SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.33 PM IST

കൊച്ചി മെട്രോ വേറെ ലെവലാകും; ഇനി മുതൽ ഈ റൂട്ടിലേക്കും, വരുന്നത് വമ്പൻ മാറ്റങ്ങളോടെ

Increase Font Size Decrease Font Size Print Page
kochi-metro

കൊച്ചി: നഗരത്തിന്റെ വികസനക്കുതിപ്പിന് പുതിയ വേഗത പകരുന്ന കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ വിശദമായ പദ്ധതി രേഖ (ഡിപിആർ) ഏപ്രിലിൽ പൂർത്തിയാകും. ആലുവ- വിമാനത്താവളം- അങ്കമാലി റൂട്ടിലാണ് മൂന്നാംഘട്ട പദ്ധതി. ഇതിന്റെ ഭാഗമായുള്ള പ്രാരംഭഘട്ട മാർക്കിംഗ് നടപടികൾ കഴിഞ്ഞ നവംബറോടെ അങ്കമാലിയിൽ ആരംഭിച്ചിരുന്നു. നിലവിൽ നാല് അലൈൻമെന്റുകളാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പരിഗണനയിലുള്ളത്.

ആലുവയിൽ നിന്ന് കരിയാട് വരെ റോഡിന് മുകളിലൂടെയും വിമാനത്താവള മേഖലയിൽ ഭൂമിക്കടിയിലൂടെയും തുടർന്ന് അങ്കമാലി കരയാംപറമ്പ് വരെ വീണ്ടും റോഡിന് മുകളിലൂടെയുമാണ് പാത കടന്നുപോകുക. കരയാംപറമ്പിലെത്തിയാണ് അവസാനിക്കുന്നത്. എയർപോർട്ടിനുശേഷം വീണ്ടും റോഡിന് മുകളിലൂടെയാകും മെട്രോ കടന്നുപോകുക.

ദേശീയപാതയിലൂടെ വിമാനത്താവളം തൊടാതെ കടന്നുപോകുന്നതാണ് മറ്റൊരു അലൈൻമെന്റ്. ഇപ്പോഴത്തെ മെട്രോ റൂട്ടിലുള്ളത് പോലെ ഇത് പൂർണമായും റോഡിന് മുകളിലൂടെയാണെങ്കിലും വിമാനത്താവളം ഒഴിവാക്കിയുള്ള നിർദേശമായതിനാൽ ഇതിനു സ്വീകാര്യത ലഭിക്കാൻ സാദ്ധ്യതയില്ല. ആലുവ മുതൽ എയർപോർട്ട് വഴി അങ്കമാലി വരെ പൂർണമായും റോഡിന് മുകളിലൂടെയുള്ള അലൈൻമെന്റാണ് മറ്റൊരു നിർദേശം. അതേ റൂട്ടിൽ തന്നെ പൂർണമായും ഭൂഗർഭപാതയ്ക്കും നിർദേശം നൽകിയിട്ടുണ്ട്.

ഏകദേശം 18 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ പതിനഞ്ചുസ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി, കരിയാട്. എയർപ്പോർട്ട് റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, നായത്തോട്, കവരപ്പറമ്പ്. അരീക്കൽ ജംഗ്ഷൻ എൽഎഫ് ഹോസ്പിറ്റൽ, അങ്കമാലി ടൗൺ, കോതകുളങ്ങര, കരയാംപറമ്പ്.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ എറണാകുളം ജില്ലയുടെ വടക്കൻ മേഖലയിലും കിഴക്കൻ മേഖലയിലുമുള്ള ആയിരക്കണക്കിന് യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകും. നിലവിൽ കെഎസ്ആർടിസി, സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവർക്ക് മെട്രോ വലിയ ആശ്വാസമാകും. 2031ഓടെ ഈ റൂട്ടിൽ പ്രതിദിനം 1.12 ലക്ഷം യാത്രക്കാർ ഉണ്ടാകുമെന്നാണ് ഗതാഗത പഠനങ്ങൾ സൂചിപ്പിക്കുന്നത്.

അങ്കമാലി പാതയ്ക്കായി മുൻപ് നടത്തിയ ഗതാഗത പഠന റിപ്പോർട്ട് പ്രകാരം ആലുവ മുതൽ കോതകുളങ്ങര വരെ 11 സ്റ്റേഷനുകളായിരുന്നു വിഭാവനം ചെയ്തിരുന്നത്. അന്ന് ഏകദേശം 3115 കോടി രൂപ നിർമ്മാണച്ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതിയാണ് ഇപ്പോൾ പുതിയ അലൈൻമെന്റുകളോടെ വിപുലമായ മൂന്നാം ഘട്ടമായി വികസിപ്പിക്കുന്നത്.

പാത പൂർണമായും ഭൂമിക്കടിയിലൂടെയാണെങ്കിൽ നിർമ്മാണച്ചെലവ് കുത്തനെ ഉയരും. ഏകദേശം 8000 കോടി രൂപയ്ക്ക് മുകളിലാണ് നിലവിലെ പ്രതീക്ഷിക്കുന്ന ചെലവ്. എന്നാൽ അലൈന്റ്മെന്റിൽ മാറ്റം ഉണ്ടാകുന്നതിനനസുരിച്ച് ചിലവും കുറയും. ഹരിയാന ആസ്ഥാനമായുള്ള കമ്പനിയാണ് ഡിപിആർ തയ്യാറാക്കുന്ന നടപടികൾ ഏകോപിപ്പിക്കുന്നത്.

TAGS: METRO, ANGAMALI, ROUTE, KOCHIMETRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY