
ഇടത് പാർട്ടിയായ ആർ.എസ്.പി ഇന്ന് നിലനിൽപ്പിനായി പൊരുതുമ്പോൾ വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇനി പ്രതീക്ഷ. നിയമസഭയിൽ നിലവിൽ പാർട്ടിക്ക് പ്രാതിനിധ്യം ഇല്ലെങ്കിലും ഒരു കാലത്ത് ആർ.എസ്.പിയുടെ ഈറ്റില്ലമായിരുന്നു കൊല്ലം. കേരളത്തിലെ ഇടത് രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി ബേബിജോണിന്റെയും എൻ. ശ്രീകണ്ഠൻ നായരുടെയും കെ.ബാലകൃഷ്ണന്റെയും കെ.പങ്കജാക്ഷന്റെയും നേതൃത്വത്തിൽ ആർ.എസ്.പി തെക്കൻ കേരളത്തിൽ തഴച്ചു വളർന്ന കാലം. മുൻകാല തിരഞ്ഞെടുപ്പുകളിൽ കൊല്ലം ജില്ലയിൽ നിന്ന് 4 സീറ്റുകളും സംസ്ഥാനത്ത് 9 സീറ്റുകൾ വരെയും നേടിയ ചരിത്രമുണ്ട് പാർട്ടിക്ക്. അന്ന് ജില്ലയിൽ സി.പി.എമ്മിനോളം കരുത്തുണ്ടായിരുന്ന പാർട്ടി, കാലത്തിന്റെ കുത്തൊഴുക്കിൽ പിളർന്ന് പല കഷ്ണങ്ങളായി, 2016 ൽ കൊല്ലം പാർലമെന്റ് സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയുമായി കലഹിച്ച് മുന്നണി വിട്ടതോടെ തുടങ്ങി കഷ്ടകാലവും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ആർ.എസ്.പിക്ക് നിലനിൽപ്പിന്റെ പോരാട്ടമാണ്. കഴിഞ്ഞ തവണ മത്സരിച്ച അഞ്ചു സീറ്റിലും തോറ്റ പാർട്ടിക്ക് നിയമസഭയിൽ പ്രാതിനിധ്യം പോലുമില്ല. കൊല്ലം ജില്ലയിൽ നിന്ന് മൂന്ന് സീറ്റുകൾ നേടുകയെന്നതാണ് ഇക്കുറി ആർ.എസ്.പിയുടെ ലക്ഷ്യം. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രതീക്ഷയാണ് കൊല്ലം ജില്ല.
2021 ൽ യു.ഡി.എഫിനൊപ്പം നിന്ന് ഇരവിപുരം, ചവറ, കുന്നത്തൂർ, ആറ്റിങ്ങൽ, മട്ടന്നൂർ സീറ്റുകളിൽ മത്സരിച്ച പാർട്ടിക്ക് പച്ച തൊടാനായില്ല. പാർട്ടി രൂപീകൃതമായ ശേഷം ഇതാദ്യമായാകാം ഇത്തരമൊരു തിരിച്ചടി നേരിടുന്നത്. പാർട്ടിയുടെ ഏറ്റവും ശക്തികേന്ദ്രമെന്നറിയപ്പെടുന്ന ചവറയിൽ പോലും ഷിബു ബേബിജോൺ പരാജയപ്പെട്ടത് പാർട്ടിക്ക് കനത്ത ആഘാതമായി. എൻ.കെ പ്രേമചന്ദ്രന്റെ വ്യക്തിപ്രഭാവത്തിൽ കൊല്ലം പാർലമെന്റ് സീറ്റ് നിലനിർത്താനായതാണ് ആകെയുള്ള പിടിവള്ളി. ഇനി വരുന്ന തിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ പാർട്ടിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടാം. ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നും ജയവും തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റവുമാണ് പ്രതീക്ഷയേകുന്നത്.
ചവറയിൽ മത്സരിക്കുമെന്ന് ഷിബു
സംസ്ഥാനത്തെ ഇടത് രാഷ്ട്രീയത്തിൽ ഒരുകാലത്ത് 'കേരള കിസിഞ്ചർ' എന്നറിയപ്പെട്ട ആർ.എസ്.പി നേതാവ് ബേബിജോൺ ദീർഘകാലം മത്സരിച്ച് ജയിച്ച് എം.എൽ.എ യും മന്ത്രിയുമൊക്കെ ആയ ചവറയിൽ തന്നെ ഇക്കുറി മത്സരിക്കുമെന്നാണ് മകനായ ഷിബുബേബിജോൺ പറയുന്നത്. കഴിഞ്ഞ തവണ തോറ്റെങ്കിലും മണ്ഡലത്തോട് വൈകാരികമായ അടുപ്പമുള്ളതിനാലാണ് താൻ ചവറയിൽ തന്നെ മത്സരിക്കാൻ തീരുമാനിച്ചതെന്നും ഷിബു പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം സ്വതന്ത്രനായി മത്സരിച്ച ഡോ. സുജിത്ത് വിജയൻ പിള്ളയോട് വെറും 1,096 വോട്ടുകൾക്കാണ് ഷിബു പരാജയപ്പെട്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജയസാദ്ധ്യതയുള്ളതായാണ് വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ ചവറ ജില്ലാപഞ്ചായത്ത് ഡിവിഷനിൽ ആർ.എസ്.പി സ്ഥാനാർത്ഥി വിജയിച്ചതും പ്രതീക്ഷയേകുന്നതാണ്.
മട്ടന്നൂർ, ആറ്റിങ്ങൽ സീറ്റുകൾ വച്ചുമാറാൻ ആർ.എസ്.പി
ജയസാദ്ധ്യത തീരെയില്ലാത്ത മട്ടന്നൂർ, ആറ്റിങ്ങൽ സീറ്റുകൾ ഇക്കുറി വച്ചുമാറാൻ യു.ഡി.എഫ് നേതൃത്വത്തോട് ആർ.എസ്.പി ആവശ്യപ്പെട്ടിരിക്കുകയാണ്. 2021 ൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ കെ.കെ ഷൈലജ വിജയിച്ച മണ്ഡലമായ മട്ടന്നൂരിൽ ഇനിയൊരു സൗഹൃദമത്സരം വേണ്ടെന്നാണ് ആർ.എസ്.പി യുടെ താത്പര്യം. അതുപോലെ സംവരണ മണ്ഡലമായ ആറ്റിങ്ങലും ജയസാദ്ധ്യത തീരെ ഇല്ലാത്തതാണ്. ആറ്റിങ്ങലിന് പകരം തിരുവനന്തപുരം ജില്ലയിലെ വർക്കല, വാമനപുരം, അരുവിക്കര ഇവയിൽ ഏതെങ്കിലും ഒരു സീറ്റ് ആവശ്യപ്പെടാനാണ് പാർട്ടി തീരുമാനം. മട്ടന്നൂരിന് പകരം ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, അമ്പലപ്പുഴ ഇവയിൽ ഏതെങ്കിലും ആവശ്യപ്പെടും. മുമ്പ് ഇവ രണ്ടിടത്തും ആർ.എസ്.പി വിജയിച്ച ചരിത്രമുണ്ട്. യു.ഡി.എഫ് തീരുമാനത്തിന് വിധേയമായാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.
ഇരവിപുരത്ത് സ്ഥാനാർത്ഥിയെ തേടി...
കൊല്ലത്ത് ആർ.എസ്.പിയുടെ കുത്തക മണ്ഡലമായിരുന്ന ഇരവിപുരത്ത് ഇക്കുറി ആരെ സ്ഥാനാർത്ഥി ആക്കണമെന്നതിൽ പാർട്ടിയിൽ ചർച്ചകൾ നടക്കുകയാണ്. രണ്ട് ടേമായി സി.പി.എമ്മിലെ എം നൗഷാദാണ് ഇരവിപുരത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർ.എസ്.പിയിലെ മുതിർന്ന നേതാവായ ബാബുദിവാകരനെ 28,121 വോട്ടിനാണ് എം. നൗഷാദ് പരാജയപ്പെടുത്തിയത്. രണ്ട് ടേം നിബന്ധനയിൽ ഇളവ് നൽകി ഇരവിപുരത്ത് എം.നൗഷാദിന് സി.പി.എം ഇളവ് നൽകുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ എതിരെ മത്സരിപ്പിക്കാൻ കരുത്തനായൊരു സ്ഥാനാർത്ഥിയെ കണ്ടെത്തുകയെന്നതാണ് ആർ.എസ്.പി നേരിടുന്ന പ്രതിസന്ധി. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. കൈപ്പുഴ വി.റാംമോഹൻ, സജി.ഡി. ആനന്ദ്, കൊല്ലം കോർപ്പറേഷൻ കൗൺസിലർ കൂടിയായ എം.എസ് ഗോപകുമാർ എന്നിവരുടെ പേരുകളാണ് പാർട്ടി പരിഗണനയിലുള്ളത്. കുന്നത്തൂരിൽ യുവനേതാവ് ഉല്ലാസ് കോവൂർ തന്നെ ഇത്തവണയും മത്സരിക്കും. ഇവിടെ സിറ്റിംഗ് എം.എൽ.എ ആയ കോവൂർ കുഞ്ഞുമോനെ എൽ.ഡി.എഫ് സ്വതന്ത്രനായി വീണ്ടും മത്സരിപ്പിക്കാനാണ് എൽ.ഡി.എഫ് തീരുമാനം. ഇടതിന്റെ ഉറച്ച കോട്ടയായ കുന്നത്തൂരിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. ആർ.എസ്.പി സ്ഥാനാർത്ഥികൾ പലരും ദയനീയമായാണ് തോറ്റത്. ഇരവിപുരം സീറ്റ് യു.ഡി.എഫ് ഘടക കക്ഷിയായ മുസ്ലിം ലീഗും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ലീഗിന് മത്സരിക്കാൻ നൽകിയത് പുനലൂർ സീറ്റായിരുന്നു. സി.പി.ഐ യിലെ പി.എസ് സുപാലിനോട് 37,057 വോട്ടിനാണ് മുസ്ലിം ലീഗിലെ അബ്ദുൽ റഹ്മാൻ രണ്ടത്താണി അവിടെ പരാജയപ്പെട്ടത്. മുമ്പ് പി.കെ.കെ ബാവ മത്സരിച്ച് ജയിക്കുകയും മന്ത്രിയാകുകയും ചെയ്തത് ഇരവിപുരത്ത് നിന്നാണ്. ലീഗ് ഇക്കുറി ഇരവിപുരം സീറ്റ് ആവശ്യപ്പെടുന്നതും ഇത് ചൂണ്ടിക്കാട്ടിയാണ്. ഈ മാസം 13 ന് തിരുവനന്തപുരത്ത് ചേരുന്ന ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റും 14 ന് ചേരുന്ന സംസ്ഥാന കമ്മിറ്റിയും സ്ഥാനാർത്ഥികളെയും മത്സരിക്കേണ്ട സീറ്റുകളെയും സംബന്ധിച്ച് ചർച്ച ചെയ്യും. പഴയ പ്രതാപത്തിലേക്കെത്താനുള്ള രാഷ്ട്രീയ സാഹചര്യമോ അണികളോ ഇന്ന് ആർ.എസ്.പിക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ മറ്റു ഘടകകക്ഷികൾ നേടിയ വിജയം നേടാൻ ആർ.എസ്.പിക്ക് കഴിഞ്ഞതുമില്ല. കൊല്ലം കോർപ്പറേഷനിൽ കാൽ നൂറ്റാണ്ടായുള്ള എൽ.ഡി.എഫ് ഭരണം അട്ടിമറിച്ച് യു.ഡി.എഫ് അധികാരം പിടിച്ചെങ്കിലും മൂന്ന് സീറ്റുകൾ മാത്രമാണ് ആർ.എസ്.പിക്ക് ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച മുന്നേറ്റം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചാൽ സംസ്ഥാനത്ത് യു.ഡി.എഫിന് അധികാരത്തിലെത്താനാകും. 100 സീറ്റിലധികം നേടി അധികാരത്തിലെത്തുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വയനാട്ടിൽ നടന്ന കെ.പി.സി.സി നേതൃയോഗത്തിനു ശേഷം അവകാശപ്പെട്ടത്. ആർ.എസ്.പിക്കും പ്രതീക്ഷ പകരുന്നത് ഈ സാഹചര്യമാണ്. കൊല്ലത്ത് മത്സരിക്കുന്ന മൂന്ന് സീറ്റിലും വിജയിച്ചില്ലെങ്കിൽ ആർ.എസ്.പിയുടെനില തീർത്തും പരുങ്ങലിലാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |