
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐയ്ക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയിരിക്കുന്നു. തട്ടിപ്പിന് രാജ്യത്തെ ബാങ്കുകൾ കൂട്ടുനിൽക്കുന്നുണ്ടോ എന്നത് ഉൾപ്പെടെ അന്വേഷിക്കാൻ സി.ബി.ഐയ്ക്ക് ഉന്നത കോടതി പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. ഇതുവരെ സംസ്ഥാനങ്ങളിൽ നടന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അതത് സംസ്ഥാനങ്ങളിലെ സൈബർ പൊലീസും, സംസ്ഥാന പൊലീസിലെ മറ്റു വിഭാഗങ്ങളുമാണ് അന്വേഷിച്ചിരുന്നത്. ഇവരുടെ അന്വേഷണത്തിന് നിരവധി പരിമിതികളുണ്ടായിരുന്നു. ഒന്നാമത്, ഡിജിറ്റൽ അറസ്റ്റ് ആസൂത്രണം ചെയ്യുന്ന കണ്ണികൾ വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വിഹരിക്കുന്നവരായിരിക്കും. ഇവരെ അതത് സംസ്ഥാനങ്ങളിൽ പോയി അവിടത്തെ പൊലീസിന്റെ സഹായത്തോടെ വേണം അറസ്റ്റ് ചെയ്യേണ്ടത്.
ഇങ്ങനെ നിരവധിപേർ അറസ്റ്റിലായിട്ടുണ്ടെങ്കിലും അതിന് വേണ്ടിവരുന്ന യത്നം വളരെ സങ്കീർണവും കടുപ്പമേറിയതും കൂടുതൽ സമയം വേണ്ടിവരുന്നതുമായിരുന്നു. ഇത്തരം കേസുകൾ ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നതാണ് ഉത്തമമെന്ന് നിരവധി പ്രമുഖ സൈബർ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നതുമാണ്. അതാണ് സുപ്രീം കോടതിയുടെ നിർദ്ദേശത്തോടെ ഇപ്പോൾ സാദ്ധ്യമായിരിക്കുന്നത്. വ്യാജ ഡിജിറ്റൽ അറസ്റ്റ് വഴി തട്ടിപ്പു നടത്താൻ ബാങ്ക് അക്കൗണ്ടുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത് നേരത്തേ നടന്ന അന്വേഷണങ്ങളിൽ വ്യക്തമായ വസ്തുതയാണ്. ഈ പശ്ചാത്തലത്തിലാണ് ബാങ്കുകൾ തട്ടിപ്പിന് കൂട്ടുനിൽക്കുന്നുണ്ടോ എന്നതു കൂടി അന്വേഷിക്കാൻ സി.ബി.ഐയ്ക്ക് സുപ്രീംകോടതി സ്വാതന്ത്ര്യം നൽകിയത്. ഇതുകൂടാതെ, ആവശ്യമാണെങ്കിൽ ഇന്റർപോളിന്റെ സഹായം തേടാനും സി.ബി.ഐയ്ക്ക് അനുമതി നൽകിയിട്ടുണ്ട്.
ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിക്കപ്പെടുന്ന പണം പലപ്പോഴും അന്യരാജ്യങ്ങളിലേക്കാണ് കൈമാറ്റപ്പെടുന്നത്. ഇത്തരം സംഘങ്ങളുടെ ഏറ്റവും മുകളിലത്തെ കണ്ണികൾ അന്യരാജ്യങ്ങളിലിരുന്ന് 'ഓപ്പറേഷൻ" നടത്തുന്നതിനാൽ പലപ്പോഴും നിയമത്തിന്റെ വലയിൽ കുരുങ്ങാറുമില്ല. സി.ബി.ഐയ്ക്ക് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളിൽ രാജ്യാതിർത്തികളോ സംസ്ഥാനാതിർത്തികളോ കടന്ന് അന്വേഷണം നടത്തേണ്ടതായി വരും. അന്വേഷണ ഏജൻസികൾക്ക് സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകൾ സഹകരണം നൽകണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇത്തരം സംഘങ്ങൾ നിയന്ത്രിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്താനും കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം മരവിപ്പിക്കാനും സുപ്രീംകോടതി റിസർവ് ബാങ്കിന്റെ സഹായവും തേടിയിട്ടുണ്ട്. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ലെന്ന് അധികൃതർ പലതവണ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും വീണ്ടും വീണ്ടും ഇത്തരം തട്ടിപ്പിന് ഇരകളായിക്കൊണ്ടിരിക്കുകയാണ്.
നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ചില വിവരങ്ങൾ ശേഖരിച്ചതിനു ശേഷമാവും ഇതിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തികളെ തട്ടിപ്പുകാർ ഭീഷണിപ്പെടുത്തുന്നത് എന്നതിനാൽ പലരും പരാതിക്കൊന്നും നിൽക്കാതെ ഭയന്ന് പണം നൽകുകയാണ് ചെയ്യുന്നത്. വീഡിയോയിലൂടെ കോടതി വിചാരണ പോലും നടത്തി ഇരയെ വീഴ്‌ത്താൻ പതിനെട്ടടവും പഠിച്ചിട്ടുള്ള 'സൈബർ വിദഗ്ദ്ധർ" കൂടിയാണ് തട്ടിപ്പുകാർ. ഒരേ പേരിൽ ഒന്നിലേറെ സിമ്മുകൾ വിതരണം ചെയ്യുന്നതിലും കോടതി ആശങ്ക അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകാനും നിർദ്ദേശിച്ചു. ഹരിയാനയിലെ അംബാലയിൽ 73 വയസുകാരി ചീഫ് ജസ്റ്റിസിനു നൽകിയ പരാതിയെത്തുടർന്നാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പേരിൽ വ്യാജ ഉത്തരവുണ്ടാക്കി ഒരു കോടി രൂപ ഇവരിൽ നിന്ന് തട്ടിയെന്നാണ് കേസ്. ഇത്തരം തട്ടിപ്പുകൾ അന്വേഷിക്കാൻ പ്രത്യേക സൈബർ പരിശീലനം നൽകിയ വിഭാഗത്തെ സി.ബി.ഐയും രൂപീകരിക്കുന്നത് ഉചിതമായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |