
ലോകത്തെവിടെയും കേരളമെന്നത് ആത്മീയതയുടെയും ഭക്തിയുടെയും തിളങ്ങുന്ന വിലാസമായ ശബരിമലയാണ്. എന്തൊക്കെ പ്രതിസന്ധികളും വിവാദങ്ങളും മലകയറി ഇറങ്ങിയാലും ഇരുമുടിക്കെട്ടുമായി അയ്യപ്പസന്നിധിയിൽ എത്തുന്ന ഭക്തന്മാരുടെ സംഖ്യ നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. വരുമാനത്തിലും ലക്ഷക്കണക്കിനു രൂപയുടെ വർദ്ധനവുണ്ട്. തുടക്കത്തിൽ ചില്ലറ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടെങ്കിലും അതെല്ലാം മാറി, ശാന്തമായ ഒരന്തരീക്ഷം അവിടെ സംജാതമായിട്ടുണ്ട്. പിണറായി സർക്കാർ നിയോഗിച്ച, കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ ദേവസ്വം ബോർഡ് സ്വീകരിച്ച പല നടപടികളും സുഗമമായ ദർശനത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
മണ്ഡലകാലത്തിനു മുമ്പുതന്നെ ശബരിമലയിലെ സ്വർണക്കൊള്ള വിഷയം രാഷ്ട്രീയാന്തരീക്ഷത്തിൽ കാറും കോളുമായി നിൽക്കുന്നു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടന്നുവരുന്ന എസ്.ഐ.ടിയുടെ അന്വേഷണത്തിൽ എല്ലാവർക്കും തൃപ്തിയുണ്ട്. നിഷ്‌പക്ഷവും രാഷ്ട്രീയ സ്വാധീനരഹിതവുമായ അന്വേഷണമാണ് ഇതുവരെ നടന്നത്. അതിൽ ഹൈക്കോടതിയും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ വിഷയം അന്വേഷിക്കുന്നത് ഹൈക്കോടതി വിലക്കിയിട്ടില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഇ.ഡി അന്വേഷണത്തിനുള്ള വഴിയൊരുക്കിയിരിക്കുകയാണ്. പൊതുജനങ്ങൾക്കും അയ്യപ്പഭക്തർക്കും ഒരുപോലെ സന്തോഷപ്രദമായ കാര്യമാണിത്. ജീവിതദുരിതങ്ങൾ മനസിലാക്കിയും ഇരുമുടിക്കെട്ട് തലയിലേന്തിയും മലചവിട്ടുന്ന ഭക്തകോടികൾ അതെല്ലാം ശാസ്താസന്നിധിയിൽ മലർക്കെ തുറക്കുന്നു. ദർശനസായൂജ്യത്തോടെ മലയിറങ്ങുന്ന അവരുടെ മനസ് തെളിഞ്ഞ ആകാശം പോലെ നിർമ്മലമായിരിക്കും.
ഭക്തിയുടെയും ധീരതയുടെയും ത്യാഗത്തിന്റെയും പ്രതിരൂപമാണ് ഭക്തർക്ക് ശബരിമല അയ്യപ്പൻ. ശരണാഗതർക്ക് അഭയവും ആശ്വാസവുമാണ് സന്നിധാനം. അവിടെ നിർഭാഗ്യകരമായുണ്ടായ അനിഷ്ട സംഭവങ്ങളും സ്വർണാപഹരണവും അയ്യപ്പഭക്തരുടെ മനസിനെ ആഴത്തിൽ മുറിവേല്പിച്ചിട്ടുണ്ട്. ആ മുറിവ് ഒരു പരിധിവരെ ഉണക്കാൻ പറ്റുന്നതാണ് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം. സത്യത്തിന്റെ മകരജ്യോതിസ് അതിലൂടെ പുറത്തുവരുമെന്നാണ് എല്ലാ അയ്യപ്പഭക്തരും പ്രതീക്ഷിക്കുന്നത്. ശബരിമലയോടും അയ്യപ്പനോടും സത്യവും നീതിയും പുലർത്തിയിട്ടുള്ള ആരും ശബരിമല അന്വേഷണത്തെ ഭയപ്പെടുന്നില്ല. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാണ് സർക്കാരിന്റെയും നിലപാട്. സ്വർണക്കൊള്ള കേസിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ പകർപ്പും മൊഴികളും കൈമാറണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റാന്നി മജിസ്ട്രേട്ട് കോടതിയിൽ പുതിയ അപേക്ഷ നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാരിന്റെ വാദവും കേട്ട ശേഷം മജിസ്ട്രേട്ടുകോടതി ഉചിതമായ തീരുമാനം എടുക്കണം.
അതേസമയം, 2014 മുതൽ 2025 വരെ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഇടപാടുകൾ പരിശോധിക്കേണ്ടതിനാൽ എസ്.ഐ.ടിക്ക് കേസന്വേഷണത്തിന് കോടതി ഒന്നര മാസം നീട്ടി നൽകി. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്ന് ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വിലയിരുത്തിയിട്ടുണ്ട്. സ്വർണക്കൊള്ളയിൽ ബംഗളൂരു കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാടുകൾ നടന്നെന്ന സംശയമാണ് ഇ.ഡിക്ക്. നിലവിൽ പ്രത്യേക അന്വേഷണസംഘം അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. അതോടൊപ്പമാകും കള്ളപ്പണ ഇടപാടും അന്വേഷിക്കുക. ശബരിമല അന്വേഷണം രാഷ്ട്രീയ വിഷയമായി ഒതുങ്ങരുതെന്നാണ് പൊതുജനങ്ങളുടെ ആഗ്രഹം. സൂക്ഷ്‌മവും നിഷ്‌പക്ഷവുമായ അന്വേഷണം അധാർമ്മികവും അഹിതവുമായ സാഹചര്യങ്ങൾ തുറന്നുകാട്ടാൻ സഹായിക്കും. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഇപ്പോഴത്തെ അന്വേഷണം നീലിമലയും കരിമലയും കടന്ന് സത്യത്തിന്റെ സന്നിധിയിലെത്തട്ടെ എന്നാണ് അയ്യപ്പഭക്തരുടെ പ്രാർത്ഥന. പൊതുജനങ്ങളുടെ ആഗ്രഹവും അതുതന്നെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |