
തിരുവനന്തപുരം നഗരസഭയ്ക്ക് പുതിയ സാരഥികൾ വന്നിരിക്കുന്നു. നാലരപതിറ്റാണ്ടത്തെ സി.പി.എം ഭരണത്തിന് അവസാനം കുറിച്ചുകൊണ്ട് ബി.ജെ.പി ഇതാദ്യമായി തിരുവനന്തപുരം നഗരസഭയുടെ ഭരണം ഏറ്റെടുക്കുന്നത് കേരള രാഷ്ട്രീയ ചരിത്രത്തിൽ വഴിത്തിരിവാകുന്ന ഒരു ദിശാസൂചകമായിക്കൂടി വേണം വിലയിരുത്താൻ. പുതിയ മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥുമാകും തിരുവനന്തപുരം നഗരസഭയെ അടുത്ത അഞ്ചുവർഷം നയിക്കുക. വർഷങ്ങളായി തിരുവനന്തപുരം നഗരസഭയിൽ ബി.ജെ.പിയുടെ മുഖമായി തുടരുന്ന രാജേഷ് നഗരത്തിന്റെ ആവശ്യങ്ങളും ആവലാതികളും മറ്റാരെക്കാളും അടുത്തറിയാവുന്ന വ്യക്തിയാണ്. ബി.ജെ.പി 35 സീറ്റുകളുമായി തിരുവനന്തപുരത്ത് ചുവടുറപ്പിച്ച കഴിഞ്ഞ രണ്ട് കൗൺസിലുകളിലും സജീവ സാന്നിദ്ധ്യമായിരുന്നു രാജേഷ്.
നഗരസഭാ ഭരണത്തിന്റെ നടത്തിപ്പിന് എല്ലാ മുന്നണികളുടെയും കൗൺസിലർമാരുടെയും സഹകരണം ഉറപ്പാക്കാൻ കഴിയുന്ന മേയർക്കു മാത്രമേ വിജയകരമായി ഭരണം മുന്നോട്ടു കൊണ്ടുപോകാനാവൂ. അതിനായി ചില രംഗങ്ങളിൽ പിടിവാശിയും, മറ്റു ചില കാര്യങ്ങളിൽ വിട്ടുവീഴ്ചകളും വേണ്ടിവരും. രാഷ്ട്രീയ രംഗത്ത് കാൽനൂറ്റാണ്ടിലേറെയായുള്ള പരിചയം രാജേഷിന് ഇക്കാര്യത്തിൽ മുതൽക്കൂട്ടാവുമെന്ന് കരുതാം. ഇന്ത്യ ഭരിക്കുന്ന കക്ഷി, നഗരസഭയുടെ സാരഥ്യം വഹിക്കുന്ന സാഹചര്യത്തിൽ നഗരവാസികൾക്ക് അമിത പ്രതീക്ഷകളാവും ഉണ്ടാവുക. ഒട്ടേറെ പുതിയ പദ്ധതികൾ വരുമെന്ന പ്രതീക്ഷ ഉള്ളതിനാൽ അതിൽ പ്രമുഖമായവ യാഥാർത്ഥ്യമാക്കുന്നതിനുള്ള അക്ഷീണ പ്രവർത്തനങ്ങൾക്കാവണം പുതിയ സാരഥികൾ മുൻതൂക്കം നൽകേണ്ടത്. തിരുവനന്തപുരം വരും വർഷങ്ങളിൽ ലോക ഭൂപടത്തിൽ സവിശേഷമായി അടയാളപ്പെടുത്താൻ പോന്ന ഒരു നഗരമായി വളരുന്നതിനുള്ള വികസന സാദ്ധ്യതകളെല്ലാം ഒത്തുവന്നിരിക്കുന്ന ഒരു ഘട്ടമാണിത്.
വിഴിഞ്ഞം തുറമുഖത്തിന്റെ പൂർണ തോതിലുള്ള പ്രവർത്തനവും, ബ്രഹ്‌മോസ് കേന്ദ്രവും, കപ്പൽ നിർമ്മാണശാലയുടെ പ്രതീക്ഷിക്കുന്ന വരവുമെല്ലാം നഗരത്തെ വളരെ വലിയ രീതിയിലാവും മാറ്റിമറിക്കാൻ പോകുന്നത്. ബിസിനസിനും അല്ലാതെയുമായി ധാരാളം വിദേശികൾ എത്താനിടയുള്ള സന്ദർഭങ്ങളാണ് വരാൻ പോകുന്നത്. ഏതൊരു രാജ്യത്തും വിദേശ സന്ദർശകരെ ഏറ്റവും മടുപ്പിക്കുന്നത് അവിടത്തെ മാലിന്യക്കൂമ്പാരങ്ങളും ട്രാഫിക് കുരുക്കുകളും റോഡിന്റെ മോശം അവസ്ഥകളുമാണ്. മാലിന്യ നിർമ്മാർജ്ജനത്തിൽ തിരുവനന്തപുരത്തിന്റെ പ്രശ്നങ്ങൾ തന്നെയാണ് കേരളത്തിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളും നേരിടുന്നത്. അടുത്ത അഞ്ച് വർഷം പൂർത്തിയാകുമ്പോൾ മാലിന്യപ്രശ്നം പരിഹരിക്കുന്നതിൽ ഇൻഡോറിനൊപ്പം ഇന്ത്യയിലെ തന്നെ മാതൃകാ നഗരമാക്കി തിരുവനന്തപുരത്തിനെ മാറ്റാൻ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കഴിഞ്ഞാൽ അതാവും ഏറ്റവും വലിയ നേട്ടമായി മാറാൻ പോകുന്നത്.
ജനങ്ങളെ ഫൈനടിക്കുന്നതിലൂടെ മാലിന്യനിർമ്മാർജ്ജനം സാദ്ധ്യമാക്കാം എന്ന് കരുതുന്നവർ ഇലക്‌ഷൻ കഴിയുമ്പോൾ വിഡ്ഢികളുടെ സ്വർഗത്തിലാവും എന്ന് തെളിയിച്ച ഒരു തിരഞ്ഞെടുപ്പ് ഫലം കൂടിയാണ് ഇക്കഴിഞ്ഞത്. അതുപോലെ തന്നെ, റിട്ടയർ ചെയ്ത ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും വർദ്ധിച്ച സഹകരണത്തോടെ നഗരസഭയ്ക്കു കീഴിലുള്ള ചികിത്സാകേന്ദ്രങ്ങൾ കൂടുതൽ നവീകരിച്ചാൽ നഗരവാസികളിൽ ഭൂരിപക്ഷത്തിനും ഗുരുതരമായ രോഗത്തിനൊഴികെ സർക്കാർ, സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടാത്ത സ്ഥിതി രൂപപ്പെടുത്തിയെടുക്കാനാവും. പാർക്കിംഗ് സൗകര്യങ്ങൾ, പുതിയ ഉദ്യാനങ്ങൾ, വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനുള്ള നടപടികൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്കുള്ള ആക്‌ഷൻ പ്ളാൻ പുതിയ ഭരണനേതൃത്വത്തിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിലെ മറ്റ് നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തിലുമൊക്കെ സമാനമായ പ്രശ്നങ്ങൾ തന്നെയാണുള്ളത്. സമയബന്ധിതമായ പ്രൊഫഷണലിസത്തോടെ ഇതെല്ലാം പരിഹരിക്കാൻ പുതിയ സാരഥികൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |