മലപ്പുറം: നിയമങ്ങൾ ശക്തമാക്കിയിട്ടും ജില്ലയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നുവെന്ന് കണക്കുകൾ. ഈ വർഷം ആഗസ്റ്റ് വരെ റോഡപകടങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 1,602 കേസുകളെന്ന് ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 160 പേർ മരിക്കുകയും 1,602 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം കേസുകളുടെ എണ്ണം 3,488 ആയിരുന്നു. 2023ൽ 3,256 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 2992, 2152 എന്നിങ്ങനെയായിരുന്നു. അമിതവേഗത, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കാത്തത്, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുക, റെഡ് സിഗ്നൽ അവഗണിക്കുക, തെറ്റായ ദിശയിൽ വണ്ടിയോടിക്കുക എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങൾ. ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞാൽ ലോറികളും സ്വകാര്യ ബസുകളുമാണ് അപകടത്തിൽ പെടുന്നവയിൽ കൂടുതലും.
റോഡിൽ മോട്ടോർ വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ പരിശോധന കണ്ടാൽ ബൈക്കിന്റെ വിവരങ്ങൾ ലഭിക്കാതിരിക്കാൻ പിറകിലിരിക്കുന്നയാൾ നമ്പർ പ്ലേറ്റ് കാല് കൊണ്ട് മറച്ചുപിടിക്കുന്ന പ്രവണതയുണ്ട്. ക്യാമറകളും മറ്റും പരിശോധിച്ച് ഇത്തരം കുട്ടിഡ്രൈവർമാരെ പിടികൂടാറാണ് പതിവ്. ബൈക്കിൽ അൾട്രേഷൻ നടത്തുന്നതിലും മുന്നിൽ കുട്ടി ഡ്രൈവർമാരാണ്. ബൈക്കിലെ രണ്ട് മിററുകളും അഴിച്ചു മാറ്റിയും വലിയ ശബ്ദമുള്ള സൈലൻസർ ഘടിപ്പിച്ചും അടക്കം നിരത്തിൽ ചീറിപ്പായുന്നവരുണ്ട്.
വർഷം --അപകടങ്ങളുടെ എണ്ണം---മരണം---പരിക്കേറ്റവർ
2021--------2,152---------292-------2,396
2022--------2,992--------321-------3,499
2023--------3,256--------313-------3,805
2024--------3,448----303---3,842
2025-------19,05-----160----1,602
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ക്യാമറകളുടെ വരവോടെ ജനങ്ങളിൽ ഹെൽമെറ്റ് ധരിക്കുക എന്നത് ശീലമായി മാറിക്കഴിഞ്ഞു. ഇത് അപകടങ്ങളുടെ തീവ്രത വളരെയധികം കുറയ്ക്കാൻ കാരണമായിട്ടുണ്ട്.എന്നാൽ, പലരും ചിൻ സ്ട്രാപ്പ് ടൈറ്റ് ആക്കാത്തത് പൊതുവെ കണ്ടു വരുന്നുണ്ട്.
മലപ്പുറം റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, ബി.ഷെഫീഖ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |