
ഭാവിയുടെ ഇന്ധനമാണ് സൗരോർജ്ജം. പെട്രോളും ഡീസലും ഉൾപ്പെടെ ഫോസിൽ ഇന്ധനങ്ങളെ കൈയൊഴിഞ്ഞ്, പൂർണമായും സൗരോർജ്ജത്തെ ആശ്രയിക്കുന്ന 'സോളാർ ഫ്യൂച്ചറി"ലേക്കുള്ള അതിവേഗ യാത്രയിലാണ് ലോകം. മാലിന്യരഹിതമായ ആ ഹരിതകാലത്തെക്കുറിച്ചുള്ള നമ്മുടെ ശുഭസ്വപ്നത്തിന്റെ ഏറ്റവും പ്രതീക്ഷാനിർഭരമായ മാതൃകയാണ് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം. വർഷങ്ങളായി ഈ വിമാനത്താവളം പ്രവർത്തിക്കുന്നത് പൂർണമായും സൗരോർജ്ജത്തിലാണ്. ഇങ്ങനെ, വീടുകളും വ്യവസായശാലകളും, വിമാനത്താവളങ്ങൾ ഉൾപ്പെടെ വൻകിട സംരംഭങ്ങളും സൗരവൈദ്യുതിയിലേക്ക് മാറുന്നത്ര വേഗത, നമ്മുടെ ഗതാഗത മേഖലയിൽ ദൃശ്യമല്ല തന്നെ. സോളാർ ബസുകളും സോളാർ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഭാരവാഹനങ്ങളും കൂടി വ്യാപകമാകുമ്പോഴാണ് ആ സ്വപ്നം പൂർണമായും സഫലമാവുക. എങ്കിലും, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും, ഇലക്ട്രിക് കാറുകളും വ്യാപകമാകുന്നത് ഫോസിൽ ഇന്ധനങ്ങളെ കൈയൊഴിയുന്നതിന്റെ ആദ്യപടിയായി കണക്കാക്കണം.
കേരളം ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുമാറുന്നതിന്റെ വേഗം വ്യക്തമാക്കുന്ന കണക്ക് കഴിഞ്ഞദിവസം 'കേരളകൗമുദി" പ്രസിദ്ധീകരിച്ചിരുന്നു. അതനുസരിച്ച്, 2025 ജനുവരി മുതൽ നവംബർ വരെ മാത്രം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 95,899 ഇ- വാഹനങ്ങളാണ്- 2024 ലേതിനെക്കാൾ 12,631 എണ്ണം അധികം. ഒറ്റവർഷംകൊണ്ട് 15 ശതമാനത്തിന്റെ കുതിപ്പാണ് സംസ്ഥാനത്ത് ഇലക്ട്രിക് വാഹന വില്പനയിൽ ഉണ്ടായത്. ഇ- വാഹനങ്ങളുടെ അതിവേഗ വ്യാപനം വ്യക്തമാകണമെങ്കിൽ, രജിസ്റ്റർ ചെയ്യപ്പെടുന്ന വാഹനങ്ങളിൽ എട്ടിലൊന്നും ഇലക്ട്രിക് ആണ് എന്ന ലളിതമായ കണക്ക് മനസിൽ വച്ചാൽ മതി. നിരത്തിലിറങ്ങിയാൽ കാണുന്ന, പച്ച നമ്പർപ്ളേറ്റുള്ള വാഹനങ്ങളുടെ ധാരാളിത്തം കാണുമ്പോൾതന്നെ, ഇതൊരു പെരുപ്പിച്ച കണക്കല്ലെന്ന് ബോദ്ധ്യപ്പെടും. പെട്രോൾ- ഡീസൽ വില സഹിക്കാൻ വയ്യാതെയാണ് വാഹന ഉടമകളിൽ അധികംപേരും ഇ- വാഹനങ്ങളിലേക്ക് മാറുന്നതെങ്കിലും, പൂർണമായും മാലിന്യരഹിതം എന്ന വലിയ ഫലം കൂടി അതിനുണ്ട്.
വാഹനങ്ങൾ പുറന്തള്ളുന്ന പുകയിലെ കനത്ത കാർബൺ സാന്നിദ്ധ്യമാണ് അന്തരീക്ഷ മലിനീകരണം എന്ന മഹാവിപത്തിലെ മുഖ്യഘടകം. 2050 ആകുമ്പോഴേക്കും 'സീറോ കാർബൺ" എന്ന ഹരിതലക്ഷ്യം മുന്നോട്ടുവയ്ക്കുന്ന ഇന്ത്യയ്ക്ക് കേരളത്തിന്റെ പൂർണ പിന്തുണയാണ് നിരത്തിലെ 'ഇ- വെഹിക്കിൾ വിപ്ളവം" എന്നും പറയാം. ഇ- വാഹനങ്ങളുടെ തുടക്കകാലത്ത് മൈലേജ് കുറവ് ഒരു പ്രശ്നമായിരുന്നെങ്കിൽ, ശേഷിയേറിയ ബാറ്ററികളുടെ വരവോടെ ആ പരാതി ഏറക്കുറെ പരിഹരിക്കപ്പെട്ടതായി കരുതാം. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുമ്പോഴത്തെ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഇ- വാഹനങ്ങളുടെ ഉപയോഗം ലാഭകരമാണ് എന്നതു മാത്രമല്ല, ഇവയ്ക്ക് മെയിന്റനൻസ് കുറവാണ് എന്നതും ഉപയോക്താക്കളെ സംബന്ധിച്ച് ലാഭസാദ്ധ്യത വർദ്ധിപ്പിക്കുന്ന കാര്യംതന്നെ.
ഇലക്ട്രിക് ടു വീലറുകളും ഇലക്ട്രിക് കാറുകളും ഉപയോഗിക്കുന്നവർ നിലവിൽ ഉയർത്തുന്ന ഒരു പരാതി, ചാർജിംഗ് സ്റ്റേഷനുകളുടെ കുറവാണ്. സംസ്ഥാനത്ത്, കാറുകളുടെയും മറ്റും ചാർജിംഗിനായുള്ളത് എണ്ണൂറോളം ഫാസ്റ്റ് ചാർജിംഗ് കേന്ദ്രങ്ങളാണ്. ഇതിൽ കെ.എസ്.ഇ.ബി നേരിട്ട് നടത്തുന്നവ വെറും 63 എണ്ണം മാത്രം. വൈദ്യുതി പോസ്റ്റുകളിലും മറ്റും ഘടിപ്പിച്ചിട്ടുള്ള ചാർജിംഗ് പോയിന്റുകൾ 1200-ഓളം മാത്രം. വീട്ടിൽ നിന്ന് വാഹനം ചാർജ് ചെയ്ത് യാത്ര പുറപ്പെടാമെങ്കിലും, ദീർഘദൂരയാത്രക്കാർക്ക് യാത്രാമദ്ധ്യേ ചാർജിംഗ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ടിവരും. ചാർജിംഗിന് സംവിധാനമില്ലാത്തിടത്തുവച്ച് ബാറ്ററി തീർന്നാൽ വഴിയിൽ കിടക്കേണ്ടിയും വരും. ദേശീയപാതകളിലും മറ്ര് പ്രധാന പാതകളിലും കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിൽ കൂടുതൽ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ് പരിഹാരം. അതിനുള്ള മനസ് വൈദ്യുതി ബോർഡ് കാണിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |