SignIn
Kerala Kaumudi Online
Sunday, 08 March 2026 8.25 AM IST

കണ്ണീരും വിയർപ്പും തിളങ്ങുന്ന റാങ്കുകാർ

Increase Font Size Decrease Font Size Print Page
s

ഒരുകാലത്ത് സിവിൽ സർവീസ് പരീക്ഷയും നിയമനങ്ങളും സാധാരണക്കാർക്ക് കൈയെത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിലുള്ള പൂങ്കൊമ്പുകളായിരുന്നു. ഉന്നതവിജയം നേടുന്നവരിൽ നല്ലൊരു പങ്കും ഉത്തരേന്ത്യക്കാരും ഹിന്ദിയിൽ പ്രാവീണ്യം നേടിയവരുമായിരുന്നു. ചിട്ടയായ പഠനവും കഠിനാദ്ധ്വാനവും ഉണ്ടെങ്കിൽ കഴിവുള്ള ആർക്കും സിവിൽ സർവീസ് കരഗതമാകുമെന്ന് കഴിഞ്ഞ കുറെക്കാലമായുള്ള റാങ്ക് ജേതാക്കളുടെ പട്ടിക വ്യക്തമാക്കുന്നു. 2025-ലെ സിവിൽ സർവീസ് റാങ്ക് ജേതാക്കളുടെ പട്ടികയിൽ 47 മലയാളികളുണ്ട്. ആദ്യ 50 റാങ്കുകാരിൽ മലയാളികളില്ല. 57-ാം റാങ്ക് നേടിയ തിരുവനന്തപുരം നരുവാമൂട് വെള്ളാപ്പള്ളി 'രോഹിണി ഭവനി"ൽ ശ്രീജ ജെ.എസ് ആണ് മലയാളികളിൽ മുന്നിൽ. 68-ാം റാങ്ക് നേടിയ കൊല്ലം ആശ്രാമം ഗാന്ധിനഗർ 'നാരായണീയ"ത്തിൽ ആദിത്യ നാരായൺ രണ്ടാമതെത്തി.

തിരുവനന്തപുരം ആനയറ കല്ലുംമൂട് ശിവറാം ഗാർഡൻസ് 'ശാന്താനിവാസി"ൽ ഗോപിക (റാങ്ക്: 105), കാഴ്ചപരിമിതിയുള്ള കോഴിക്കോട് ചാത്തങ്ങാട്ടുനട 'നല്ലംകുഴിയിൽ" വീട്ടിൽ അജയ് ആർ. രാജ് (109), പെരുമ്പാവൂർ കോടനാട് 'ശ്രീദേവി വിലാസി"ൽ വിനീത് ലോഹിതാക്ഷൻ (129), തൃശൂർ ചേറ്റുപുഴ 'വട്ടപ്പിള്ളി" വീട്ടിൽ ശ്രീലക്ഷ്മി വി.സി (133), തൃശൂർ ആറാട്ടുപുഴ 'മുള്ളോത്തു" വീട്ടിൽ വിഷ്ണുപ്രിയ (140), തിരുവനന്തപുരം കണ്ണമ്മൂല വിദ്യാധിരാജ റോഡ് 'കൃഷ്ണപ്രിയ"യിൽ സൂര്യ വി.കെ. (162), കോട്ടയം കാഞ്ഞിരം കൊക്കാട് ദിവ്യ. എസ് (166), കാസർകോട് നീലേശ്വരം 'കൺമഷി" വീട്ടിൽ കാജൽ രാജു (167), കണ്ണൂർ പള്ളിക്കുന്ന് രാമത്തെരു 'ഓങ്കാറി"ൽ നിതിൻ പ്രദീപ് (172) എന്നിവർ ഇരുനൂറിനകത്ത് റാങ്ക് നേടി. ഇരുന്നൂറിനും മുന്നൂറിനും ഇടയിൽ ഒമ്പത് മലയാളികളുണ്ട്. ഇവരെല്ലാം കേരളത്തിന്റെ അഭിമാനമുയർത്തിയ സമർത്ഥരാണ്. ഇപ്പോൾ സിവിൽ സർവീസിന് തയ്യാറെടുക്കുന്നവർക്ക് മാതൃകയാണ് ഇവരുടെ ജീവിതാനുഭവ പാഠങ്ങൾ.

നഗരപ്രദേശങ്ങളിലുള്ളവരും സിവിൽ സർവീസ് പരിശീലനത്തിന് സാമ്പത്തിക ശേഷിയുള്ളവരുമാണ് മുമ്പൊക്കെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്നതെങ്കിൽ,​ ഇപ്പോൾ അത് മാറിവരുന്നു. കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള ഗ്രാമപ്രദേശങ്ങളിലെ സാധാരണ കുടുംബങ്ങളിൽപ്പെട്ടവരും റാങ്ക് ജേതാക്കളിൽപ്പെടുന്നു. ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ജയിച്ചവരും നിരവധി. അവരുടെ വിജയത്തിന് പ്രത്യേക തിളക്കമുണ്ട്. മലയാളികളിൽ 57-ാം റാങ്കോടെ മുന്നിലെത്തിയ ശ്രീജ ജെ.എസിന്റെ നേട്ടം പലതുകൊണ്ടും മാറ്റ് കൂടിയതാണ്. കുടുംബം പുലർത്താൻ ചോര നീരാക്കി കൂലിപ്പണി ചെയ്യുന്ന ജയകുമാറിന്റെയും,​ മകളെ പഠിപ്പിക്കാൻ കെട്ടുതാലിവരെ പണയപ്പെടുത്തിയ ഷീജകുമാരിയുടെയും മകളാണ് ഈ മിടുക്കി. പണിതീരാത്ത വീട്ടിലാണ് താമസം. മകളുടെ പഠനം മുടങ്ങാതിരിക്കാൻ നിർമ്മാണത്തൊഴിലാളിയായ പിതാവ് ഏതു ജോലിയും ചെയ്യുമായിരുന്നു. കിലോമീറ്ററുകൾ അകലെയുള്ള ആറ്റിങ്ങൽ വരെ സൈക്കിൾ ചവിട്ടിയാണ് കൂലിപ്പണിക്ക് പോയിരുന്നത്. നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവുമാണ് നിർദ്ധന കുടുംബാംഗമായ ശ്രീജയുടെ പ്രിയപ്പെട്ട കൂട്ടുകാർ.

തന്റെ 'വിഷൻ ബോർഡി"ൽ കുറിച്ചിട്ട ശ്രീജയുടെ മൂന്ന് സ്വപ്നങ്ങൾ അതു സാക്ഷ്യപ്പെടുത്തുന്നു. 2026-ൽ ഐ.എഫ്.എസ് നേടും. വീടിന്റെ പണി പൂർത്തിയാക്കും. പിന്നെ വിവാഹം കഴിക്കണം. പഠിക്കാനുള്ള ഭൗതിക സാഹചര്യങ്ങളോ സാമ്പത്തിക ഭദ്രതയോ അല്ല ഉയരങ്ങളിലെത്താൻ സഹായിക്കുന്നത്; ഇച്ഛാശക്തിയും ആത്മബലവുമാണ്. ഇന്റർവ്യൂ ബോർഡിലെ ഒരംഗം മുന്നിലിരുന്ന ചിപ്‌സ് ചൂണ്ടിക്കാട്ടി 'ഇതെന്താ ഇതിനിത്ര സ്വാദ്" എന്ന് ചോദിച്ചപ്പോൾ,​ 'കേരളത്തിലെ വെളിച്ചെണ്ണയുടെയും തേങ്ങയുടെയും രുചിയാകാം" എന്ന, ലളിതവും സ്വാഭാവികവുമായ ശ്രീജയുടെ മറുപടിയിൽത്തന്നെ ഗ്രാമീണമായ ഒരു നൈർമ്മല്യമുണ്ട്. മാറിയ ജീവിതശൈലിയുടെ പ്രലോഭനങ്ങളിലും ഭ്രമങ്ങളിലും പെട്ട് പുതുതലമുറയിലെ ഒരു വിഭാഗം ലക്ഷ്യബോധം മറക്കുമ്പോൾ നിശ്ചയദാർഢ്യത്തോടെ ഉന്നതങ്ങളിലെത്തുന്ന ഇതുപോലുള്ള പരിശ്രമശാലികൾ സമൂഹത്തിനും വിദ്യാർത്ഥികൾക്കും മാതൃകയാണ്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.