SignIn
Kerala Kaumudi Online
Friday, 26 April 2024 8.59 AM IST

ആര്യാടനെന്ന രാഷ്ട്രീയ തന്ത്രജ്ഞൻ

aryadan-muhammed-

പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ സജീവസാന്നിദ്ധ്യമായി നിലകൊണ്ട ആര്യാടൻ മുഹമ്മദിന്റെ വിയോഗം കോൺഗ്രസിന് മാത്രമല്ല, മതേതര കേരളത്തിനു തന്നെ തീരാനഷ്ടമാണ്.എഴുപതു വർഷത്തെ പ്രവർത്തന കാലയളവിൽ എട്ടു തവണ നിയമസഭാ സാമാജികനായും, നാലു തവണ സംസ്ഥാന മന്ത്രിസഭയിൽ അംഗമായും തിളങ്ങിയ ആര്യാടന്, എതിരാളികളോട് കൊണ്ടും കൊടുത്തും അടവുകൾ പയറ്റിയ രാഷ്ട്രീയ തന്ത്രജ്ഞനെന്ന വിശേഷണമാകും കൂടുതൽ ഇണങ്ങുക.

കൗശലങ്ങൾ പ്രയോഗിക്കേണ്ടിടത്ത് തന്ത്രപരമായ കൗശലങ്ങളും , അനുഭവ പാരമ്പര്യത്തിന്റെ പരിചയസമ്പത്തും പ്രകടമാക്കിയ ആര്യാടനെപ്പോലൊരു നേതാവിനെ കോൺഗ്രസിൽ ഇന്നു കണ്ടുകിട്ടാൻ പ്രയാസമാകും. മതനിരപേക്ഷതയും പ്രായോഗികജ്ഞാനവുമായിരുന്നു ഈ രാഷ്ട്രീയ നേതാവിന്റെ കൈമുതൽ.തികഞ്ഞ മതേതരവാദിയായ ഒരു ദേശീയ മുസ്ലിമായിരുന്നു ആര്യാടൻ മുഹമ്മദ് .

സമീപകാലം വരെയും മലബാറിലെ കോൺഗ്രസിന്റെ മേൽവിലാസമായിരുന്നു ആര്യാടൻ. മുന്നണിയിൽ നിൽക്കുമ്പോഴായാലും അല്ലെങ്കിലും മലബാറിൽ മുസ്ലിം ലീഗിനോട് പോരാടിയാണ് ആര്യാടൻ കളമുറപ്പിച്ചത്.പറയാനുള്ളത് വെട്ടിത്തുറന്നു പറയാൻ ഒരിക്കലും മടിച്ചില്ല.മുന്നണിബന്ധങ്ങളെ ബാധിക്കുമോ ഇല്ലയോ എന്നൊന്നും നോക്കാതെ ലീഗിന്റെ യാഥാസ്ഥിതിക നിലപാടുകളെ ആര്യാടൻ എന്നും വെല്ലുവിളിച്ചു.തന്റെ രാഷ്ട്രീയ നിലപാട് ആരുടെ മുന്നിലും പറയാനുള്ള ധൈര്യമാണ് മറ്റുള്ള നേതാക്കളിൽ നിന്ന് ആര്യാടനെ വ്യത്യസ്തനാക്കിയത്.

കോൺഗ്രസിലെ എ , ഐ ഗ്രൂപ്പുപോരിൽ എന്നും എ ഗ്രൂപ്പിന്റെ മുന്നണിപ്പോരാളിയായിരുന്നു ആര്യാടൻ.സാക്ഷാൽ കെ.കരുണാകരനോടാണ് പലപ്പോഴും അദ്ദേഹം ഏറ്റുമുട്ടിയത്. ഒളിഞ്ഞും തെളിഞ്ഞുമുള്ള ആ പോരിൽ ആരു ജയിച്ചു തോറ്റു എന്നതിന് ഇപ്പോൾ വലിയ പ്രസക്തിയില്ല.എന്നാൽ, ചേരിതിരിഞ്ഞുള്ള ആ രാഷ്ട്രീയ പോരാട്ടത്തിൽ ആര്യാടന്റെ നിലപാടുകളും തന്ത്രങ്ങളും എത്ര മാത്രം പ്രധാനമായിരുന്നുവെന്ന് അന്നത്തെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പിന്നാമ്പുറം ചികഞ്ഞാൽ മനസിലാകും.നിയമസഭയിലാണ് ആര്യാടന്റെ പകർന്നാട്ടം ഏറ്റവും ചർച്ചയായിരുന്നത്. പ്രായോഗിക പരിജ്ഞാനത്തിന്റെ സർവകലാശാലയിൽ നിന്നായിരുന്നു ആര്യാടൻ നിയമസഭയിൽ കത്തിക്കയറിയത്.ഏതു വിഷയമായാലും,അത് ഇനി ബഡ്ജറ്റ് ചർച്ചയായാലും ആര്യാടൻ സംസാരിക്കാൻ എഴുന്നേൽക്കുമ്പോൾ എതിർ ബെഞ്ചുകൾ നിശബ്ദമാകുമായിരുന്നു.ആര്യാടനെ വകുപ്പുകളും ചട്ടങ്ങളും പറഞ്ഞ് പ്രതിരോധിക്കുക എളുപ്പമായിരുന്നില്ലെന്ന് അക്കാലത്തെ നിയമസഭാനടപടികൾ വീക്ഷിച്ചവർക്കറിയാം.എതിർപക്ഷം ആഞ്ഞടിച്ചു മുന്നേറാൻ ശ്രമിക്കുമ്പോൾ ,ആ കുന്തമുനയുടെ മൂർച്ഛ കുറയ്ക്കാൻ ക്രമപ്രശ്നവുമായി എഴുന്നേൽക്കുന്ന ആര്യാടന്റെ മുഖം കേരളനിയമസഭയുടെ ചരിത്രത്തിൽ എന്നുമുണ്ടാകും. ഏതു വിഷയമാണെങ്കിലും പഠിച്ച് അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.നിയമസഭാ നടപടിക്രമങ്ങൾ ഹൃദിസ്ഥമാക്കിയ ആ മാതൃക വരുംതലമുറകൾക്കും അനുകരിക്കാവുന്നതാണ്.

പൊതുവെ ഇടതുപക്ഷത്തിനു മേൽക്കൈയ്യുണ്ടായിരുന്ന നിലമ്പൂരിൽ നിന്നാണ് ആര്യാടൻ മുഹമ്മദ് കേരള രാഷ്ട്രീയത്തിന്റെ പൊതു വിഹായസ്സിലേക്ക് ചിറകടിച്ചുയർന്നത്.രണ്ട് തവണ തന്നെ തോൽപ്പിച്ച സി.പി.എം നേതാവ് കെ.കുഞ്ഞാലിയുടെ കൊലപാതകക്കേസിൽ പ്രതി ചേർക്കപ്പെട്ട ആര്യാടൻ പിൽക്കാലത്ത് കുറ്റവിമുക്തനായി. എട്ടു തവണയും അദ്ദേഹം നിലമ്പൂർ മണ്ഡലത്തെയാണ് നിയമസഭയിൽ പ്രതിനിധീകരിച്ചത്. ഇ.കെ.നായനാർ മന്ത്രിസഭയിലാണ് അദ്ദേഹം ആദ്യം മന്ത്രിയാകുന്നത്.തൊഴിൽ ,വനം വകുപ്പുകളുടെ ചുമതലയായിരുന്നു.പിന്നീട് എ.കെ.ആന്റണി,ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ തൊഴിൽ ,ടൂറിസം ,വൈദ്യുതി വകുപ്പുകൾ കൈകാര്യം ചെയ്തു.മന്ത്രിയായി പ്രവർത്തിച്ച വകുപ്പുകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ട്രേഡ് യൂണിയൻ ലീഡറെന്ന നിലയിൽ വലിയ സംഭാവനകൾ നൽകിയ രാഷ്ട്രീയക്കാരനാണ് ആര്യാടൻമുഹമ്മദ്. ഈ പാരമ്പര്യം മന്ത്രിയായിരിക്കുമ്പോൾ വലിയതോതിൽ അദ്ദേഹത്തിനു ഗുണം ചെയ്തിട്ടുണ്ട്. തൊഴിൽത്തർക്കങ്ങൾ പരിഹരിക്കുന്ന ചർച്ചകളിൽ, അതിനി തന്റെ വകുപ്പിന്റെ ഭാഗമല്ലെങ്കിൽക്കൂടി ആര്യാടൻ അംഗമാകുമായിരുന്നു.മലബാറിന്റെ വികസനത്തിലും നിർണായകമായ പങ്കു വഹിച്ച നേതാവാണ് ആര്യാടൻ. ന്യൂനപക്ഷതീവ്രവാദം ശക്തമാകുന്ന വേളയിലാണ് ആര്യാടനെപ്പോലെ തികഞ്ഞ മതേതരവാദിയായ ഒരു നേതാവ് വിടപറയുന്നത്.സമൂഹത്തിന് അദ്ദേഹത്തെപ്പോലെ കറകളഞ്ഞ മനുഷ്യസ്നേഹികൾ ആവശ്യമായ ഘട്ടമാണിത്.

ഞങ്ങളെ സംബന്ധിച്ചിടത്തോളം,പത്രാധിപരുടെ കാലം മുതൽക്കെ ആര്യാടനുമായി ദൃഢമായ ബന്ധമാണുള്ളത്. ദീർഘകാലത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവർത്തന കാലയളവിലുടനീളം ആ ബന്ധം ഊഷ്മളമായി നിലകൊണ്ടു.പ്രിയ സുഹൃത്തിന്റെ വേർപാടിൽ അനുശോചിക്കുകയും, കുടംബത്തിന്റെയും അനുയായികളുടെയും ദു:ഖത്തിൽ ഞങ്ങൾ പങ്കു ചേരുകയും ചെയ്യുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.