മോട്ടോർ വാഹന വകുപ്പിലെ അഴിമതി പ്രസ്തുത വകുപ്പ് നിലവിൽവന്ന കാലം മുതൽ തുടങ്ങിയതാണ്. ഏജന്റുമാരാണ് ദീർഘകാലം വാഹന ഉടമകൾക്കു വേണ്ടി വകുപ്പുമായി ബന്ധപ്പെട്ടിരുന്നത്. ആധുനിക കാലത്ത് എല്ലാം ഓൺലൈനാക്കുന്നതിലൂടെ ഏജന്റുമാരും അഴിമതിയും ഇല്ലാതാകുമെന്നാണ് കരുതിയിരുന്നതെങ്കിലും സംഭവിച്ചത് മറിച്ചാണ്. വാഹനങ്ങളുടെ എണ്ണം കൂടിവരുന്നത് അനുസരിച്ച് അഴിമതിയും കൈക്കൂലി തുകയും കൂടിവരികയാണെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 14 ജില്ലകളിലെയും മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ തെളിഞ്ഞിരിക്കുന്നത്. 'ഓപ്പറേഷൻ വീൽസ്" എന്നു പേരിട്ട് നടത്തിയ പരിശോധനയിൽ വ്യാപകമായ പണപ്പിരിവും ക്രമക്കേടുകളുമാണ് കണ്ടെത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ 17 റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും 64 സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. വിവിധ ഏജന്റുമാരിൽ നിന്ന് എട്ടുലക്ഷത്തോളം രൂപ 21 ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി കൈപ്പറ്റിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി വിവിധ ഏജന്റുമാർ കൊണ്ടുവന്ന 1,40,760 രൂപയും വിജിലൻസ് പിടിച്ചെടുത്തു. നിലമ്പൂർ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് പരിസരത്തുനിന്ന് വലിച്ചെറിഞ്ഞ നിലയിൽ 49,300 രൂപയും വൈക്കം സബ് ആർ.ടി.ഒയിലെ ജനലിൽ ഒളിപ്പിച്ച നിലയിലും പണം കണ്ടെത്തി. വിവിധ സേവനങ്ങൾക്കുള്ള കൈക്കൂലിക്കു പുറമെ ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ അപേക്ഷകരിൽ നിന്ന് പണപ്പിരിവ് നടത്തി ഉദ്യോഗസ്ഥർക്കു നൽകുന്നതായും ബോദ്ധ്യമായിട്ടുണ്ട്.
നിയമപരമായി ഒരു പിഴവുമില്ലാത്ത എല്ലാ പുതിയ വാഹനങ്ങളുടെയും രജിസ്ട്രേഷനുപോലും ഉദ്യോഗസ്ഥർ ഏജന്റുമാരിൽ നിന്ന് പടി വാങ്ങുന്നു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് കൂടിയ തുകയാണ് കൈക്കൂലിയായി നൽകേണ്ടത്. വാഹന ഉടമ നേരിട്ടു ചെന്നാൽ എന്തെങ്കിലും പോരായ്മകൾ ചൂണ്ടിക്കാട്ടി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിഷേധിക്കുമെന്നത് ഉറപ്പായതിനാൽ ഭൂരിപക്ഷം പേരും ഏജന്റുമാർ മുഖേനയാണ് വകുപ്പിനെ സമീപിക്കുന്നത്. കൈക്കൂലി ലഭിക്കാൻ വേണ്ടി ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ ഓൺലൈൻ അപേക്ഷകൾ ചെറിയ അപാകതകൾ കണ്ടെത്തി നിഷേധിക്കുന്നതും പതിവാണ്. പിന്നീട് ഇവർ ഏജന്റുമാർ മുഖേന അപേക്ഷിക്കുമ്പോൾ സീനിയോറിറ്റി പോലും മറികടന്ന് തീരുമാനമെടുക്കുന്നുണ്ടെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. തിരുവനന്തപുരം, വർക്കല, എറണാകുളം, ഗുരുവായൂർ തുടങ്ങിയ നിരവധി സ്ഥലങ്ങളിലെ ആർ.ടി.ഒ ഉദ്യോഗസ്ഥർ ഏജന്റുമാരിൽ നിന്നും ഡ്രൈവിംഗ് സ്കൂൾ ഉടമകളിൽ നിന്നും ഗൂഗിൾ പേയിലൂടെ നേരിട്ട് പണം വാങ്ങിയിട്ടുണ്ട്.
റോഡിൽ വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾക്കും ഇങ്ങനെ കൈക്കൂലി വാങ്ങി തന്നിഷ്ടം പോലെ അനുമതികൾ നൽകുന്ന ഉദ്യോഗസ്ഥർക്കും പരോക്ഷമായി പങ്കുണ്ടെന്ന് പറയേണ്ടിവരും. ഓപ്പറേഷൻ ക്ളീൻ വീൽസ് എന്ന് പേരിട്ടാലും മോട്ടോർ വാഹന വകുപ്പിന്റെ 'വീലുകൾ" ഒരു ഇടവേള കഴിഞ്ഞ് വീണ്ടും 'അൺക്ളീനാ"വും എന്നതാണ് ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്ന് പറയാനാവുന്നത്. അത്രമാത്രം രൂഢമൂലമാണ് ഈ വകുപ്പിലെ അഴിമതി. കാലാകാലങ്ങളായി തുടരുന്ന ഈ രോഗം സാധാരണ ചികിത്സയിലൂടെയൊന്നും മാറുന്നതല്ല. അതിനൊരു കായകൽപ്പ ചികിത്സ തന്നെ വേണ്ടിവരും. കൈക്കൂലിയുടെ പങ്ക് ഉദ്യോഗസ്ഥരിൽ നിന്ന് മുകളിലേക്കും പോകുമെന്നിരിക്കെ ഇതിന് ആര് തയ്യാറാകും എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |