SignIn
Kerala Kaumudi Online
Saturday, 27 April 2024 12.19 AM IST

റോഡുപണിയിലെ ലോക റെക്കാഡ്

world

റോഡുപണിയിൽ ഇന്ത്യ തീർത്ത ലോകറെക്കാഡിൽ ഓരോ ഭാരതീയനും അഭിമാനിക്കാം. മഹാരാഷ്ട്രയിലെ അമരാവതി-അകോല റോ‌ഡിലെ 75 കിലോമീറ്ററാണ് 105.33 മണിക്കൂർകൊണ്ട് ടാറിംഗ് പൂ‌ർത്തിയാക്കി റെക്കാഡിട്ടത്. നിലവിൽ ഖത്തറിന്റെ റെക്കാ‌ഡാണ് തകർത്തത്. പണിപൂർത്തിയാക്കാൻ 108 മണിക്കൂറാണ് നിശ്ചയിച്ചിരുന്ന സമയം. ഇതിന് ഒന്നരമണിക്കൂർ മുൻപേ പൂർത്തിയാക്കാനായത് വിസ്മയകരമായ നേട്ടമാണ്. ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിൽ രജ്പുത് ഇൻഫ്രാകോൺ എന്ന സ്വകാര്യ കമ്പനിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഇതിനായി മൂന്ന് ഷിഫ്റ്റിൽ 1520 പേർ ജോലിചെയ്തു. ഇതിൽ 800 പേർ എൻജിനിയർ, സർവേയർ, സുരക്ഷാ ഉദ്യോഗസ്ഥർ വിഭാഗത്തിലുൾപ്പെടുന്നു. 720 പേർ തൊഴിലാളികളാണ്. ഫീൽഡിൽ നിന്ന് പണിപൂർത്തിയാക്കിയ ഇവരെയാണ് ആദ്യം അഭിനന്ദിക്കേണ്ടത്. ദേശീയപാത അതോറിറ്റിക്കും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിക്കും നേട്ടത്തിൽ അഭിമാനിക്കാം. ദേശീയ പാതകളുടെ വികസനവുമായി ബന്ധപ്പെട്ട് ദിനംപ്രതി 38 കിലോമീറ്റർ റോഡ് നിർമ്മിക്കാൻ കഴിയുന്നുണ്ട്. 2019 മുതൽ 2024 വരെ മൊത്തം 60000 കിലോമീറ്റർ റോഡ് നിർമ്മിക്കാനാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനകം 31,609 കിലോമീറ്റർ റോഡ് നിർമ്മിച്ചുകഴിഞ്ഞു. ഇപ്പോൾ എവിടെയും ദേശീയപാതകളുടെ നിർമ്മാണം പുരോഗമിക്കുന്നത് കാണാം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ അതു കുറവായിരുന്നു. വെെകിയാണെങ്കിലും കേരളത്തിലും ദേശീയപാതയുടെ വികസനം നടന്നു വരികയാണെന്നത് സന്തോഷകരമാണ്. സ്ഥലമേറ്റെടുത്തു നൽകാനുള്ള താമസമാണ് പണി വെെകിപ്പിച്ചത്. സ്ഥലമേറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കെെമാറിയാൽ മാത്രം പോരാ പിന്നീട് കേരളത്തിലെ വിവിധ വകുപ്പുകൾ പണിക്ക് തടസ്സം നിൽക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ചുമതലയും സർക്കാരിനുണ്ട്. മണ്ണ് കൊണ്ടുവരേണ്ട സ്വകാര്യ കമ്പനികൾക്ക് ജിയോളജിവകുപ്പ് അനുമതി നൽകാത്തതിനാൽ ദേശീയപാതയുടെ പണി പലസ്ഥലങ്ങളിലും മുടങ്ങിയ വിവരം ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയപാതയുമായി ബന്ധപ്പെട്ട് ടൺ കണക്കിന് മെറ്റലും പാറയും മണ്ണും മറ്റും ആവശ്യമാണ്. ഇതിനായി സമീപിക്കുന്ന സ്വകാര്യ കമ്പനികളെ ഉദ്യോഗസ്ഥർ പതിവുരീതിയിൽ വട്ടംകറക്കുന്ന ഏർപ്പാട് സർക്കാർ ഇടപെട്ട് അവസാനിപ്പിക്കണം. അനുമതി നൽകാൻ ഉയർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിക്കണം. പണി ഓരോ ദിവസം വെെകുന്തോറും കോടികളാണ് അധികം ചെലവാകുന്നത്. വാഹനങ്ങളുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ദിനംപ്രതി കൂടുകയാണ്. എന്നാൽ റോഡുകളുടെ സ്ഥിതി മാറുന്നില്ല. തൽഫലമായി റോഡപകടങ്ങളിൽ രക്തസാക്ഷികളാകുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. അതിനാൽ റോഡ് വികസനം ഇരട്ടി വേഗതയിൽ ത്വരിതപ്പെടുത്തേണ്ടതുണ്ട്. ഏറ്റവും വേഗതയിൽ പണി തീർക്കാനുള്ള എല്ലാ മാ‌ർഗവും അവലംബിക്കാൻ അധികൃതർ തയാറാകണം. റോഡുകളുടെ സ്ഥിതി മാറിയാൽ അതിന്റെ ഇരുവശത്തും കോടികളുടെ സ്വകാര്യനിക്ഷേപം വരും. അതിലൂടെ ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് ജോലിയും ലഭിക്കും. മഹാരാഷ്ട്രയിലെ ലോകറെക്കാഡ്,​ നിശ്ചിത സമയത്തിനു മുമ്പേ കേരളത്തിൽ റോഡുപണി പൂർത്തിയാക്കാൻ സർക്കാരിനും സ്വകാര്യ കമ്പനികൾക്കും രാഷ്ട്രീയ കക്ഷികൾക്കും ജനങ്ങൾക്കും പ്രചോദനമാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GUINNESS WORLD RECORD FOR ROAD CONSTRUCTION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.