
തിരുവനന്തപപുരം : ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട നേട്ടത്തിനു പിന്നാലെ സോഷ്യൽ മീഡിയി മലയാളി ക്രിക്കറ്റർ സഞ്ജു സാംസണെക്കുറിച്ചുള്ള ഹൃദ്യമായ കുറിപ്പുമായി ഷെഫ് സുരേഷ് പിള്ള. ലോകകപ്പ് തിരക്കുകൾക്കിടെ മുംബയ്‌യിൽ വച്ച് സഞ്ജുവിന്റെ മാനേജർ പഴങ്കഞ്ഞിക്കു വേണ്ടി തന്നെ വിളിച്ച കാര്യമാണ് ഷെഫ് പിള്ള എഴുതിയത്. പഴങ്കഞ്ഞി കിട്ടിയില്ലെങ്കിലും കഞ്ഞി, മീൻ, കപ്പ, ചമ്മന്തി എന്നീ വിഭവങ്ങൾ അന്നു രാത്രി തന്നെ ഒരു മലയാളിയുടെ റസ്റ്ററന്റിൽ നിന്ന് സഞ്ജുവിനെത്തിച്ച കാര്യം ഷെഫ് പിള്ള വെളിപ്പെടുത്തി.
ഷെഫ് പിള്ളയുടെ കുറിപ്പിന്റെ പൂർണരൂപം
സഞ്ജു സാംസൺ മുംബൈയിൽ വച്ച് പഴങ്കഞ്ഞി ചോദിച്ച് എന്നെ വിളിച്ച രാത്രി. മാർച്ച് രണ്ട്, ഏഴ് പിഎം. അപ്പോഴാണ് സഞ്ജുവിന്റെ മാനേജരായ ഇഖ്‍ലാസിന്റെ വിളിയെത്തുന്നത്. ''ചേട്ടാ, വെസ്റ്റിൻഡീസിനെതിരായ മത്സരം വളരെ മികച്ചതായിരുന്നു. സഞ്ജു സന്തോഷത്തിലാണ്. ഞങ്ങൾ ഇപ്പോൾ മുംബൈയിലാണ്. മൂന്നു മാസമായി ഡയറ്റിലാണ്. ഇന്ന് രാത്രി സഞ്ജുവിന് ചീറ്റ് മീൽ വേണമെന്നുണ്ട്. പഴങ്കഞ്ഞിയും മീനും കപ്പയും ചമ്മന്തിയും സംഘടിപ്പിക്കാമോ?"". മുംബൈയിൽ രാത്രി ഏഴു മണിക്കു പഴങ്കഞ്ഞി. ഞാൻ ചിരിച്ചു. പഴങ്കഞ്ഞി കിട്ടില്ലായിരിക്കും, പക്ഷേ കഞ്ഞിയും കപ്പയും മീനും കിട്ടും. ഞാൻ ഉടൻ തന്നെ മുംബൈയിലെ സൊസൈറ്റി ഹോട്ടൽ ഉടമ റസാഖ് ഇക്കയെ വിളിച്ചു. മിനിറ്റുകൾക്കുള്ളിൽ കഞ്ഞി, കപ്പ, മീൻ കറി, വറുത്ത മത്തി, ചമ്മന്തി, പപ്പടം എല്ലാം പാക്ക് ചെയ്ത് മുംബൈയിലെ സെന്റ്. റെജിസിലെത്തിച്ചു.
ഓരോ ടൂർണമെന്റുകൾക്കും വേണ്ടി സഞ്ജുവിന്റെ ത്യാഗങ്ങൾ ആരും കാണുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരിക്കും. സമൂഹമാധ്യമങ്ങൾ ഇല്ല. മാസങ്ങളോളം തുടരുന്ന തയാറെടുപ്പുകൾ. മലയാളികളെ അഭിമാനം കൊള്ളിച്ച ഓരോ നിമിഷങ്ങൾക്കും പിന്നിലെ ശരിയായ കഥ അതാണ്. ഇന്നലെ വൈകിട്ട് വീണ്ടും ഒരു ഫോൺ കോൾ. ചേട്ടാ ഞങ്ങൾ കൊച്ചിയിലുണ്ട്. രാവിലെ ഡൽഹിക്കു പോകും. രാത്രി അങ്ങോട്ട് വന്നോട്ടെ? സഞ്ജു കൊച്ചിയിലുണ്ടെങ്കിൽ അത്താഴം ഞങ്ങളുടെ റസ്റ്ററന്റിലായിരിക്കും. അതുറപ്പാണ്. ബാൽക്കണിയിലെ അഞ്ചു പേർക്ക് ഇരിക്കാവുന്ന ടേബിൾ മാറ്റിവച്ചു. രാത്രി 9.30 ഓടെ സഞ്ജു, ഭാര്യ ചാരുലത, ഇഖ്‍ലാസ്, സുഹൃത്തുക്കൾ എന്നിവരെത്തി. ഭക്ഷണവും ചിരികളും ടിവിയിൽ കാണാത്ത ലോകകപ്പ് കഥകളുമൊക്കെയായി അർധ രാത്രി വരെ...
സഞ്ജുവിനായി എത്ര തവണ പാചകം ചെയ്തിട്ടുണ്ടെന്നത് എനിക്ക് ഇപ്പോഴും ഓർമയില്ല. പക്ഷേ ഓരോ തവണയും ആദ്യമായി ചെയ്യുന്നതു പോലെയാണു തോന്നുക. അടുത്തത് ഐ.പി.എല്ലാണ്. ചെപ്പോക്കിൽ മഞ്ഞക്കടൽ അലയടിക്കുമ്പോൾ നമ്മുടെ സഞ്ജു വരും. ഒരു കളിക്കാരനായല്ല. രാജകുമാരനായി. ഒരിക്കൽ തിരുവനന്തപുരത്തെ തെരുവുകളിൽ ബാറ്റുമേന്തി ഒരുപാടു സ്വപ്നങ്ങളുമായി നടന്നിരുന്ന പയ്യൻ ഇന്ന് മലയാളികളുടെ അഭിമാനമായി ലോകത്തിന്റെ നെറുകയിൽ. സഞ്ജു, നീ ബാറ്റു ചെയ്യുമ്പോൾ മലയാളികളിൽ ഒരു വികാരം മാത്രമാണ് ഉണ്ടാകുക, അവൻ ഞങ്ങളിൽ ഒരാളാണ്. സഞ്ജുവിന് എല്ലാ ആശംസകളും. ഐപിഎൽ ഭരിക്കുക...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |