥങ്ങളും മറ്റും കണ്ടെത്തിയിരിക്കുന്നു! സി.സി ടിവി ക്യാമറകൾ സദാ കണ്ണുമിഴിച്ചിരിക്കുന്നുവെന്ന് നമ്മൾ കരുതുന്ന സെൻട്രൽ ജയിലിലെ സ്ഥിതിയാണ് ഇത്. തടവുകാരന്റെ പാർട്ടിയും സ്റ്റാറ്റസും സ്വാധീനവും അനുസരിച്ച് സെല്ലിലെ സൗകര്യങ്ങളും കൂടും. തുറന്നിരിക്കുന്ന കണ്ണുകളൊക്കെ താനേ അടയും!

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തോടെ സംശയത്തിലായ ജയിൽ സുരക്ഷയുടെ പഴുതുകൾ എത്രയും വേഗം അടയ്ക്കുവാനും,​ കുറ്റവാളികൾ ജയിലിൽത്തന്നെയാണെന്ന മനസ്സമാധാനം പൊതുജനങ്ങൾക്ക് വീണ്ടെടുത്ത് നല്കുവാനുമുള്ള ബാദ്ധ്യത സർക്കാരിനുണ്ട്. തടവുകാർക്ക് ജയിലിലുള്ള നിയന്ത്രണം,​ നല്കാവുന്ന സൗകര്യങ്ങൾ,​ സന്ദർശക നിയന്ത്രണം,​ വിവിധ വിഭാഗം സെല്ലുകൾക്ക് ഉറപ്പുവരുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഇവയുമായൊക്കെ ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ജയിൽ ചട്ടങ്ങളിൽ കൃത്യമായി പറയുന്നുണ്ട്. സംസ്ഥാനത്തെ ജയിലുകളിൽ ഈ ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ എന്ത് കർശന നടപടി സ്വീകരിക്കാമോ,​ അത് എത്രയും വേഗം ഉണ്ടാകണം. മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ അവസാനിക്കേണ്ടതല്ല ഉദ്യോഗസ്ഥതല നടപടി. അക്കാര്യത്തിൽ മുഖം നോക്കാത്ത ശിക്ഷ തന്നെ ഉറപ്പാക്കേണ്ടതാണ്.

TAGS: CHAMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.