SignIn
Kerala Kaumudi Online
Thursday, 25 April 2024 2.46 PM IST

വാർത്തകളുടെ ശേഖരം(ൻ)

g-sekharan-nair

കൊച്ചി കാക്കനാട്ടുള്ള കേരള പ്രസ് അക്കാഡമിയുടെ (ഇപ്പോഴത്തെ മീഡിയ അക്കാഡമി) ആദ്യബാച്ചിൽ പഠിക്കുമ്പോഴാണ് ജി.ശേഖരൻനായരെ ആദ്യമായി നേരിൽക്കാണുന്നത്.'അന്വേഷണാത്മക പത്രപ്രവർത്തനം മലയാളത്തിൽ ' എന്ന എന്റെ തീസീസിന്റെ ആവശ്യവുമായി ബന്ധപ്പെട്ടായിരുന്നു അത്. കസ്റ്റംസിലെയും,ആർ.ടി.ഒ ഓഫീസുകളിലെയും പി.എസ്.സിയിലെയുമൊക്കെ അഴിമതിക്കഥകൾ അനാവരണം ചെയ്യുന്ന പരമ്പരകളെഴുതി മാതൃഭൂമിയിലെ താരമായി ശേഖരൻനായർ തിളങ്ങിനിൽക്കുന്ന കാലമായിരുന്നു അത്. എന്നാൽ ജേർണലിസം വിദ്യാർത്ഥി എന്നതിനേക്കാൾ ഒരു സഹപ്രവർത്തകനോടെന്നപോലെ വലിപ്പച്ചെറുപ്പമില്ലാതെയാണ് അദ്ദേഹം എന്നോട് ഇടപഴകിയത്. ആ പരിചയം പിന്നീട് ഞാൻ പത്രപ്രവർത്തകനായി മാറിയപ്പോൾ ആഴമാർന്ന അടുപ്പമായി വളർന്നു. അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ, പുതിയൊരു ദിശാബോധം പകർന്ന പത്രപ്രവർത്തകനായിരുന്നു ശേഖരൻനായർ.

ജനകീയ വിഷയങ്ങളിൽ മികച്ച അന്വേഷണം നടത്തി ശേഖരൻനായർ പുറത്തുകൊണ്ടുവന്ന ഓരോ വാർത്തകളും വലിയ ചർച്ചയ്ക്കും തുടർനടപടികൾക്കും ഇടയാക്കിയിരുന്നു. കസ്റ്റംസ് പരമ്പരയിൽ അഴിമതിക്കാർക്കിടയിലെ കോഡായി ഉപയോഗിച്ച 'ഡിങ്കോൾഫി' എന്ന പദപ്രയോഗം ശേഖരൻനായരുടെ പരമ്പരയിലൂടെ കേരളം മുഴുവൻ ചർച്ചചെയ്യപ്പെട്ടിരുന്നു.

എം.ഡി.നാലപ്പാട് മാതൃഭൂമി പത്രാധിപരായിരിക്കുമ്പോഴാണ് ശേഖരൻനായരെന്ന സമർത്ഥനായ പത്രപ്രവർത്തകന്റെ മികവ് കേരളം കണ്ടറിഞ്ഞത്. കസ്റ്റംസ് പരമ്പര ചെയ്യാൻ അന്ന് നാലപ്പാടാണ് ശേഖരൻനായരെ മാലിയിലേക്ക് വിട്ടത്. അസാമാന്യമായ ചങ്കൂറ്റമായിരുന്നു ശേഖരൻനായരിലെ പത്രപ്രവർത്തകന്റെ ഏറ്റവും വലിയ പ്രത്യേകത. ആരോടും കൂസാതെ എന്തും ചോദിക്കാൻ ഒരിക്കലും മടിച്ചില്ല. വാർത്തകൾ കണ്ടെത്തുന്നതിലെ മിടുക്ക് പല സ്കൂപ്പുകൾക്കും വഴിതെളിച്ചു. സംസ്ഥാന ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരമ്പരയുടെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രി ആർ.രാമചന്ദ്രൻനായർക്ക് രാജിവയ്ക്കേണ്ടി വന്നിരുന്നു. മികച്ച അന്വേഷണാത്മക പത്രപ്രവർത്തകനുള്ള സംസ്ഥാന അവാർഡ് മൂന്നുതവണ കരസ്ഥമാക്കി .

കൊളംബോയിൽ നടന്ന സാർക്ക് ഉച്ചകോടിയിൽ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ ഒപ്പം പോയ മാദ്ധ്യമസംഘത്തിൽ അംഗമായിരുന്ന ശേഖരൻനായർ അവിടുത്തെ പ്രധാനമന്ത്രി പ്രേമദാസയുടെ വധം റിപ്പോർട്ട് ചെയ്യാനും പിന്നീട് ശ്രീലങ്കയിൽ പോയി. പത്മതീർത്ഥക്കരയിൽ എന്ന തലക്കെട്ടിൽ പത്രത്തിൽ കൈകാര്യം ചെയ്തിരുന്ന പംക്തി പിന്നീട് പുസ്തകമായും ഇറങ്ങി.

മികച്ച സൗഹൃദങ്ങളും രാഷ്ട്രീയബന്ധങ്ങളും ഉണ്ടായിരുന്നു. മാതൃഭൂമി മാനേജിംഗ് ഡയറക്ടറും പ്രശസ്ത എഴുത്തുകാരനും രാഷ്ട്രീയനേതാവുമായിരുന്ന എം.പി.വീരേന്ദ്രകുമാറുമായി ശേഖരൻനായർക്ക് ആത്മബന്ധമായിരുന്നു. വിദേശയാത്രകളിൽ പലതിലും ശേഖരൻനായരെ വീരേന്ദ്രകുമാർ ഒപ്പം കൂട്ടിയിരുന്നു. എന്നും വൈകുന്നേരമാകുമ്പോൾ വീരേന്ദ്രകുമാർ വിളിക്കും. 'എന്തുണ്ട് ശേഖരാ...വാർത്തകൾ?​' എന്നു ചോദിക്കും. ആ സൗഹൃദത്തിൽ ശേഖരൻനായർ അഭിമാനിച്ചിരുന്നു.

മുല്ലപ്പെരിയാർ ചർച്ചയ്ക്ക് തിരുവനന്തപുരത്തെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആറുമായി അഭിമുഖം തരപ്പെടുത്തിയത് ബേബിജോണുമായുള്ള സൗഹൃദമായിരുന്നു. എന്നാൽ വാർത്തകളുടെ കാര്യത്തിൽ എല്ലായ്പ്പോഴും നിർമ്മമത്വം പുലർത്തി. അവിടെ സൗഹൃദങ്ങൾ കടന്നുവന്നിരുന്നില്ല. ഏത് വിവരം കിട്ടിയാലും അതിന്റെ അടിവേരുകൾ കണ്ടെത്തിയിട്ടേ ശേഖരൻനായരിലെ പത്രപ്രവർത്തകൻ അടങ്ങുമായിരുന്നുള്ളൂ. വാർത്തകളോട് വലിയ അഭിനിവേശമായിരുന്നു. ആ പാഷൻ മരിക്കുംവരെ നിലനിറുത്തി. ഏറ്റവുമൊടുവിൽ പോലും ശേഖരൻനായരുടെ വീഡിയോ സ്റ്റോറികൾ യൂ ട്യൂബ് ചാനലിൽ മുടങ്ങാതെ വന്നിരുന്നു. അതിൽ വിഴിഞ്ഞം സമരത്തിന്റെ പിന്നിലെ നാടകങ്ങൾ വെളിപ്പെടുത്തിയ വീഡിയോ റിപ്പോർട്ടുകൾ ഏറെ ചർച്ചചെയ്യപ്പെട്ടു.

ഒരിക്കലും വാർത്തകളിൽ വ്യക്തിപരമായ താത്‌പര്യങ്ങൾ പ്രതിഫലിച്ചിരുന്നില്ല. ആരോടും വിദ്വേഷം പുലർത്തിയില്ല. കഠിനമായ അദ്ധ്വാനവും അർപ്പണബോധവുമാണ് തന്നിലെ പത്രപ്രവർത്തകനെ വളർത്തിയതെന്ന് എപ്പോഴും പറയുമായിരുന്നു. ഏത് വിഷയവും വഴങ്ങിയിരുന്നു. മന്ത്രിസഭായോഗവും നിയമസഭയും റിപ്പോർട്ടുചെയ്തു. ക്രൈമായാലും രാഷ്ട്രീയമായാലും എന്തിലും കൈവയ്ക്കും. മികച്ച പൊലീസ് സ്റ്റോറികളും ചെയ്തിരുന്നു. മാദ്ധ്യമരംഗത്തെ പുതിയതലമുറയ്ക്കും ശേഖരൻനായരെന്ന പത്രപ്രവർത്തകനിൽ നിന്ന് പഠിക്കാൻ ഒരുപാടുണ്ട്.

വിദ്യാർത്ഥിയായിരിക്കെ മുത്തച്ഛന് കേരളകൗമുദി പത്രം മുടങ്ങാതെ വായിച്ചുകൊടുത്തതിലൂടെയാണ് പത്രപ്രവർത്തനത്തോടുള്ള താത്‌പര്യം തന്നിലുണ്ടായതെന്ന് ശേഖരൻനായർ പറഞ്ഞിട്ടുണ്ട്. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ കെ.വിജയരാഘവന്റെ പേരിലുള്ള അവാർഡ് സ്വീകരിച്ച് തിരുവനന്തപുരം പ്രസ്ക്ളബ്ബിൽ നടത്തിയ പ്രസംഗത്തിൽ 'കേരളകൗമുദി ' വായിച്ചിട്ടേ തന്റെ ഒരു ദിനം തുടങ്ങുകയുള്ളൂ എന്നദ്ദേഹം തുറന്നുപറഞ്ഞു.

ഈയിടെ അനുജൻ സതീശൻ നായർ മരിച്ചപ്പോൾ ശേഖരൻ നായരെ വല്ലാതെ വിഷണ്ണനായിക്കണ്ടു. ആ മരണം അദ്ദേഹത്തെ വല്ലാതെ ഉലച്ചിരുന്നു. അങ്ങനെയൊരു ശേഖരൻനായരെ മുമ്പുകണ്ടിട്ടില്ല. കഴിഞ്ഞ ജനുവരി 26 നാണ് ഞങ്ങൾ തമ്മിൽ അവസാനമായിക്കണ്ടത്. അനുജന്റെ സഞ്ചയനദിനമായിരുന്നു. എന്ന് പുറത്തേക്കിറങ്ങുമെന്ന ചോദ്യത്തിന് ഉടനെയൊന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചത്. അടുത്തദിവസം ചെക്കപ്പിനായി ആശുപത്രിയിൽ പോകുമെന്നും പറഞ്ഞു. പിന്നീട് ഇന്നലെയാണ് കണ്ടത്. അപ്പോഴേക്കും യാത്രപറയാതെ ശേഖരൻനായർ മടങ്ങിയിരുന്നു. എത്രയോ കാലത്തെ ഊഷ്മളമായ സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, കൂടിക്കാഴ്ചകളുടെ ,യാത്രകളുടെ, ഒപ്പം പങ്കുവച്ച ചിരികളുടെ എല്ലാം ഓർമ്മകൾ മനസിൽ ആർത്തിരമ്പുന്നുണ്ട്. മറക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: G SEKHARAN NAIR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.