ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ ആർക്കും അവകാശം നിഷേധിച്ചിട്ടില്ല. എന്നാൽ ചില സന്ദർഭങ്ങളിൽ പ്രതിഷേധം അക്രമങ്ങളിലേക്ക് വഴുതിവീഴാറുണ്ട്. ഇതിൽ നിന്ന് ഒരു രാഷ്ട്രീയ കക്ഷിയെയും മാറ്റിനിറുത്താനാകില്ല. ഏതു സംസ്ഥാനത്തും ഇപ്പോൾ ഭരണപക്ഷത്തിരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും അക്രമ സമരങ്ങൾ നടത്തിയിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധങ്ങൾക്കുപരി അക്രമ സമരങ്ങളാണ് മാദ്ധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധയാകർഷിക്കുന്നത് എന്നതിനാലാണ് ഒരു വലിയ അളവുവരെ സമരങ്ങൾ അക്രമങ്ങളിലേക്ക് തിരിയുന്നത്. മാത്രമല്ല, സമാധാനപരമായി പ്രതിഷേധിച്ചാൽ ആരും ശ്രദ്ധിക്കാനും പ്രശ്നം പരിഹരിക്കാനും പോകുന്നില്ല എന്നൊരു ബോധം പൊതുവെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഇതിന് ഒരു വലിയ പരിധിവരെ കാരണക്കാർ ഇവിടെ അക്രമസമരങ്ങൾ നടത്തിയിട്ടുള്ള രാഷ്ട്രീയ കക്ഷികൾ തന്നെയാണ്.
ചില ഒറ്റപ്പെട്ട വ്യക്തികളും പ്രതിഷേധത്തിന് അപൂർവമായി അക്രമമാർഗം തിരഞ്ഞെടുക്കാറുണ്ട്. ഇത് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. വിമർശിക്കുമ്പോൾ പോലും അതിരുവിട്ട വാക്കുകൾ ഉപയോഗിക്കുന്നത് മാന്യതയുടെയും സഭ്യതയുടെയും ലംഘനമാണ്. എല്ലാവരും ഇത്തരം അതിരുകൾ ലംഘിക്കാൻ തുടങ്ങിയാൽ സമൂഹത്തിന്റെ സമാധാനജീവിതം മരീചികയാകും. ആ അർത്ഥത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കു നേരെ ഷൂ വലിച്ചെറിയാൻ ഒരു അഭിഭാഷകൻ നടത്തിയ ശ്രമം ഹീനവും നിന്ദ്യവും രാജ്യത്തിന് കളങ്കം സൃഷ്ടിക്കാൻ ഇടയാക്കുന്നതുമാണ്. 'സനാതന ധർമ്മത്തെ അപമാനിക്കുന്നത് ഹിന്ദുസ്ഥാൻ സഹിക്കില്ല" എന്ന് ആക്രോശിച്ചുകൊണ്ടാണ് മുതിർന്ന അഭിഭാഷകൻ ഷൂ എറിയാനുള്ള നീക്കം നടത്തിയത്. ഇത് അടുത്തുണ്ടായിരുന്നവർ തടസപ്പെടുത്തിയപ്പോൾ കൈയിലുണ്ടായിരുന്ന കേസുകെട്ടിന്റെ കടലാസുകൾ വലിച്ചെറിയുകയാണ് അയാൾ ചെയ്തത്.
രാവിലെ 11.30ന് ചീഫ് ജസ്റ്റിസും മലയാളി ജഡ്‌ജി കെ. വിനോദ്‌ചന്ദ്രനും ഉൾപ്പെട്ട ബെഞ്ച് സിറ്റിംഗ് ആരംഭിച്ചതിനു തൊട്ടു പിന്നാലെയാണ് സംഭവം. സുരക്ഷാ ജീവനക്കാർ അഭിഭാഷകനെ പിടികൂടിയപ്പോൾ ജസ്റ്റിസ് വിനോദ് ചന്ദ്രനോട് മാപ്പ് ചോദിക്കുന്നെന്നും ജസ്റ്റിസ് ഗവായിയെയാണ് ലക്ഷ്യമിട്ടതെന്ന് അയാൾ വിളിച്ചുപറയുകയും ചെയ്തു. എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ലെന്നും ശ്രദ്ധ തിരിക്കാനാവില്ലെന്നും പറഞ്ഞ് കോടതി നടപടികൾ തുടരുകയാണ് ചീഫ് ജസ്‌റ്റിസ് ചെയ്തത്. കേസെടുക്കാവുന്ന വിഷയമായിട്ടും ചീഫ് ജസ്റ്റിസ് ക്ഷമിച്ചത് മാതൃകാപരമായി. ഒറ്റപ്പെട്ട ഈ അഭിഭാഷകന്റെ പ്രവൃത്തി അഭിഭാഷക സമൂഹത്തിനാകെ കളങ്കം വരുത്തുന്നതായി. ഇത് പരിഗണിച്ച് ബാർ കൗൺസിൽ ഒഫ് ഇന്ത്യ ഈ അഭിഭാഷകനെ സസ്‌പെൻഡ് ചെയ്തതും ഇത്തരം നടപടികൾ മേലിൽ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലായി മാറിയെന്നു പറയണം.
മതപരമായ വിഷയങ്ങളിൽ ഭരണഘടനാപരമായ ഉന്നത പദവികൾ വഹിക്കുന്നവർ പറയുന്ന ഓരോ വാക്കിനും സമൂഹം അവർ ഉദ്ദേശിക്കുന്നതിനേക്കാൾ വലിയ അർത്ഥമാവും പലപ്പോഴും കല്പിക്കുക. അതിനാൽ ഇത്തരം വിഷയങ്ങളിൽ പ്രകോപനപരവും വിവാദമുണ്ടാക്കുന്നതുമായ പരാമർശങ്ങൾ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ ഒഴിവാക്കുന്നതാണ് ഉചിതം. അതുപോലെ തന്നെ, ഷൂസ് എറിഞ്ഞ് സംരക്ഷിക്കപ്പെടേണ്ട ഒന്നല്ല സനാതന ധർമ്മം. ആ ധർമ്മത്തിന്റെ കണികപോലും ഇല്ലാത്തവരാണ് ഇത്തരം പ്രവൃത്തികളിലൂടെ സനാതന ധർമ്മത്തിന്റെ സ്വയം പ്രഖ്യാപിത കാവൽക്കാരായി മാറാൻ ശ്രമിക്കുന്നത്. ആരെങ്കിലും വിമർശിച്ചതുകൊണ്ടോ പ്രകീർത്തിച്ചതുകൊണ്ടോ ഏതെങ്കിലും തരത്തിൽ മാറ്റം സംഭവിക്കുന്ന ഒന്നല്ല സനാതന ധർമ്മം. മാനാഭിമാനങ്ങൾക്ക് അപ്പുറമുള്ള യഥാർത്ഥ ആത്മസത്തയാണ് സനാതന ധർമ്മത്തിന്റെ അകം പൊരുളായി വർത്തിക്കുന്നത്. പിന്നെ, രാഷ്ട്രീയക്കാർ അതിനെ വിമർശിക്കുന്നതും പ്രകീർത്തിക്കുന്നതുമൊക്കെ താത്‌കാലിക ലാഭങ്ങൾക്കു വേണ്ടി മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |