SignIn
Kerala Kaumudi Online
Wednesday, 07 January 2026 3.01 PM IST

പൊട്ടിപ്പോയ പെട്ടിക്കഥ

Increase Font Size Decrease Font Size Print Page
haris

ഏതു കാര്യവും ഉദ്ദേശ്യശുദ്ധിയോടെ വേണം ചെയ്യാൻ. അതല്ല; ദുരുദ്ദേശ്യത്തോടെയാണ് ചെയ്യുന്നതെങ്കിൽ അത് ചിലപ്പോൾ ഇരട്ടി ശക്തിയിൽ തിരിച്ചടിക്കും. മറ്റുള്ളവരെ വീഴ്‌‌ത്താനായി കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെ വീഴേണ്ടി വരുന്നത് അങ്ങനെയുള്ള സന്ദർഭങ്ങളിലാണ്. മെഡിക്കൽ കോളേജിലെ പരാധീനതകൾ തുറന്നുപറഞ്ഞ ഡോ. ഹാരിസ് ചിറയ്ക്കലിനെ കുരുക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണ് വാർത്താസമ്മേളനത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലും 'പെട്ടിക്കഥ" നിരത്തിയതെന്ന്, മണിക്കൂറുകൾക്കുള്ളിൽ അത് പൊളിഞ്ഞതോടെ തെളിഞ്ഞിരിക്കുകയാണ്. വാർത്താസമ്മേളനത്തിനിടയിൽ വന്ന 'അജ്ഞാതന്റെ" ഫോൺവിളി പ്രശ്നം അതീവ സങ്കീർണമാക്കി മാറ്റുകയും ജനങ്ങൾ സ്വാഭാവികമായും ആരോഗ്യമന്ത്രിയുടെ ഓഫീസിനെ സംശയിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. അത് ഒഴിവാക്കുന്നതിന്റെ ഭാഗമായാകണം താനാണ് ഫോൺ വിളിച്ചതെന്ന് ഡി.എം.ഇ ഡോ. വിശ്വനാഥൻ വെളിപ്പെടുത്തിയിരിക്കുകയാണ്. വിദഗ്ദ്ധ സമിതി റിപ്പോർട്ടിനെത്തുടർന്നാണ് അന്വേഷണമെന്നും ഇക്കാര്യം മാത്രം പറഞ്ഞാൽ മതിയെന്നുമാണ് നിർദ്ദേശിച്ചതെന്നാണ് ഡി.എം.ഇ നൽകുന്ന വിശദീകരണം.

വാർത്താസമ്മേളനത്തിന്റെ ഇടയ്ക്കല്ല ഇതൊക്കെ വിളിച്ച് പറയേണ്ടത്. അതിന് മുമ്പുതന്നെ കൂടിയാലോചിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകണമായിരുന്നു. അതല്ല പത്രസമ്മേളനം നടത്തുന്നവർ അത്രയും നേരത്തേക്കെങ്കിലും ഫോണുകൾ ഓഫാക്കി വയ്ക്കാനുള്ള സാമാന്യബുദ്ധി കാണിക്കണമായിരുന്നു. അങ്ങനെയൊന്നും സംഭവിക്കാത്തതിന് കാരണം ഔദ്യോഗിക വിശദീകരണം നടത്തിയവരുടെ ഉദ്ദേശ്യശുദ്ധിയില്ലായ്മയാലാണ്. സാധാരണ ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട ഒരു ഡോക്ടറെ കുടുക്കി ജനമദ്ധ്യത്തിൽ താറടിച്ച് കാണിക്കുക എന്ന മോശമായ ലക്ഷ്യത്തോടെയാണ് അപസർപ്പക നോവലുകളെ അനുസ്‌മരിപ്പിക്കുന്ന മട്ടിൽ ദുരൂഹമായ 'ബോക്സി"നെക്കുറിച്ചും അത് മുറിയിൽ കൊണ്ടുവച്ചതായി കരുതുന്ന ആളിന്റെ അവ്യക്ത രൂപത്തെക്കുറിച്ചുമൊക്കെ സൂപ്രണ്ടും പ്രിൻസിപ്പലും വിശദീകരിച്ചതെന്ന് മനസിലാക്കാൻ വലിയ ഡിറ്റക്ടീവ് ബുദ്ധിയൊന്നും വേണ്ട. കാര്യങ്ങൾ പൊതുജനമദ്ധ്യത്തിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാവരുമായും മതിയായ ആശയവിനിമയം നടത്തിയിരുന്നെങ്കിൽ സൂപ്രണ്ടിനും പ്രിൻസിപ്പലിനും ഈ 'പാവകളി നാടകം" നടത്തേണ്ടിവരില്ലായിരുന്നു.

ആർക്കും തെറ്റുകൾ സംഭവിക്കാം. അന്വേഷണ സമിതികൾക്ക് പോലും. തെറ്റ് തെറ്റാണെന്ന് സമ്മതിക്കുകയും അത് തിരുത്തുകയും ചെയ്യുന്നതിനുള്ള ആർജ്ജവമാണ് ആരോഗ്യവകുപ്പ് കാണിക്കേണ്ടത്. അതിന് പകരം കാണാതായ ഉപകരണങ്ങളടങ്ങിയ പെട്ടി ഡോ. ഹാരിസിന്റെ മുറിയിൽ നിന്ന് ബില്ലടക്കം കണ്ടെത്തിയെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു തിരക്കിട്ട് നടത്തിയ വാർത്താസമ്മേളനത്തിലെ വെളിപ്പെടുത്തൽ. തകരാറിലായ നെഫ്രോസ്കോപ്പ് അറ്റകുറ്റപ്പണിക്കായി കൊച്ചിയിലേക്ക് അയച്ചിരുന്നെന്നും ഭാരിച്ച ചെലവുള്ളതിനാൽ അറ്റകുറ്റപ്പണി ചെയ്യാതെ കൊറിയറിൽ തിരിച്ചയച്ചതാണെന്നും കണ്ടെത്തിയതോടെയാണ് അധികൃതരുടെ പെട്ടിക്കഥ പൊട്ടിയത്. ഇക്കാര്യം കൊച്ചിയിലെ സ്ഥാപനയുടമ സ്ഥിരീകരിക്കുകയും ചെയ്തു. കാണാതായെന്ന് അധികൃതർ പറഞ്ഞ മോസിലോസ്‌കോപ്പ് ആയിരുന്നില്ല ഇതെന്നും തെളിയുകയുണ്ടായി.

സത്യം പറഞ്ഞ ഡോക്ടറെ ഒറ്റപ്പെടുത്തി വേട്ടയാടാനുള്ള ശ്രമങ്ങളുടെ ഒടുവിലത്തേതായി മാറട്ടെ ഈ പെട്ടിക്കഥ എന്ന് പറയാതിരിക്കാനാവില്ല. ഡെലിവറി ചെലാനിൽ നെഫ്രോസ്കോപ്പ് എന്ന് എഴുതുന്നതിന് പകരം മോസിലോസ്‌കോപ്പ് എന്ന് എഴുതിയത് സർവീസ് എൻജിനിയർക്ക് പറ്റിയ പിഴവാണെന്ന് കൊച്ചിയിലെ സ്ഥാപന ഉടമ വെളിപ്പെടുത്തിയിട്ടുണ്ട്. നെഫ്രോസ്കോപ്പ് നന്നാക്കാൻ സാധിക്കുന്നതല്ല. അതിനാൽത്തന്നെ തിരുവനന്തപുരത്തു നിന്ന് ഉപകരണം കൊച്ചിയിലേക്ക് കൊണ്ടുവന്നിട്ടില്ല. യാഥാർത്ഥ്യം ഇതായിരിക്കെ തന്റെ ഓഫീസിൽ ഒരു രഹസ്യവും ഇല്ലെന്ന ഡോ. ഹാരിസിന്റെ വാക്കുകൾ പൂർണമായും വിശ്വസിക്കാം. ഈ വിവാദം ഇവിടെ അവസാനിപ്പിച്ച് ഡോ. ഹാരിസിന് സ്വന്തം വകുപ്പിൽ തിരിച്ചെത്താനുള്ള സാഹചര്യം ഒരുക്കുന്നതിനാവണം ആരോഗ്യമന്ത്രി മുൻതൂക്കം നൽകേണ്ടത്.

TAGS: HARIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY