SignIn
Kerala Kaumudi Online
Saturday, 27 April 2024 12.07 AM IST

ഇലക്ട്രിക് വാഹനങ്ങളും കേരളവും

ecar

കേരളത്തിൽ ഇലക്ട്രിക് കാറുകളുടെ ഉപയോഗം കൂടുന്നത് ശുഭകരമായ സൂചനയാണ്. ഇത്തരം കാറുകളുടെ രജിസ്ട്രേഷനിൽ കേരളം രാജ്യത്ത് രണ്ടാംസ്ഥാനത്തെത്തി. ഈ വ‌‌ർഷം ഇതുവരെ 1461കാറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2377 കാറുകളുമായി മഹാരാഷ്ട്രയാണ് മുന്നിൽ. വർദ്ധിക്കുന്ന ഇന്ധനവിലയും വായുമലിനീകരണവും നേരിടാൻ മികച്ച വഴിയായി ഇലക്ട്രിക് വാഹനങ്ങളെ കണക്കാക്കാം. 2017-ൽ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞത് 2030 - ഓടെ ഇന്ത്യയിലെ സ്വകാര്യ കാറുകളിൽ 30 ശതമാനം, വാണിജ്യ വാഹനങ്ങളിൽ 70 ശതമാനം , ബസുകളിൽ 40 ശതമാനം, ഇരുചക്ര വാഹനങ്ങളിൽ 80 ശതമാനം എന്നിങ്ങനെ ഇലക്ട്രിക് ആയി മാറ്റാനാണ് ലക്ഷ്യമെന്നാണ്.

കൊവി‌ഡിന്റെ കടന്നുവരവിൽ സാമ്പത്തികരംഗം മന്ദീഭവിച്ചത് തിരിച്ചടിയായി. ഇല്ലായിരുന്നെങ്കിൽ ഈ ലക്ഷ്യം നേടാനാവുമായിരുന്നു. അതേസമയം കൊവിഡ് വന്നത് കാറുകളുടെ വില്‌പന കാര്യമായി ഉയർത്തുകയും ചെയ്തു. ഇലക്ട്രിക് വാഹനങ്ങളുടെ വില്‌പനയും മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടി. ലോകം ഇരുചക്ര വാഹനങ്ങളിലാണ് സഞ്ചരിക്കുന്നതെന്നും അതാണ് ആദ്യം ഇലക്ട്രിക് മോഡിലേക്ക് മാറേണ്ടതെന്നും അഭിപ്രായമുള്ളവരുണ്ട്.

ഇലക്ട്രിക് വാഹന വിപണിയും അവ ഉപയോഗിക്കുന്നവരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ചാർജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തതയാണ്. ഇത് പരിഹരിക്കാൻ സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും വലിയ ഇടപെടലുകൾ നടത്താനാകും. സർക്കാർ തലത്തിൽ കൂടുതൽ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കപ്പെടണം. പ്രത്യേകിച്ചും കേരളത്തിൽ വാഹനങ്ങളുടെ എണ്ണം കൂടാൻ തുടങ്ങിയ സ്ഥിതിക്ക്. ഇലക്ട്രിക് വാഹനങ്ങൾ ഉള്ളവർ ഇപ്പോൾ അവ ഹ്രസ്വദൂര ഓട്ടങ്ങൾക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂടിയാൽ ഇതിൽ മാറ്റം വരും. സർക്കാർ സ്ഥലം വാടകയ്ക്ക് നല്‌കിയാൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ സ്വകാര്യ വ്യക്തികളും മുന്നോട്ട് വരും. 2025 കഴിഞ്ഞാൽ സാമ്പത്തിക രംഗത്ത് വൻ കുതിപ്പുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്. അങ്ങനെ വരുമ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിലും വർദ്ധന ഉണ്ടാകും. അതിന് മുമ്പ് തന്നെ അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് ആവശ്യമാണ്. ഇപ്പോൾത്തന്നെ അത് പലയിടത്തും തുടങ്ങിയിട്ടുണ്ടെങ്കിലും വേഗത പോരാ.

ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ കാർ സ്വന്തമാക്കാൻ ഇപ്പോൾ അഞ്ച് മുതൽ ഏഴ് ലക്ഷം രൂപ വരെ ചെലവ് വരും. ഇതിന്റെ രണ്ടിരട്ടിയും അതിലേറെയുമാകും ഇലക്ട്രിക് കാറുകളുടെ വില. ഇലക്ട്രിക് കാറിന്റെ വിലയുടെ പകുതിയും ബാറ്ററിക്കാണ് ആകുന്നത്. കെമിക്കൽ മേഖലയിൽ വിപ്ളവകരമായ മാറ്റങ്ങൾ ഇനിയും ഇന്ത്യയിൽ നടക്കേണ്ടതുണ്ട്. ചെെനയിൽ നിർമ്മിക്കുന്ന ബാറ്ററികളും മറ്റുമാണ് പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത്. കാലം കഴിയുമ്പോൾ കൂടുതൽ നാൾ ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററികൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാകും. ഇലക്ട്രിക് വാഹനങ്ങളുടെ വില്‌പന കൂടുകയും ബാറ്ററി വില താഴുകയും ചെയ്താൽ ഇലക്ട്രിക് കാറുകൾ സാധാരണക്കാർക്കും വാങ്ങാൻ കഴിയുന്നതായി മാറും. കേന്ദ്രം ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളെ അഞ്ച് ശതമാനം ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയതും രജിസ്ട്രേഷൻ ചാർജ് ഒഴിവാക്കിയതുമായ സൗജന്യങ്ങൾ സാധാരണക്കാർക്കും ഇത്തരം വാഹനങ്ങൾ വാങ്ങാൻ കഴിയുന്നതുവരെ തുടരണം. അതോടൊപ്പം ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററികൾ ഉപേക്ഷിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന മാലിന്യപ്രശ്നം പരിഹരിക്കാൻ എന്തൊക്കെ വേണമെന്നുള്ളത് ഇപ്പോഴേ കേരളം ചിന്തിച്ചു തുടങ്ങുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTRIC VEHICLE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.