പരസ്പരം കലരാൻ പാടില്ലാത്തതാണ് ദുരന്തവും രാഷ്ട്രീയവും. സഹനത്തിന് രാഷ്ട്രീയമില്ല. അതുപോലെ, സഹായത്തിലും രാഷ്ട്രീയമുണ്ടാകാൻ പാടില്ലാത്തതാണ്. നിർഭാഗ്യവശാൽ, അഹിതമായ ഇത്തരം കൂടിച്ചേരലുകൾ നമ്മൾ നിത്യവും കണ്ടുകൊണ്ടിരിക്കുന്നു. ഭരണരാഷ്ട്രീയത്തിലെ നിറഭേദം പരിഗണിക്കാതെ പൊതുവെ, കേരളത്തോട് അനുഭാവപൂർവകമാണ് കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാരിന്റെ സമീപനമെന്നു പറയാം. എന്തുകൊണ്ടോ, കേരളം കണ്ട ഏറ്റവും വലിയ ദുരന്തമുഖങ്ങളിലൊന്നായ വയനാട് ഉരുൾപൊട്ടലിനുള്ള ദുരിതാശ്വാസ ധനസഹായത്തിന്റെ കാര്യം വരുമ്പോൾ കേന്ദ്ര നിലപാട് നിഷേധാത്മകമാകുന്നതാണ് അനുഭവം.
ദുരിതാശ്വാസത്തിന് ചെലവഴിച്ച ഇനത്തിലും പുനരധിവാസ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനുള്ള വകയിലും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത് 2221 കോടി രൂപയാണ്. അതിതീവ്ര സ്വഭാവമുള്ള ദുരന്തമായി പരിഗണിച്ചു വേണം സഹായം അനുവദിക്കാനെന്ന ആവർത്തിച്ചുള്ള അപേക്ഷയോടും കേന്ദ്രം കനിവു കാണിച്ചില്ല. കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര ഉന്നതതല സമിതി കൂട്ടിക്കിഴിച്ചും പിന്നെയും കിഴിച്ചും കേരളത്തിന് അനുവദിച്ചത് വെറും 260.56 കോടി രൂപയാണ്; അതും, ഒരുവർഷത്തിലധികം കഴിഞ്ഞ്! വയനാട് ദുരന്തത്തിനും രണ്ടുവർഷം മുമ്പ് അസമിലുണ്ടായ പ്രളയത്തിന്റെ പേരിൽ അവർക്ക് അനുവദിച്ചത് 1270.78 കോടി രൂപയാണ് എന്നറിയുമ്പോഴാണ് കേരളത്തോടുള്ള വിവേചനത്തിന്റെ ചിത്രം വ്യക്തമാവുക. ദുരിതാശ്വാസ സഹായം നല്കുന്നതിൽപ്പോലും കേന്ദ്ര സർക്കാർ രാഷ്ട്രീയം കലർത്തുന്നുവെന്ന് വിമർശനവും ആക്ഷേപവും ഉന്നയിക്കുന്നരെ കുറ്റം പറയാനാവുമോ?
കേന്ദ്ര ദുരന്ത പ്രതികരണ നിധിയിലേക്ക് ഈ വർഷം കിട്ടിയ 153 കോടിയും, സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് മുൻവർഷം അനുവദിച്ച 291 കോടിയും ചേർത്ത് ആകെ 444 കോടി രൂപയാണ്
വയനാട് ദുരന്തത്തിനു ശേഷം കഴിഞ്ഞ ദിവസംവരെ സംസ്ഥാനത്തിനു ലഭിച്ചത്. ആ തുകയാകട്ടെ, വയനാട് ദുരിതാശ്വാസത്തിനുള്ള വകയിലല്ല താനും. ഇപ്പോൾ കനിഞ്ഞുകിട്ടിയ 260 കോടി രൂപ കൂടി ചേർത്താലും മൊത്തം തുക 704 കോടിയേ വരൂ! അതേസമയം, പ്രതിവർഷ സഹായമായി നല്കിയ തുകയുടെ വിനിയോഗം സംബന്ധിച്ച കൃത്യമായ കണക്കുകൾ സംസ്ഥാനം കേന്ദ്രത്തിന് നല്കിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. അത്തരം പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അടിയന്തരമായി പരിഹരിച്ച്, കൃത്യമായ കണക്ക് സമർപ്പിക്കുകയും, ഇപ്പോൾ അനുവദിച്ച തുക തുലോം പരിമിതമാണെന്ന് കണക്കുകളും പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങളും സഹിതം സമർത്ഥിക്കുകയും വേണം.
എന്തായാലും അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളിൽ ഉൾപ്പെടെ കേരളത്തിന് മതിയായ പരിഗണന നല്കുകയും, സംസ്ഥാന പദ്ധതികളോട് അനുഭാവപൂർണമായ സമീപനം പുലർത്തുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ പ്രളയദുരന്ത സഹായത്തിന്റെ പേരിൽ രാഷ്ട്രീയപ്പഴി കേൾക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ശുഭകരമല്ല. ദുരന്തം സംഭവിച്ചത് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി എം.പി ആയ വയനാട് മണ്ഡലത്തിലാണ് എന്നതോ, കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ് എന്നതോ, സംസ്ഥാന നിയമസഭയിൽ പേരിനുപോലും ഒരു ബി.ജെ.പി അംഗം ഇല്ലെന്നതോ ഒന്നും ഇത്തരം സാഹചര്യങ്ങളിൽ വിഷയമാകാൻ പാടില്ലാത്തതാണ്. അത്തരമൊരു തെറ്റിദ്ധാരണ പൊതുസമൂഹത്തിൽ പടരുന്നത് സ്വാഭാവികമാണു താനും. ആ തെറ്ര് തിരുത്തുവാനുള്ള അവസരമായിക്കൂടി വേണം കേന്ദ്ര സർക്കാർ ഇതിനെ കാണാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |