
തിരുവനന്തപുരം നഗരത്തിന്റെ ഭാവി വികസനത്തിന് ഗതിവേഗം പകരുന്ന മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്. പഴയ കാലത്തൊക്കെ ഒരു വൻ പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ തന്നെ അത് പൂർത്തിയാകാൻ വർഷങ്ങൾ വേണ്ടിവരുമായിരുന്നു. ആധുനിക സാങ്കേതികവിദ്യയും നിർമ്മാണ രീതികളും അത്യധികം പുരോഗമിച്ച ഇക്കാലത്ത് ഏതൊരു വമ്പൻ പദ്ധതിയും വിരലിലെണ്ണാവുന്ന വർഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കാനാവും. മെട്രോ പദ്ധതിക്ക് ആവശ്യമായ കേന്ദ്രാനുമതികൾ കൂടി ലഭ്യമാകുന്ന മുറയ്ക്ക് അധികം വൈകാതെ തന്നെ ഈ പദ്ധതി തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കാം. നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മുൻപന്തിയിലേക്ക് വരുന്ന നഗരമായി തിരുവനന്തപുരത്തെ മാറ്റിത്തീർക്കുന്നതുമാകും ഈ പദ്ധതി.
പാപ്പനംകോടു നിന്ന് ആരംഭിച്ച് ഈഞ്ചയ്ക്കലിൽ അവസാനിക്കുന്നതാണ് ആദ്യഘട്ടം. 31 കിലോമീറ്റർ ദൂരപരിധിയിൽ 27 സ്റ്റേഷനുകളുണ്ടാകും. വിമാനത്താവളവും റെയിൽവേ സ്റ്റേഷനും കൂടി ഉൾപ്പെടുത്തിയാവണം അലൈൻമെന്റെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഇത് പരിഗണിച്ച് വിമാനത്താവളത്തിനും കൊച്ചുവേളി റെയിൽവേ സ്റ്റേഷനും സമീപത്തുകൂടിയാണ് അലൈൻമെന്റ് നിശ്ചയിച്ചത്. നിലവിൽ തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ എത്തിച്ചേരാനായി സഞ്ചരിക്കുന്ന പ്രധാന കേന്ദ്രങ്ങളെല്ലാം അലൈൻമെന്റിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നത് ആശ്വാസകരമാണ്.
ഇത് ലാഭകരമാകുമോ ഇല്ലയോ എന്നതിനല്ല ആദ്യ പരിഗണന നൽകേണ്ടത്. തുടക്കത്തിൽ ഡൽഹി മെട്രോ പോലും നഷ്ടത്തിലാണ് ഓടിയത്. ഇന്നത് ലാഭകരമായി എന്നത് മാത്രമല്ല ഡൽഹിയുടെ ഗതാഗതത്തിന്റെ ജീവനാഡിയായി മാറിയിരിക്കുന്നു. നഗരത്തിന്റെ വാഹന ഗതാഗതത്തിന്റെ പെരുപ്പം മൂലമുണ്ടാകുന്ന മലിനീകരണവും റോഡിലെ നാലുചക്ര വാഹനങ്ങളുടെ തിരക്കും ഒഴിവാക്കാൻ മെട്രോ റെയിൽ സംവിധാനത്തിന് കഴിയുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. ടെക്‌നോപാർക്കിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്ന വാഹനങ്ങളുടെ എണ്ണം പകുതിയെങ്കിലും കുറയ്ക്കാനായാൽ അത് നഗരത്തിന് നൽകുന്ന ആശ്വാസം ചെറുതാകില്ല.
തലസ്ഥാനത്ത് മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് അനുമതിയാകുന്നത് നിരവധി അനിശ്ചിതത്വങ്ങളും കടമ്പകളും കടന്നതിനുശേഷമാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച പദ്ധതിയുടെ അലൈൻമെന്റിൽ പോലും അന്തിമ തീരുമാനമായത് 11 വർഷത്തിനു ശേഷമാണ്. മോണോ റെയിൽ പദ്ധതിയായിരുന്നു ആദ്യം വിഭാവനം ചെയ്തത്. പിന്നീടത് ലൈറ്റ് മെട്രോയായി. ഒടുവിലാണ് മെട്രോ റെയിലിൽ എത്തിയത്. തിരുവനന്തപുരം പോലെ തിരക്കേറിയ നഗരത്തിൽ ഒരേസമയം കൂടുതൽ യാത്രക്കാരെ വഹിക്കാൻ കഴിയുന്ന മെട്രോ റെയിൽ തന്നെയാണ് ഏറ്റവും അഭികാമ്യം. ലൈറ്റ് മെട്രോയിൽ പരമാവധി 15,000 യാത്രക്കാരെ ഉൾക്കൊള്ളാനേ കഴിയൂ. എന്നാൽ മെട്രോ റെയിലിൽ മണിക്കൂറിൽ 40,000 യാത്രക്കാരെ വരെ കൊണ്ടുപോകാം. വേഗത്തിലും മെട്രോ റെയിലാണ് മുന്നിൽ. നഗരത്തിന്റെ ഭാവി വളർച്ചയും മറ്റും കണക്കിലെടുക്കുമ്പോൾ എന്തുകൊണ്ടും മെട്രോ റെയിൽ തന്നെയാണ് നല്ലത്.
ഭാവിയിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ഉപനഗരങ്ങളെല്ലാം മെട്രോയുടെ പാളങ്ങൾ കടന്നുപോകുന്നവയായി മാറില്ലെന്ന് പറയാനാവില്ല. തിരുവനന്തപുരത്ത് മെട്രോ വരുമ്പോൾ ആദ്യം പരിഹരിക്കപ്പെടുന്നത് യാത്രക്കാർ ഇപ്പോൾ തിരക്കിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടും സമയനഷ്ടവുമാകും. പാപ്പനംകോട് നിന്ന് രണ്ട് ബസ് കയറി കഴക്കൂട്ടത്തെത്താൻ നല്ല തിരക്കുള്ള സമയത്ത് കുറഞ്ഞത് ഒന്നര മണിക്കൂറോളം വേണ്ടിവരും. ഈ സമയം പത്തും പതിനഞ്ചും മിനിട്ടായാവും കുറയുക. ട്രാഫിക്കിൽ കുരുങ്ങി ട്രെയിനും വിമാനവും നഷ്ടപ്പെടുന്ന സാഹചര്യവും പൂർണമായി ഇല്ലാതാകും. നഗരത്തിലെ ചെറുപ്പക്കാർക്ക് ഒട്ടേറെ പുതിയ തൊഴിലവസരങ്ങളും മെട്രോ പ്രദാനം ചെയ്യുന്നതായിരിക്കും. 8000 കോടി ചെലവിൽ 2029-ൽ തിരുവനന്തപുരത്ത് മെട്രോ റെയിൽ യാഥാർത്ഥ്യമാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |