
വോക്സ് പോപ്പുലി, ഒരു ലാറ്റിൻ പ്രയോഗമാണ്. തനിമലയാളത്തിൽ 'ജനശബ്ദം!" രാജ്യത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിർണയിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വെളിപ്പെടുന്നത് ജനതയുടെ നിശബ്ദമായ അഭിമതമാണ്. ഉച്ചത്തിൽ വിളിച്ചുപറയാതെ ഉറച്ച അഭിപ്രായം വ്യക്തമാക്കുന്ന വോട്ട് രേഖപ്പെടുത്തലാണ് ജനാധിപത്യത്തിലെ യഥാർത്ഥ ജനശക്തി. കുറേക്കൂടി സൂക്ഷ്മമായി നോക്കിയാൽ, സമ്മതിദാനത്തിന് അവകാശമുള്ളവരുടെ ഔദ്യോഗിക രേഖയായ വോട്ടർ പട്ടികയുടെ സത്യസന്ധതയിലും കൃത്യതയിലും സുതാര്യതയിലുമാണ് 'വോക്സ് പോപ്പുലി" അതിന്റെ യഥാർത്ഥവും സമ്പൂർണവുമായ അർത്ഥം കൈവരിക്കുന്നതെന്ന് മനസിലാകും. വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അഖിലേന്ത്യാ തലത്തിൽ പ്രഖ്യാപിച്ച പ്രത്യേക പരിഷ്കരണ ദൗത്യമാണ് എസ്.ഐ.ആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) അഥവാ തീവ്ര വോട്ടർപട്ടിക പരിഷ്കരണം. യഥാർത്ഥ ജനശബ്ദത്തിന് അവസരം സൃഷ്ടിക്കാനുള്ള ഈ ദൗത്യം രാജ്യത്ത് ആരംഭിച്ചതു മുതൽ നിർഭാഗ്യവശാൽ, അത് പല കാരണങ്ങളാൽ വിവാദമുഖരിതമാണ്.
ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പു നടന്ന ബീഹാറിൽ തുടക്കമിട്ട തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, അടുത്ത വർഷം ആദ്യപാദത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളവും തമിഴ്നാടും പശ്ചിമബംഗാളും ഉൾപ്പെടെയുള്ളിടങ്ങളിൽ കൂടി അടിയന്തരമായി നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. കേരളത്തിലാകട്ടെ, അത് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കിടെ ആയതോടെയാണ് പ്രതിഷേധവും എതിർപ്പും ശക്തമായത്. പൊതുവെ രാഷ്ട്രീയ കാരണങ്ങളാണ് എസ്.ഐ.ആറിന് എതിരെ രാജ്യവ്യാപകമായി ഉന്നയിക്കപ്പെട്ടതെങ്കിൽ, കേരളത്തിലെ പ്രതിഷേധത്തിന് അടിസ്ഥാനം സാങ്കേതികമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടികളിലായിരുന്ന അതേ ജീവനക്കാർ തന്നെയാണ് എസ്.ഐ.ആർ ഡ്യൂട്ടിയും നിർവഹിക്കേണ്ടത് എന്നതിനാൽ, ജോലിഭാരമായിരുന്നു മുഖ്യ ആക്ഷേപം. എസ്.ഐ.ആർ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി വരെയെത്തി.
ഇതെല്ലാം നടക്കുന്നതിനിടെ കണ്ണൂരിൽ എസ്.ഐ.ആർ ഡ്യൂട്ടിയിലായിരുന്ന അനീഷ് ജോർജ്ജ് എന്ന ബി.എൽ.ഒ ജോലിഭാരം കാരണം ആത്മഹത്യ ചെയ്തതിനെ തുടർന്ന് പ്രതിഷേധത്തിന്റെ സ്വഭാവം മാറുകയും, ബി.എൽ.ഒമാർ ഒരുദിവസം ജോലി ബഹിഷ്കരിക്കുകയും ചെയ്തതോടെ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടുകയായിരുന്നു. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി പട്ടിക പരിശോധനയ്ക്കും മറ്റുമായി വീടുകളിലെത്തുന്ന ബി.എൽ.ഒമാരെ പലേടത്തും രാഷ്ട്രീയക്കാർ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് അവരുടെ സമ്മർദ്ദത്തിന് യഥാർത്ഥ കാരണമെന്നു ബോദ്ധ്യപ്പെട്ടാണ് കമ്മിഷൻ നിലപാട് കടുപ്പിച്ചത്. അങ്ങനെ ജോലി തടസപ്പെടുത്തുന്നവർക്ക് എതിരെ, പത്തു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ക്രിമിൽ കുറ്റം ചുമത്തുമെന്നാണ് കഴിഞ്ഞ ദിവസം കമ്മിഷൻ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് ജോലി എന്നത് ഒരു ഔദ്യോഗിക കൃത്യം എന്നതിനെക്കാൾ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സർക്കാർ ജീവനക്കാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കോ താത്പര്യങ്ങൾക്കോ അതിൽ ഒട്ടും ഇടമില്ല തന്നെ.
ഡ്യൂട്ടി നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയാൽ ജോലി നഷ്ടമാകുമെന്ന തരത്തിൽ മേലുദ്യോഗസ്ഥരിൽ നിന്ന് ഭീഷണിയുണ്ടെന്ന് ചില ബി.എൽ.ഒമാർ പരാതിപ്പെടുന്നുണ്ടെങ്കിലും, അത്തരം നീക്കം കമ്മിഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ വ്യക്തമാക്കിയിട്ടുണ്ട്. ബി.എൽ.ഒമാർക്കെതിരെ രാഷ്ട്രീയ പാർട്ടികൾ നടത്തുന്നതായി പറയപ്പെടുന്ന സൈബർ ആക്രമണങ്ങളെ സൈബർ പൊലീസിന്റെ സഹായത്തോടെ ചെറുക്കും. അതേസമയം, ബി.എൽ.ഒമാർ നേരിടുന്ന ജോലിഭാരം കുറയ്ക്കാൻ അവർക്ക് സഹായികളായി കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കുമെന്ന് കമ്മിഷൻ പറഞ്ഞത് അഭിനന്ദനീയവും ആശ്വാസജനകവുമായ നടപടിയാണ്. എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു വാങ്ങാൻ ഐ.ടി ഹബ്ബുകൾ സജ്ജീകരിക്കുമെന്ന് പറഞ്ഞതും ബി.എൽ.ഒമാരുടെ സമ്മർദ്ദം കുറയ്ക്കും. ജനാധിപത്യ പ്രക്രിയ സുതാര്യവും ശക്തവുമാക്കാനുള്ള സമഗ്രമായൊരു പ്രക്രിയയുടെ ഭാഗമാണ് എസ്.ഐ.ആർ എന്ന് എല്ലാവരും തിരിച്ചറിയണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |