
അടുത്ത ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ഐ.സി.സി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി ആരാധകർക്ക് ഏറ്റവുമധികം സന്തോഷം പകർന്നത് സഞ്ജു സാംസണിന് ഇടംലഭിച്ചതാണ്. 2024-ൽ ഇന്ത്യ കിരീടം ചൂടിയ, കരീബിയൻ മണ്ണിൽ നടന്ന ലോകകപ്പിലും സഞ്ജു അംഗമായിരുന്നെങ്കിലും ഒരൊറ്റ മത്സരത്തിൽപ്പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ഇത്തവണ അങ്ങനെയാവില്ല കാര്യങ്ങൾ എന്ന സൂചനയാണ് പ്രഖ്യാപിക്കപ്പെട്ട ടീമിലെ സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ ലഭിക്കുന്നത്. സഞ്ജുവിനെത്തേടി ഇന്ത്യൻ കുപ്പായം എത്താൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടോളമായി. പിന്നാലെ വന്നവർ പലരും ടീമിൽ സ്ഥിരക്കാരായപ്പോഴും ആ കുപ്പായത്തിൽ സ്ഥിരസാന്നിദ്ധ്യമാകാൻ സഞ്ജുവിന് കഴിഞ്ഞിട്ടില്ലെന്ന് നിരാശയോടെ പറയേണ്ടിവരും.
ടീമിലെത്തുന്നതിനേക്കാൾ വേഗത്തിൽ പുറത്താകുന്നതും ടീമിലെടുത്താലും കളിക്കാൻ അവസരം ലഭിക്കാതെ കരയ്ക്കിരിക്കേണ്ടിവരുന്നതും സെഞ്ച്വറി നേടിയാൽപ്പോലും ആ ഫോർമാറ്റിലെ അടുത്ത മത്സരത്തിൽ ഇടമില്ലാതിരിക്കുന്നതുമൊക്കെയാണ് ഇത്രയും നാൾ സഞ്ജുവിന്റെ കരിയറിനെ സംഭവബഹുലമാക്കിയത്. പരിശീലകരും സെലക്ടർമാരുമൊക്കെ മാറിമാറി വന്നെങ്കിലും സഞ്ജുവിനോടുള്ള 'പരിഗണന" സവിശേഷമായിത്തന്നെ തുടർന്നു! ചെറുഫോർമാറ്റുകളിൽ നിന്ന് വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും വിരമിച്ചപ്പോൾ സഞ്ജുവിന് ടീമിൽ സ്ഥിരപ്രതിഷ്ഠ ലഭിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും മൂന്ന് ഫോർമാറ്റുകളിലും ശുഭ്മാൻ ഗില്ലിനെ നായകനാക്കാനുള്ള പദ്ധതിയാണ് ചീഫ് കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും ചേർന്ന് പരീക്ഷിച്ചത്. ദക്ഷിണാഫ്രിക്കയുമായുള്ള ഇക്കഴിഞ്ഞ ട്വന്റി-20 പരമ്പരയിലും സഞ്ജുവിന് കളത്തിലിറങ്ങാൻ അവസാന മത്സരംവരെ കാത്തിരിക്കേണ്ടിവന്നത് ഇതിനാലാണ്.
എന്നാൽ, അഹമ്മദാബാദിൽ കളത്തിലിറങ്ങി നേരിട്ട നാലാം പന്തിൽ മാർക്കോ യാൻസനെതിരെ നേടിയ ആ ഒരൊറ്റ സിക്സർ മാത്രം മതിയായിരുന്നു, അതുവരെ പുറത്തിരുത്തിയവർക്ക് തീരുമാനം മാറ്റാൻ. അഹമ്മദാബാദിലെ മത്സരത്തിനു ശേഷമാണ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ നയിക്കുന്ന ശുഭ്മാൻ ഗില്ലിനെ മാറ്റിനിറുത്തി ഓപ്പണർ റോളിലേക്ക് സഞ്ജുവിനെ തിരഞ്ഞെടുക്കുകയായിരുന്നു സെലക്ഷൻ കമ്മറ്റി. പകരക്കാരൻ വിക്കറ്റ്കീപ്പറായി ഇഷാൻ കിഷനും ടീമിലുണ്ടെങ്കിലും ആദ്യ അവസരം സഞ്ജുവിനു തന്നെയാകുമെന്ന് ഉറപ്പാണ്. രണ്ടു വർഷത്തിലേറെയായി ഇന്ത്യൻ ടീമിന് പുറത്തായിരുന്ന ഇഷാൻ ആഭ്യന്തര ക്രിക്കറ്റിലെ മികവിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെത്തിയത്. ഇതോടെ, മറ്റൊരു വിക്കറ്റ്കീപ്പർ ബാറ്റർ ജിതേഷ് ശർമ്മയ്ക്ക് പുറത്താകേണ്ടിയും വന്നു.
സഞ്ജുവിനെ സംബന്ധിച്ചിടത്തോളം കരിയറിലെ ഏറ്റവും മികച്ച അവസരമാണ് തേടിയെത്തിയിരിക്കുന്നത്. ട്വന്റി-20 ഫോർമാറ്റിൽ തന്റെ ഏറ്റവും മികച്ച പൊസിഷനായ ഓപ്പണിംഗിൽ ഇറങ്ങാനും മികച്ച ഇന്നിംഗ്സുകൾ കളിക്കുവാനും കഴിഞ്ഞാൽ സഞ്ജുവിന് മറ്റൊരു ഒഴിവാക്കലിന് അടുത്തകാലത്തൊന്നും വിധേയനാകേണ്ടിവരില്ല. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിൽ നിന്നിറങ്ങി സാക്ഷാൽ ധോണിയുടെ കീഴിൽ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് എത്തിയിരിക്കുകയാണ് സഞ്ജു. വിഷമകരമായ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിലുൾപ്പടെ ധോണിയുടെ ഉപദേശങ്ങൾ ലഭിക്കാൻ പ്രയാസവുമില്ല. 1983-ലെ ആദ്യ ലോകകപ്പ് മുതൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ എല്ലാ കിരീടനേട്ടങ്ങളിലും ടീമിൽ ഒരു മലയാളി സാന്നിദ്ധ്യം ഉണ്ടായിരുന്നു. 83-ൽ സുനി വാൽസൻ കളിക്കാൻ ഇറങ്ങിയില്ല. 2007-ൽ ട്വന്റി-20 ലോകകപ്പിലും 2011-ൽ ഏകദിന ലോകകപ്പിലും ശ്രീശാന്ത് ഇറങ്ങുകയും നിർണായക പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. 2024-ൽ സഞ്ജു കളത്തിലിറങ്ങാതെ കിരീടനേട്ടത്തിൽ പങ്കാളിയായി. ഇക്കുറി സഞ്ജുവിന്റെ കരുത്തിൽ കിരീടമുയർത്താൻ ഇന്ത്യയ്ക്ക് കഴിയട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |