SignIn
Kerala Kaumudi Online
Thursday, 19 September 2024 9.40 AM IST

ഹർഷീന നിയമവഴി തേടണം

Increase Font Size Decrease Font Size Print Page

harsheena

പ്രസവശസ്‌ത്രക്രിയയ്ക്കിടെ ഡോക്ടറുടെയും മറ്റും അശ്രദ്ധകൊണ്ട് ഹർഷീന എന്ന യുവതി വയറ്റിൽ കത്രികയുമായി ജീവിച്ചത് ദിവസങ്ങളോ ആഴ്ചകളോ അല്ല. സുദീർഘമായ അഞ്ചുവർഷമാണ്. ചികിത്സയ്ക്കിടെയുണ്ടാകുന്ന പിഴവുകൾ നമ്മുടെ നാട്ടിൽ അസാധാരണമല്ല. ചികിത്സയ്ക്കെത്തി ആശുപത്രി പിഴവുകൾ കാരണം അല്പായുസുകളാകുന്ന അനവധി പേരുണ്ട്. അവരുടെ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കുമുണ്ടായ സ്വകാര്യ നഷ്ടമെന്നതിനപ്പുറം അത് വലിയ കുറ്റകൃത്യമായോ പാതകമായോ വളരാറില്ലെന്നതാണ് വാസ്തവം. ആദ്യം ചില പൊട്ടിത്തെറിയൊക്കെ ഉണ്ടായേക്കാം. പിന്നീട് കെട്ടടങ്ങും.

കോഴിക്കോട് അടിവാരം സ്വദേശിനി ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കാര്യം അഞ്ചുവർഷം കഴിഞ്ഞപ്പോഴാണ് അറിയുന്നത്. കഠിനമായ വേദനയും രോഗാവസ്ഥയും മൂർച്ഛിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് അത് വെളിപ്പെട്ടത്. പ്രസവത്തിന് പ്രവേശിപ്പിക്കപ്പെട്ട കോഴിക്കോട് മെഡിക്കൽ കോളേജിനു സംഭവിച്ച ഗുരുതരവീഴ്ച കണ്ടുപിടിക്കുന്നതുവരെ യുവതി വളരെയധികം വേദന സഹിച്ചു. കഴിഞ്ഞവർഷം സെപ്തംബർ 17ന് ഇതേ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തശേഷവും ശാരീരികാവശതകൾ സഹിക്കേണ്ടിവന്നു. സാധാരണഗതിയിൽ ആശുപത്രിയുടെ അനാസ്ഥ കണക്കിലെടുത്ത് ഹർഷീനയ്ക്ക് ഭീമമായ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുള്ളതാണ്. വീഴ്ചവരുത്തിയ ഡോക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെ ക്രിമിനൽ കേസെടുക്കാനും വകുപ്പുണ്ട്. എന്നാൽ അതൊന്നുമുണ്ടായില്ല. ഹർഷീനയുടെ ദുരിതകഥ വാർത്തയായതോടെ ആദ്യം മെഡിക്കൽ കോളേജ് അധികൃതർ ഒരന്വേഷണം നടത്തി കാര്യങ്ങൾ അവസാനിപ്പിക്കാനാണ് നോക്കിയത്. അതിനെതിരെ പ്രതിഷേധമുണ്ടായപ്പോൾ ആരോഗ്യവകുപ്പിന്റെ വകയായി പുതിയ അന്വേഷണം. ഹർഷീനയ്ക്ക് അനുകൂലമായ റിപ്പോർട്ടാണ് ഈ അന്വേഷണസംഘം സമർപ്പിച്ചത്.

വിചിത്രമായ കാര്യം ഈ റിപ്പോർട്ട് ഇതുവരെ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ലെന്നതാണ്. ആരോഗ്യമന്ത്രി വീണാജോർജ് ഹർഷീനയെ നേരിട്ടുവിളിച്ച് ഒരാഴ്ചയ്ക്കകം പരാതിയിൽ തീർപ്പുണ്ടാക്കാമെന്ന് ഉറപ്പുനൽകിയതാണ്. ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ പുതിയ അന്വേഷണം നടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഒന്നും നടന്നില്ല.

ഈ നീതിനിഷേധത്തിനെതിരെ തിങ്കളാഴ്ച മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കു മുന്നിൽ നിരാഹാര സമരം തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്.

മന്ത്രി നൽകുന്ന ഉറപ്പ് ഭരണകൂടത്തിന്റെ ഉറപ്പായാണ് ജനങ്ങൾ കാണുന്നത്. അതിനു ഒരു വിലയുമില്ലെന്നു വന്നാൽ പരാതിക്കാർ ആരെയാണ് ആശ്രയിക്കേണ്ടത്. മന്ത്രിമാർ വലിയ ജോലിത്തിരക്കുള്ളവരാകും. ഇതുപോലെ ഒറ്റപ്പെട്ട വ്യക്തികളുടെ പരാതി പരിഹരിക്കാൻ സമയമോ കാലമോ ഉണ്ടായെന്നു വരില്ല. എന്നാൽ ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ അത്യധികം ഗുരുതരമായ വീഴ്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന് വകുപ്പുമന്ത്രിക്ക് എങ്ങനെ ഒഴിഞ്ഞുനില്‌ക്കാൻ സാധിക്കും. വേറൊരു രാജ്യത്തായിരുന്നെങ്കിൽ സർക്കാർ കോടികൾ നഷ്ടപരിഹാരമായി നല്‌കേണ്ടിവരുമായിരുന്ന അപൂർവ കേസാണിതെന്ന് ഓർക്കണം. ചികിത്സാപ്പിഴവിന്റെ പേരിൽ രോഗികളുടെ ആൾക്കാർ ആശുപത്രികളെയും ജീവനക്കാരെയും ആക്രമിച്ചാൽ നടപടിയെടുക്കാൻ നിയമങ്ങളുണ്ട്. പക്ഷേ ആശുപത്രികളിലെ വീഴ്ചകൾ കാരണം രോഗികൾക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ നികത്താൻ ഇരകൾ കോടതികളെ ശരണം പ്രാപിക്കേണ്ടിവരും. സർക്കാരിന്റെ ഔദാര്യത്തിനു കാത്തുനില്ക്കാതെ ഹർഷീന നിയമവഴി തേടുന്നതാകും അഭിലഷണീയം. നിയമബോധമുള്ളവർ അതിനായി അവർക്ക് സകല സഹായവും പിന്തുണയും നല്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FIVE YEARS WITH SCISSORS LEFT INSIDE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.