കണ്ണൂർ കോൺഗ്രസിലെ ആഭ്യന്തര സംഘർഷങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ പാർട്ടിയെ വലയ്ക്കുന്നു. തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ നേതൃത്വം ആഹ്വാനം ചെയ്യുമ്പോഴും കോൺഗ്രസിൽ ആഭ്യന്തര പ്രശ്നങ്ങൾ പുകയുകയാണ്. ഒന്ന് അവസാനിക്കുമ്പോൾ മറ്റൊന്ന് എന്ന നിലയിൽ പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിലൂടെ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനും തലവേദനയാകുകയാണ്. വിജിൽ മോഹൻ- കെ.സി. വിജയൻ വിവാദം മുതൽ തളിപ്പറമ്പിലെ വിമത വിഭാഗത്തിന്റെ സ്വതന്ത്ര മത്സരം വരെ, മാടായി കോളജ് നിയമന വിവാദം മുതൽ അഴിമതി ആരോപണങ്ങൾ വരെ എല്ലാം ചേർന്ന് പാർട്ടി നേതൃത്വം കടുത്ത പ്രതിസന്ധിയിലാണ്.
തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവിക്ക് പിന്നാലെ വാട്സാപ്പ് ഓഡിയോ സന്ദേശം പുറത്തായതിനെ തുടർന്ന് കണ്ണൂരിലും രാജി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനെതിരേ ഡി.സി.സി. ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ കെ.സി. വിജയന്റെ ശബ്ദസന്ദേശമാണ് ചോർന്നത്.
വാക്‌പോരിന്റെ പശ്ചാത്തലം
കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് ലീഡേഴ്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽനിന്നുള്ള സന്ദേശമാണ് ചോർന്നത്. ഏരുവേശ്ശി പഞ്ചായത്തിലെ കോൺഗ്രസ് സംഘടനാകാര്യങ്ങൾ യോഗം ചേർന്ന് ചർച്ച ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി നടന്ന വാട്സാപ്പ് ചർച്ചയ്ക്കിടെയാണ് വിജയൻ, വിജിൽ മോഹനെ വിമർശിച്ച് സന്ദേശമയച്ചത്. ശബ്ദസന്ദേശം പുറത്തായതോടെ വിജിൽ മോഹൻ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിന് പരാതി നൽകി. തുടർന്നാണ് കെ.സി. വിജയൻ രാജിവച്ചത്.
അഴിമതിയാരോപണവും
ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയോഗവും ബഹളത്തിൽ മുങ്ങിയിരുന്നു. നഗരസഭയിൽ എക്സ്‌പ്ലോസീവ് മാഗസിൻ അനുമതി നൽകിയത് പുനഃപരിശോധിക്കണമെന്ന
നേതാക്കളുടെ ആവശ്യം പരിഗണിക്കാതിരുന്നതോടെയാണ് യോഗം ബഹളത്തിൽ മുങ്ങിയത്. വോട്ടർപട്ടിക സംബന്ധിച്ച് ചേർന്ന യോഗത്തിൽ കെ.പി.സി.സി. അംഗം കൊയ്യം ജനാർദ്ദനനാണ് വിഷയം ഉന്നയിച്ചത്. നഗരസഭാ ചെയർമാൻ കെ.വി ഫിലോമിനയ്ക്കും മണ്ഡലം പ്രസിഡന്റ് ഇ.വി രാമകൃഷ്ണനും വിജിൽ മോഹനനടക്കമുള്ള കൗൺസിലർമാർക്കുമെതിരെയാണ് ഈ വിഷയത്തിൽ അഴിമതി ആരോപണം ഉയർന്നത്.
തളിപ്പറമ്പ് നഗരസഭയിലെ വിള്ളൽ
ജില്ലയിലെ യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ തളിപ്പറമ്പ് നഗരസഭയിൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹം തീവ്രമായിരിക്കുകയാണ്. ലീഗിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് കോട്ടയുടെ നിയന്ത്രണം നഷ്ടപ്പെടമോ എന്ന ആശങ്ക ഇപ്പോൾ ലീഗ് വൃത്തങ്ങളിൽ നിന്നുയർന്നിട്ടുണ്ട്.
പ്രശ്നം പരിഹരിക്കാൻ ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം നടന്ന ചർച്ച നടന്നെങ്കിലും പരാജയപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.ജനാർദനൻ, എ.ഡി.സാബൂസ് എന്നിവരെയാണ് ചർച്ചയ്ക്കായി നിയോഗിച്ചിരുന്നത്.
പാർട്ടിയുമായി ഉടക്കി നിൽക്കുന്ന മുൻ മണ്ഡലം പ്രസിഡന്റുമാരായ സി.സി. ശ്രീധരൻ, അഡ്വ. സക്കരിയ കായക്കൂൽ, പട്ടുവം രവി എന്നിവരുമായി ടി.ജനാർദനൻ ചർച്ച നടത്തി. 'നിങ്ങൾ പാർട്ടിയിൽ സജീവമായതിന് ശേഷം ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യാം' എന്നാണ് ഇവരോട് പറഞ്ഞത്. എന്നാൽ ഇതിന് വിമത വിഭാഗം തയ്യാറായില്ല.
ചർച്ചയിൽ തീരുമാനമുണ്ടാകാത്തതിനെ തുടർന്ന് മുൻ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് സി.സി. ശ്രീധരന്റെ വീട്ടിൽ വിമത വിഭാഗം യോഗം ചേർന്നു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ, നഗരസഭ കൗൺസിലർ സി.പി. മനോജ്, മുൻ മണ്ഡലം പ്രസിഡന്റുമാരായ പട്ടുവം രവി, അഡ്വ. സക്കരിയ കായക്കൂൽ തുടങ്ങി 23 പേർ യോഗത്തിൽ പങ്കെടുത്തു.
കടുത്ത മത്സരം നടക്കുന്ന നഗരസഭയിലെ ആറ് സീറ്റുകളിൽ മത്സരിക്കാൻ ഇവർ തീരുമാനിച്ചു. കാക്കാൻചാൽ, നേതാജി, തൃച്ചംബരം, പാലകുളങ്ങര, പാളയാട്, പൂക്കോത്തെരു എന്നീ വാർഡുകളിലാണ് മത്സരിക്കാൻ തീരുമാനിച്ചത്. പ്രാദേശികമായോ ജില്ലാ തലത്തിലോ പരിഹരിക്കാവുന്ന പ്രശ്നമല്ല നിലവിൽ തളിപ്പറമ്പിലെ കോൺഗ്രസിലുള്ളത്. തളിപ്പറമ്പിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഏറെ വൈകാരിക ബന്ധമുള്ള കെ. സുധാകരൻ നേരിട്ട് ഇടപട്ടാലേ പ്രശ്നം പരിഹാരിക്കാനാവു എന്ന നിലയിലാണ്. അതേസമയം വിമതരോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന കർശന നിലപാടാണ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിക്കുള്ളത്. ദേശീയപാതയിലെ ഭൂമി വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട ചില സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിക്കാതെ ഒരു ചർച്ചയും വേണ്ടെന്ന നിലപാടാണ് മണ്ഡലം കോൺഗ്രസ് നേതൃത്വം കൈക്കൊണ്ടത്.
അവസരമാക്കി മാറ്റാൻ സി.പി.എം
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പ് നഗരസഭയിലെ ഭരണം പിടിക്കാനായാൽ അത് സി.പി.എമ്മിന് വലിയ നേട്ടമാകും. കോൺഗ്രസിലെ പ്രശ്നങ്ങൾ പ്രതീക്ഷയോടെയാണ് സി.പി.എം നോക്കിക്കാണുന്നത്. നഗരഭരണ തുടർച്ചയിൽ കോൺഗ്രസിൽ റിബൽ സ്ഥാനാർത്ഥികൾ വന്നാൽ അത് എൽ.ഡി.എഫിന് വൻ നേട്ടമുണ്ടാക്കും. വിമത വിഭാഗത്തെ ഒന്നോ രണ്ടോ വാർഡുകളിൽ എൽ.ഡി.എഫ് സഹായിക്കുകയും ചെയ്താൽ കോൺഗ്രസിന് കനത്ത തിരിച്ചടിയുണ്ടാകും.
മാടായി കോളജ് നിയമന വിവാദം കീറാമുട്ടി
മാടായി കോളജ് നിയമന വിവാദം കോൺഗ്രസിൽ കീറാമുട്ടിയായി തുടരുന്നു. ജില്ലയിൽ സി.പി.എമ്മിനോട് പോരാടാൻ ശക്തിയുള്ള കേന്ദ്രങ്ങളായ പയ്യന്നൂരിലെ ചില കേന്ദ്രങ്ങൾ, പഴയങ്ങാടി, മാടായി, കുഞ്ഞിമംഗലം പ്രദേശങ്ങളിൽ വലിയൊരു വിഭാഗം പ്രവർത്തകർ നിസഹകരണത്തിലാണ്.
പ്രശ്നത്തിന്റെ വേരുകൾ
എം.കെ രാഘവൻ എം.പിയുടെ ബന്ധുവായ സി.പി.എം പ്രവർത്തകന് ഓഫീസ് അറ്റൻഡന്റായി നിയമനം നൽകിയതിലാണ് കോൺഗ്രസിൽ പ്രതിഷേധമുയർന്നത്. വിഷയത്തിൽ രാഘവനെ പിന്തുണയ്ക്കുന്ന കോളേജ് ഡയറക്ടർമാരെയും പ്രതിഷേധിച്ച നേതാക്കളെയും പാർട്ടി സസ്‌പെൻഡ് ചെയ്‌തെങ്കിലും തിരിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കെ.പി.സി.സി നിയോഗിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രവർത്തകർ വീണ്ടും പ്രതിഷേധ രംഗത്തിറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമാക്കാൻ ഉടൻ പ്രവർത്തക കൺവെൻഷൻ വിളിക്കാനാണ് തീരുമാനം.
സമ്മർദത്തിൽ നേതൃത്വം
മാടായി കോളജ് നിയമന വിവാദം കുറച്ചുകാലത്തേക്ക് അടങ്ങിയെങ്കിലും കഴിഞ്ഞ 13ന് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി യോഗം കൈയാങ്കളിയിലെത്തിയിരുന്നു. എം.കെ രാഘവൻ എം.പിയെ മാടായി കോളേജിൽ തടയുകയും വീട്ടിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തുകയും ചെയ്തവരാണ് യോഗം അലങ്കോലമാക്കിയത്.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വം വിഭാവനം ചെയ്യുന്ന പദ്ധതികളൊന്നും ഇവിടെ നടക്കുന്നില്ല. ഡി.സി.സി. നേതൃത്വം പൂർണ്ണഗമായും നിസ്സഹായരാണ്. കെ.പി.സി.സി. നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടായാലേ ഇനി പ്രശ്ന പരിഹാരം സാദ്ധ്യമാകൂ എന്നാണ് അണികൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |