
സർക്കാരിന്റെ പരിപാടികൾ ജനങ്ങൾക്ക് മൊത്തത്തിൽ പ്രയോജനപ്പെടുന്നതും നാടിന് പൊതുവേ ഗുണകരമായതും ആയിരിക്കണം. അത് ഏതെങ്കിലുമൊരു രാഷ്ട്രീയ കക്ഷിക്കു മാത്രം നേട്ടമുണ്ടാക്കുന്നതായി മാറാൻ പാടില്ല. അതുപോലെ തന്നെ, സർക്കാർ നടപടിക്രമങ്ങളിൽ വീഴ്ചവരുത്തി ഏത് നടപടി സ്വീകരിച്ചാലും അത് കോടതികളിൽ ചോദ്യം ചെയ്യപ്പെടാം. കോടതിയുടെ മുന്നിൽ നടപടിയുടെ പ്രാധാന്യമല്ല, അതിനാവശ്യമായ അനുമതികൾ നേടിയതിന്റെ തെളിവാണ് പരിശോധിക്കപ്പെടുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെ ഔദ്യോഗിക വീഴ്ചയുടെ പേരിൽ സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്താൽപ്പോലും അത് കോടതിയിൽ റദ്ദാക്കപ്പെടാം. സർക്കാരിന്റെ നടപടിക്രമങ്ങൾ കോടതി സൃഷ്ടിച്ചതല്ല, സർക്കാർ തന്നെ രൂപം നൽകിയതാണ്. അത് സർക്കാർ തന്നെ ലംഘിക്കുമ്പോൾ കോടതികളിൽ നിന്ന് തിരിച്ചടി ലഭിക്കുക സ്വാഭാവികമാണ്.
സർക്കാർ തുടങ്ങിയ നവകേരള സർവേ നിറുത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് ധനവിനിയോഗ അനുമതിയില്ലാതെ പൊതുഫണ്ട് ഇതിനായി വിനിയോഗിക്കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്.
പദ്ധതി സർക്കാർ പ്രഖ്യാപിക്കുകയോ മന്ത്രിസഭ അംഗീകരിക്കുകയോ പോലും ചെയ്യുന്നതിന് മുൻപ് സി.പി.എം സംസ്ഥാന സെക്രട്ടറി അണികൾക്ക് ഇതിനെക്കുറിച്ച് കത്തു നൽകിയത് എങ്ങനെയാണെന്നു ചോദിച്ച കോടതി, ഇതിനു പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ കത്ത് ഹർജിക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ഓടക്കാലി സ്വദേശി എം.എച്ച്. മുബാസ് എന്നിവരാണ് ഹർജിക്കാർ. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സർവേ പാർട്ടി ആഹ്വാനത്തിൽ സർക്കാർ നടപ്പാക്കി എന്നായിരുന്നു ഹർജിക്കാരുടെ ആരോപണം.
സർവേ സംബന്ധിച്ച് 2025 ഒക്ടോബർ 10-ന് ഇറക്കിയ ഉത്തരവിലെയും അനുബന്ധ ഉത്തരവുകളിലെയും തുടർ നടപടികളും കോടതി റദ്ദാക്കി. റൂൾസ് ഒഫ് ബിസിനസിൽ (സർക്കാരിന്റെ നടപടി ചട്ടങ്ങൾ) ഉൾപ്പെടുത്താതെ, സ്‌പെഷ്യൽ പി.ആർ ക്യാമ്പെയ്ൻ എന്ന പേരിൽ തുക അനുവദിക്കാനോ ചെലവഴിക്കാനോ പാടില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. സർവേക്കായി സർക്കാർ 20 കോടി അനുവദിച്ച ഉത്തരവടക്കമാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോഴാണ് സർവേയ്ക്കുള്ള നടപടികൾ തുടങ്ങിയത്. ജനുവരി ഒന്നിന് തുടങ്ങിയ സർവേ ഈ മാസം 28 വരെയാണ് നിശ്ചയിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുമ്പേ തീർക്കുകയായിരുന്നു ലക്ഷ്യം.
ശരിയായ ഉദ്ദേശ്യശുദ്ധി ഇല്ലായ്മയാണ് സർക്കാരിന്റെ അയ്യപ്പസംഗമവും സർവേയുമൊക്കെ പൊളിയാൻ കാരണം. സർവേ നടത്തുന്നത് നാടിന്റെ പൊതുവായ നന്മയും ക്ഷേമവും മുൻനിറുത്തിയാവണം. അല്ലാതെ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയാവരുത്. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ സർവേ ഫലം സർക്കാരിനെ വെള്ളപൂശുന്നതായിരിക്കുമെന്ന് ഏതു ശിശുവിനും അറിയാവുന്നതാണ്. ഇത്തരം ചെപ്പടിവിദ്യകൾക്കൊന്നും പോകാതെ സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനുള്ള പ്രചാരണങ്ങൾ നടത്തിയാൽ അതിനെ ആർക്കും കുറ്റം പറയാനാവില്ല. അല്ലാതെ ആളുകളുടെ കണ്ണിൽ പൊടിയിടാൻ ഇതുപോലെ സർവേയും സംഗമവുമൊക്കെ നടത്തിയാൽ, അതൊക്കെ തിരിച്ചടിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |