
ഉത്തമ ബോദ്ധ്യമുള്ള സാമൂഹ്യപ്രസക്തമായ കാര്യങ്ങളും സംഭവങ്ങളും ജനങ്ങളെ ശരിയായ രീതിയിൽ ധരിപ്പിക്കുക എന്നതാണ് വാർത്താ മാദ്ധ്യമങ്ങളുടെ കർത്തവ്യം. എന്നാൽ സോഷ്യൽ മീഡിയയുടെ വരവോടെ ഓരോ വ്യക്തിയും വാർത്തയുടെ ചുവരുകളായി മാറുകയും, വാർത്തകൾ എന്നത് ജനങ്ങളെ ധരിപ്പിക്കുന്നതിനപ്പുറം തെറ്റിദ്ധരിപ്പിക്കാനുള്ള ഉപാധിയായി പരിണമിക്കുകയും ചെയ്തിരിക്കുകയാണ്. ഓരോരുത്തരും അവരവരുടെ ഭാവനയ്ക്കനുസരിച്ച് കാര്യങ്ങൾ അവതരിപ്പിക്കുകയും, വെറും കേൾവിയുടെ അടിസ്ഥാനത്തിൽ പ്രസ്ഥാനങ്ങൾക്കും വ്യക്തികൾക്കുമെതിരെ യാതൊരു തെളിവിന്റെയും പിൻബലമില്ലാതെ ഗുരുതരവും നീചവുമായ രീതിയിൽ സ്വകാര്യത ലംഘിക്കുന്ന ആരോപണങ്ങൾ ഉയർത്തുകയും ചെയ്യുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്.
റീച്ച് കൂട്ടാൻ വേണ്ടി എന്ത് കള്ളത്തരവും കിന്നരിവച്ച സത്യമായി അവതരിപ്പിക്കുന്നത് സമൂഹത്തിൽ സൃഷ്ടിക്കുന്ന അസ്വസ്ഥതകളും ഭിന്നതകളും വളരെ വലുതാണ്. ചുരുക്കിപ്പറഞ്ഞാൽ സോഷ്യൽ മീഡിയ ഒരു നാഥനില്ലാക്കളരിയായി മാറിയിരിക്കുന്നു. കടിഞ്ഞാണില്ലാത്ത ഈ പോക്ക് പല കുടുംബബന്ധങ്ങൾ തകരാനും നിരപരാധികളുടെ ആത്മഹത്യകൾക്കും വരെ ഇടയാക്കുന്നത് വർദ്ധിച്ചുവരികയാണ്. നിർമ്മിതബുദ്ധി എന്ന എ.ഐയുടെ കടന്നുവരവോടെ കാണുന്നതും കേൾക്കുന്നതും പോലും വിശ്വസിക്കാനാവില്ല എന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇതിൽ പിടിമുറുക്കാനും എ.ഐയും മറ്റും ഉപയോഗിച്ച് നിർമ്മിക്കുന്ന ഉള്ളടക്കം നിയന്ത്രിക്കാനുമായി കേന്ദ്ര സർക്കാരിന്റെ ഐ.ടി മന്ത്രാലയം ഐ.ടി ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിജ്ഞാപനമിറക്കിയിരിക്കുകയാണ്. നിർമ്മിതബുദ്ധി ഉപയോഗിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ നടത്തുന്ന തട്ടിപ്പുകൾക്കും വ്യാജ പ്രചാരണങ്ങൾക്കും തടയിടാൻ ഉദ്ദേശിച്ചാണിത്. ഈ 20-ന് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും.
എ.ഐ ഉള്ളടക്കത്തെ 'സിന്തറ്റിക്കലി ജനറേറ്റഡ് ഇൻഫർമേഷൻ" എന്നാണ് ചട്ടങ്ങളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. എ.ഐ ഉപയോഗിച്ചും മറ്റും സൃഷ്ടിക്കുന്ന ഡീപ്‌ഫെയ്‌ക്ക് വീഡിയോയും ചിത്രങ്ങളും നീക്കണമെന്ന അധികൃതരുടെ ഉത്തരവ് ലഭിച്ചാൽ മൂന്ന് മണിക്കൂറിനകം അവ നീക്കണമെന്നാണ് പുതിയ ചട്ടങ്ങൾ അനുശാസിക്കുന്നത്. യഥാർത്ഥമെന്ന് തോന്നിപ്പിക്കും വിധമുള്ള ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളും കൃത്രിമമായി സൃഷ്ടിച്ചതാണെങ്കിൽ അക്കാര്യം പ്രത്യേക ലേബൽ നൽകി എഴുതിക്കാണിക്കുകയും വേണം.
2025 ഒക്ടോബറിലിറക്കിയ കരട് ചട്ടങ്ങളെക്കാൾ കർശനമാണ് അന്തിമ ചട്ടങ്ങൾ. സർക്കാർ ചുമതലപ്പെടുത്തിയ, ഡി.ഐ.ജിയിൽ കുറയാത്ത റാങ്കുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവ് ലഭിച്ചാൽ കൃത്രിമ ഉള്ളടക്കങ്ങൾ നീക്കാൻ 36 മണിക്കൂറാണ് ഫേസ്‌ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ഇടനിലക്കാർക്ക് കരടിൽ പറഞ്ഞിരുന്നത്. ഇതാണ് മൂന്നുമണിക്കൂറായി പുതിയ ഭേദഗതിയിൽ വെട്ടിക്കുറച്ചിരിക്കുന്നത്.
കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമം,അശ്ളീല ഉള്ളടക്കങ്ങൾ, സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ടവ, വ്യക്തികളെ തെറ്റിദ്ധരിപ്പിക്കുന്ന ഡീപ് ഫെയ്‌ക്ക് വീഡിയോകൾ എന്നിവയെല്ലാം ഇനിമുതൽ ഭാരതീയ ന്യായസംഹിത, പോക്‌സോ, സ്ഫോടകവസ്തു നിയമം എന്നിവ പ്രകാരം കുറ്റകരമായിരിക്കും. അവസാന ഉപയോക്താക്കളുടെ ഡാറ്റ സംഭരിക്കുകയോ കൈമാറുകയോ ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളെയാണ് ഇടനിലക്കാരായി നിർവചിച്ചിരിക്കുന്നത്. ജിയോ, ആമസോൺ, ഗൂഗിൾ, മെറ്റ തുടങ്ങിയ സേവന ദാതാക്കൾ, ഓൺലൈൻ മാർക്കറ്റ് പ്ളേസുകൾ, സെർച്ച് എൻജിനുകൾ, സമൂഹമാദ്ധ്യമങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചട്ടങ്ങൾ നടപ്പാക്കലിന്റെ ആദ്യഘട്ടം 50 ലക്ഷത്തിൽ കൂടുതൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ള വലിയ സമൂഹമാദ്ധ്യമ ഇടനിലക്കാരെ കേന്ദ്രീകരിച്ചായിരിക്കും. മെറ്റ, എക്സ് എന്നിവ പോലുള്ള വിദേശ കമ്പനികളെയാവും നിയമം പ്രധാനമായും ബാധിക്കുക. നാഥനില്ലാത്ത കളരിക്ക് നിയമങ്ങളിലൂടെ ഒരു കടിഞ്ഞാൺ ഉണ്ടായിരിക്കുന്നത് എന്തുകൊണ്ടും സ്വാഗതാർഹമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |