
മേപ്പാടി (വയനാട്): സോൺ ഒന്ന്, ഹൗസ് നമ്പർ 104. നറുക്കെടുത്ത പേപ്പർ ചൂരൽമല സ്വദേശി പുഞ്ചിലി അഷറഫ് നെഞ്ചോട് ചേർത്തു. ഒരായുസിന്റെ സമ്പാദ്യമായ ഇരുനില വീടും വ്യാപാര സ്ഥാപനവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയതിന്റെ നടുക്കുന്ന ഓർമ്മകളിൽ നിന്ന് ആശ്വാസതീരത്തേക്ക് അണയുന്നതിന്റെ ആദ്യപടി. വയനാട് ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ നിർമ്മിച്ച ടൗൺഷിപ്പിലെ വീടുകൾക്കായി ആദ്യ നറുക്കെടുത്തത് അഷറഫ് ആയിരുന്നു.
ആദ്യഘട്ടത്തിൽ നൽകുന്ന 178 വീടുകൾക്കു വേണ്ടിയായിരുന്നു നറുക്കെടുപ്പ്. ചൂരൽമലയിലെ ഏറ്റവും വലിയ വ്യാപാര സ്ഥാപനമായിരുന്ന അഷറഫിന്റെ 'ഫേമസ് സ്റ്റോർ' എന്ന സൂപ്പർ മാർക്കറ്റും പുതിയ വില്ലേജ് റോഡിലെ ഇരുനില വീടും ഉരുൾപൊട്ടലിൽ തകർന്നു. അഷറഫും ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം രക്ഷപ്പെട്ടു. ഒന്നരവർഷമായി വാടകവീട്ടിലാണ് താമസം. പതിനായിരം രൂപയാണ് വാടക. ആറായിരംരൂപ സർക്കാർ നൽകും. ബാക്കി കണ്ടെത്തണം. സർക്കാർ കൽപ്പറ്റ ടൗണിന് അടുത്തുതന്നെ വീട് അനുവദിച്ചത് വലിയ കാര്യമാണെന്ന് അഷറഫ് പറഞ്ഞു.
വയനാട്:178
വീടുകൾക്കായി
നറുക്കെടുപ്പ്
മേപ്പാടി (വയനാട്): മുണ്ടക്കൈ- ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ നൽകുന്ന 178 വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗുണഭോക്താക്കൾ തന്നെയായിരുന്നു നറുക്കെടുത്തത്.
സോൺ, ക്ലസ്റ്റർ, പ്ലോട്ട് നമ്പർ എന്നിങ്ങനെ രേഖപ്പെടുത്തിയ പേപ്പറുകൾ ഒരു ബോക്സിൽ നിക്ഷേപിച്ചായിരുന്നു നറുക്കെടുപ്പ്. നറുക്കിൽ ലഭിച്ച വീടുകളാണ് അതത് ഗുണഭോക്താക്കൾക്ക് നൽകുക. ആദ്യഘട്ടത്തിൽ കൈമാറിയ വീടുകളുടെയും ഏഴ് സെന്റ് സ്ഥലത്തിന്റെയും പട്ടയം അനുവദിച്ച ഉത്തരവ് ഗുണഭോക്താക്കൾക്ക് കൈമാറി. വൈദ്യുതി, കുടിവെള്ളം, റേഷൻ കാർഡ്, വീടിന്റെ ഉടമസ്ഥാവകാശ രേഖകൾ എന്നിവ നൽകുന്നതിനുള്ള നടപടികൾക്കായി പ്രത്യേക കൗണ്ടറും ചടങ്ങിൽ സജ്ജീകരിച്ചിരുന്നു. വൈദ്യുതി, കുടിവെള്ള കണക്ഷനുകളുടെ മൂന്നു മാസത്തെ തുക സർക്കാർ അടയ്ക്കും. അതിനുശേഷം കണക്ഷനുകൾ ഗുണഭോക്താക്കളുടെ പേരിലേക്ക് മാറ്റി നൽകും. അതിനുള്ള സാക്ഷ്യപത്രവും കൈമാറി.
'ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട തന്നെയും കുടുംബത്തെയും സർക്കാർ ചേർത്തുനിറുത്തി. ഈ കരുതലിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. നറുക്കെടുപ്പിൽ വീട് ലഭിച്ചപ്പോൾ സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാതെ നിന്നുപോയി
- അഷറഫ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |