വീണ്ടുമൊരു വൈദ്യുതി നിരക്കു വർദ്ധനയുടെ ആഘാതത്തിലാണ് നമ്മൾ. യൂണിറ്റിന് ശരാശരി 20 പൈസയുടെ വർദ്ധന! വൈദ്യുതിയുമായി ബന്ധപ്പെട്ട ഏതു വാർത്തയും ജനം താത്പര്യത്തോടെ ശ്രദ്ധിക്കും. നിർഭാഗ്യമെന്നു പറയട്ടെ, നിരക്കു വർദ്ധനയുടേതോ വൈദ്യുതി പ്രതിസന്ധിയുടേതോ ആവും മിക്കപ്പോഴും വാർത്തകൾ. വൈദ്യുതി നിരക്ക് അടിക്കടി വർദ്ധിപ്പിക്കുന്ന നാട്ടിൽ, ബില്ലടച്ചു മുടിഞ്ഞ് വൈദ്യുതി ബോർഡിനെ ജനം നിരന്തരം പഴിക്കുന്ന സംസ്ഥാനത്ത്, ആഹ്ളാദകരവും പ്രതീക്ഷാനിർഭരവുമായ ഒരു വൈദ്യുതി വർത്തമാനം ഞങ്ങൾ ഇന്നലെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഇടുക്കിയിലെ മുക്കുടത്ത് ചതുരക്കള്ളിപ്പാറയിൽ ചെറിയൊരു അണക്കെട്ടു നിർമ്മിച്ച് ചെറുകിട ജലവൈദ്യുതി പദ്ധതി യാഥാർത്ഥ്യമാക്കിയ കമ്പിളിക്കണ്ടം സ്വദേശി രാകേഷ് റോയിയെയും, അദ്ദേഹത്തിന്റെ ആറ് സുഹൃത്തുക്കളെയും കുറിച്ചായിരുന്നു ആ കൗമുദി സ്പെഷ്യൽ. സംസ്ഥാനത്ത് പന്ത്രണ്ടാമത്തെ സ്വകാര്യ ജലവൈദ്യുതി പദ്ധതിയാണ് മുക്കുടത്തേത്. പ്രതിവർഷം ഉത്പാദിപ്പിക്കുന്നത് 11 ദശലക്ഷം യൂണിറ്റ്. ഇതിൽ 10,000 യൂണിറ്റ് സൗജന്യമായി നൽകുന്നത് രാകേഷിന്റെ മുത്തച്ഛനും അച്ഛനും ജോലിചെയ്തിരുന്ന അടിമാലി താലൂക്ക് ആശുപത്രിക്ക്. വൈദ്യുതി ബോർഡിനു നൽകുന്ന ആകെ വൈദ്യുതിയിൽ നിന്ന് ഇതിന്റെ വില കുറയ്ക്കുകയാണ് ചെയ്യുന്നത്.
എൻജിനിയറിംഗ് ബിരുദധാരിയാണ് രാകേഷ്. കുറേ വർഷം മുമ്പ് കമ്പിളിക്കണ്ടം പാറത്തോട് തോട്ടിലെ വെള്ളത്തിന്റെ കുത്തിയൊഴുക്ക് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഒരു വൈദ്യുതി പദ്ധതിയുടെ ആശയം രാകേഷിനു തോന്നിയത്. എൻജിനിയറിംഗ് കോളേജിലെ സുഹൃത്തുക്കളായ സഹപാഠികളെ വിളിച്ചുവരുത്തി രാകേഷ് ആശയം അവതരിപ്പിച്ചു. അങ്ങനെ ഒൻപതു വർഷം മുമ്പ് ഇലക്ട്രോ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ അവരുടെ കമ്പനിക്ക് തുടക്കമായി. പല സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന ആറു സുഹൃത്തുക്കൾ പാർട്ണർമാർ. 2015-ൽ സർക്കാരിനു സമർപ്പിച്ച പദ്ധതി റിപ്പോർട്ടിന് മൂന്നു വർഷം കഴിഞ്ഞ് അനുമതി കിട്ടി. അനന്തര കഥയാണ് ആദ്യം പറഞ്ഞത്.
പ്രതിമാസം 500 മുതൽ 1500 മെഗാവാട്ട് വരെ വൈദ്യുതി കമ്മിയുള്ള സംസ്ഥാനത്ത്, വൻകിട പദ്ധതികളിൽ നിന്നല്ലാതെ ഉത്പാദിപ്പിക്കാവുന്ന ഓരോ മെഗാവാട്ടിനും പ്രാധാന്യമുണ്ട്. രാകേഷിന്റെ ചെറുകിട പദ്ധതിയുടെ ശേഷി നാലു മെഗാവാട്ട് ആണ്. നാല്പത്തിനാല് നദികളും എണ്ണമറ്റ തോടുകളുമുള്ള കേരളത്തിൽ യാഥാർത്ഥ്യമാക്കാവുന്ന ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ സാദ്ധ്യതയിലേക്ക് വിരൽചൂണ്ടുന്നതാണ് മുക്കുടം മോഡൽ. പരിസ്ഥിതി കാരണങ്ങൾകൊണ്ടും അല്ലാതെയും, സംസ്ഥാനത്ത് ഇനി വൻകിട ജലവൈദ്യുതി പദ്ധതികൾക്ക് സാദ്ധ്യത തീരെക്കുറവാണെന്ന് എല്ലാവർക്കും അറിയാം. സൗരോർജ്ജ വൈദ്യുതി പ്രോത്സാഹിപ്പിക്കാൻ സർക്കാർ പലവഴിക്കു ശ്രമിക്കുന്നെങ്കിലും അതിന്റെ പരാധീനകളും അറിയാം.
പുതുസംരംഭങ്ങൾ പരീക്ഷിക്കപ്പെടുന്ന സ്റ്റാർട്ട്അപ്പുകളുടെ കാലമാണ്. സഹായത്തിനും ഉപദേശത്തിനും സ്റ്റാർട്ടപ്പ് മിഷനുണ്ട്. പക്ഷേ, രാകേഷ് സഹായം തേടിയതും കൂടെക്കൂട്ടിയതും വിഷയ വിവരമുള്ള സുഹൃത്തുക്കളെയാണ്. സംസ്ഥാനത്ത് എൻജിനിയറിംഗ് ബിരുദധാരികൾ എത്രയോ ഉണ്ട്. ഇത്തരം പുതിയ ആശയങ്ങളും പുതിയ സംരംഭങ്ങളും പിറവിയെടുക്കേണ്ടത് അവരുടെ മനസ്സിലാണ്. വൈദ്യുതി സംരംഭങ്ങളുടെ കാര്യത്തിൽ കെ.എസ്.ഇ.ബി അതിന് എല്ലാ പിന്തുണയും നൽകണം. ചെറുകിട പദ്ധതികൾക്ക് സാദ്ധ്യതയുള്ള സ്ഥലം ബോർഡ് തന്നെ കണ്ടെത്തി, പ്രോജക്ട് ഏറ്റെടുക്കാൻ സന്നദ്ധതയുള്ള സംരംഭകരെ തിരയുകയാണ് ഇതുവരെ ചെയ്തിരുന്നത്. മുക്കുടത്ത് സ്ഥലം കണ്ടെത്തിയത് കുറച്ചു ചെറുപ്പക്കാരാണ്.
വൈദ്യുതി കമ്മി നികത്താൻ പുറത്തുനിന്ന് വലിയ വില കൊടുത്ത് അതു വാങ്ങുന്ന സംസ്ഥാനമാണ് നമ്മുടേത്. ഇങ്ങനെ വരുന്ന അധികഭാരം ഉപയോക്താക്കൾക്കു മേൽ കെട്ടിവയ്ക്കുന്നതാണ് ബോർഡിന്റെ ശീലം. വൈദ്യുതി ഉപയോഗം ദിവസം ചെല്ലുന്തോറും കൂടുകയല്ലാതെ ഒരിക്കലും കുറയാൻ പോകുന്നില്ലെന്ന് നമുക്കറിയാം. ഈ പശ്ചാത്തലത്തിലാണ് മുക്കുടം മോഡൽ ചെറുകിട പദ്ധതികളുടെ പ്രാധാന്യമേറുന്നത്. താത്പര്യവുമായി മുന്നോട്ടുവരുന്ന സംരംഭകർക്ക് പദ്ധതിയുടെ സാദ്ധ്യതയും സാങ്കേതികതയും പറഞ്ഞുകൊടുത്ത് പ്രോത്സാഹനം നൽകേണ്ടത് വൈദ്യുതി ബോർഡും സർക്കാരുമാണ്. വൻകിട പദ്ധതികൾക്കു സാദ്ധ്യതയില്ലാത്ത സാഹചര്യത്തിൽ ഇനി വേണ്ടത് ഇത്തരം ചെറു പദ്ധതികളാണെന്ന് എല്ലാവരും തിരിച്ചറിയണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |