
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിച്ചതോടെ സംസ്ഥാനം വീണ്ടുമൊരു തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് മാറി. സീറ്റ് വിഭജനം സംബന്ധിച്ച് മുന്നണികൾക്കിടയിലെ തർക്കങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ലെങ്കിലും അന്തിമ ഘട്ടത്തോട് അടുക്കുകയാണ്. രാഷ്ട്രീയത്തിന്റെ വീറും വാശിയുമൊക്കെ ഉണ്ടാകുമെങ്കിലും പൊതുവെ സ്ഥാനാർത്ഥികളുടെ വ്യക്തിത്വവും ബന്ധങ്ങളുമൊക്കെ നിർണാകയ സ്വാധീനം ചെലുത്തുന്ന തിരഞ്ഞെടുപ്പു കൂടിയാണിത്. ജനങ്ങൾക്കൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിക്കേണ്ടവരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ രാഷ്ട്രീയകക്ഷി വ്യത്യാസമൊക്കെ മറന്ന് ഒന്നായി നിന്നു പ്രവർത്തിക്കേണ്ടവർ. ആ നിലയ്‌ക്ക് തികഞ്ഞ സംയമനത്തോടെ വേണം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ. യാതൊരു കാരണവശാലും വിദ്വേഷ പ്രചാരണങ്ങൾ ഉണ്ടാകാനിടവരുത്തരുത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തിരഞ്ഞെടുപ്പിൽ പാലിക്കേണ്ട മാതൃകാ പെരുമാറ്റ സംഹിത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയിട്ടുണ്ട്. വിവിധ ജാതികളും സമുദായങ്ങളും തമ്മിൽ മതപരമോ ജാതിപരമോ ആയ ഭിന്നതകൾക്കു ആക്കം കൂട്ടുന്നതോ പരസ്‌പര വിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവർത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ ഏർപ്പെടാൻ പാടില്ലെന്ന് അതിൽ അടിവരയിട്ടു പറയുന്നുണ്ട്. വ്യക്തിയുടെ സ്വകാര്യതയിലേക്കു കടന്നുകയറരുതെന്നും വീടുകൾക്കു മുന്നിൽപ്പോയി പ്രതിഷേധിക്കരുതെന്നും പറയുന്നുണ്ട്. ഒരു വീടിന്റെ ചുമരിൽ സ്ഥാനാർത്ഥിയുടെ പ്രചാരണ വിവരങ്ങൾ എഴുതും മുമ്പ് ആ വീട്ടുടമയുടെ അനുവാദം വാങ്ങിയിരിക്കണം.
തിരഞ്ഞെടുപ്പിന് മുമ്പ് ഓരോ സ്ഥാനാർത്ഥികളും വീരവാഗ്ദാനങ്ങളും അവകാശവാദങ്ങളുമൊക്കെ നിരത്താറുണ്ട്. എന്നാൽ ജനങ്ങൾ നോക്കുന്നത് തങ്ങളുടെ പ്രദേശത്തെ വികസന പ്രവർത്തനങ്ങളിലും ദൈനംദിന ആവശ്യങ്ങളിലും എത്രമാത്രം ഇടപെടാൻ സ്ഥാനാർത്ഥിക്കു കഴിയുമെന്നായിരിക്കും. അത് റോഡിന്റെ കാര്യത്തിലായാലും കുടിവെള്ളത്തിന്റെ കാര്യത്തിലായാലും തങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങൾക്കാണ് ജനം മുൻഗണന നൽകുക. ആരോപണ പ്രത്യാരോപണങ്ങളേക്കാൾ നിത്യജീവിതത്തിൽ എന്തെല്ലാം പ്രയോജനം ചെയ്യുന്നുവെന്ന് അവർ ചിന്തിക്കും. സ്വാഭാവികമായും പഴഞ്ചൻ രീതികൾ കാലഹരണപ്പെട്ടു കഴിഞ്ഞുവെന്ന് രാഷ്ട്രീയ പാർട്ടികൾ മനസിലാക്കേണ്ടിയിരിക്കുന്നു. ഈ തിരഞ്ഞെടുപ്പിന്റെ ഒരു സവിശേഷത ഹരിത പ്രോട്ടോക്കോൾ പാലിക്കുമെന്നതാണ്. തിരഞ്ഞെടുപ്പ് നടത്തിപ്പിനും പ്രചരണത്തിനും ഹരിത പെരുമാറ്റ ചട്ടം അനുസരിച്ച് പരിസ്ഥിതി സൗഹൃദ വസ്തുക്കളും പുനഃചക്രമണം ചെയ്യുന്ന വസ്തുക്കളും മാത്രമെ ഉപയോഗിക്കാൻ പാടുള്ളു. അതുപോലെ, ഉച്ചഭാഷിണി ഉപയോഗത്തിനും നിയന്ത്രണമുണ്ട്. രാത്രി പത്തു മുതൽ രാവിലെ ആറുവരെ ഉച്ചഭാഷിണിയുടെ ഉപയോഗം അനുവദിക്കുകയില്ല.
കൊവിഡ് കാലത്ത് ഏർപ്പെടുത്തിയതുപോലെ രോഗബാധിതർക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള അവസരം ഇക്കുറി ഉണ്ടാവുകയില്ല. പോളിംഗ് ബൂത്തിലെത്തിത്തന്നെ സമ്മതിദാനാവകാശം നിർവഹിക്കണം. അതേസമയം ബൂത്തിലെത്തുന്നവർക്ക് ഹൈക്കോടതി നിർദ്ദേശിച്ചപ്രകാരം നീണ്ട ക്യൂ നിൽക്കാതെ ഇരിപ്പിട സൗകര്യം ഒരുക്കുന്നുണ്ട്. വോട്ടവകാശം വിനിയോഗിക്കുകയെന്നത് ജനാധിപത്യ ബോധമുള്ള ഒരു പൗരന്റെ കടമയാണ്. അത് നിർഭയമായും നിഷ്പക്ഷമായും വിനിയോഗിക്കാനുള്ള എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുണ്ട്.സുഗമമായ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും എന്നപോലെ ജനങ്ങളും സഹകരിക്കണം. നമ്മുടെ നാടിന്റെ വികസന പ്രവർത്തനങ്ങളിലും പുരോഗതിയിലും പങ്കാളിയാകാനുള്ള അവസരം കൂടിയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |