SignIn
Kerala Kaumudi Online
Saturday, 17 August 2024 4.08 PM IST

വിവാഹ മോചനവും ഭാര്യയുടെ സ്വത്തും

x

രണ്ടു വ്യക്തികൾ തമ്മിലുള്ള സ്നേഹത്തിലും വിശ്വാസത്തിലും അടിയുറച്ചതാണ് വിവാഹബന്ധം. പരസ്‌പരമുള്ള വിട്ടുവീഴ്‌ചകളും ആദരവുമൊക്കെ ഇത് ഊഷ്‌മളമായി മുന്നോട്ടുപോകാൻ ആവശ്യമാണ്. പഴയ കാലങ്ങളിൽ വിവാഹമോചനം എന്നത് അപൂർവമായി സംഭവിക്കുന്ന ഒരു സംഗതിയായിരുന്നെങ്കിൽ ഇപ്പോഴത്, ഏതു വിവാഹബന്ധത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നായി മാറിക്കഴിഞ്ഞു. കുടുംബ കോടതികളുടെ വരാന്തകളിൽപ്പോലും ദമ്പതികൾ പോരടിക്കുന്നത് ആവർത്തിക്കുന്ന സംഭവങ്ങളായി മാറിയിട്ടുണ്ട്. പഴയ കാലത്തിൽ നിന്ന് വ്യത്യസ്‌തമായി സ്‌ത്രീകൾ വിദ്യാസമ്പന്നരായതും അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവതികളായതും സ്വന്തം കാലിൽ നിൽക്കാനുള്ള ജോലിയുള്ളവരായതും വിവാഹത്തിന്റെ പേരിൽ ഏതു ദുരിതവും സഹിക്കാൻ തയ്യാറല്ല എന്ന നിലപാടിലേക്ക് എത്താൻ അവരെ പ്രേരിപ്പിച്ചിട്ടുമുണ്ട്.

ഇതൊക്കെയാണെങ്കിലും ഇപ്പോഴും വിവാഹബന്ധങ്ങൾ വേർപിരിയാനുള്ള മുഖ്യ കാരണങ്ങളിലൊന്ന് സ്വത്തു തർക്കവും സ്‌ത്രീധനത്തിന്റെ പേരിലുള്ള ഭിന്നതകളും തന്നെയാണ്. സ്‌ത്രീധനം ചോദിക്കുന്നതും വാങ്ങുന്നതും നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും നമ്മുടെ സമൂഹത്തിൽ നിർബാധം നടന്നുവരുന്ന ഏർപ്പാടാണ് സ്‌ത്രീധനമെന്നത് കാണാതിരുന്നുകൂടാ. വിവാഹ സമയത്ത് സ്‌ത്രീ കൊണ്ടുവരുന്ന സ്വത്തിൽ പൂർണ അവകാശം ഭർതൃവീട്ടുകാർക്കാണെന്ന ഒരു തെറ്റായ ധാരണ സമൂഹത്തിൽ പ്രബലമായി നിലനിൽക്കുന്നുണ്ട്. സ്‌ത്രീ കൊണ്ടുവന്ന സ്വർണം അന്യാധീനപ്പെടുത്തിയതിനു ശേഷം വിവാഹമോചനത്തിന് ഒരുങ്ങുന്നവരും കുറവല്ല. മിക്കവാറും വിവാഹ മോചന കേസുകളിലും കൂടുതൽ സാമ്പത്തിക നഷ്ടം സംഭവിക്കുന്നത് പെണ്ണിന്റെ വീട്ടുകാർക്കാണ്. ഇതും വിവാഹ മോചനങ്ങൾ വർദ്ധിക്കാൻ ഇടയാക്കുന്ന ഒരു പ്രധാന കാരണമാണ്. ഈ പശ്ചാത്തലത്തിൽ സുപ്രീംകോടതിയിൽ നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായ ഒരു വിധി വളരെ പ്രസക്തമാണ്. വിവാഹ സമയം സ്‌ത്രീ കൊണ്ടുവരുന്ന സ്വത്തിനുമേൽ ഭർത്താവിന് ഒരു നിയന്ത്രണവുമില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ വരുമ്പോൾ സ്വർണം എടുത്ത് ഉപയോഗിച്ചാലും അതു മടക്കി നൽകാനുള്ള ധാർമ്മിക ബാദ്ധ്യത പുരുഷനുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.

കോടതി മുമ്പാകെ വന്ന, കേരളത്തിൽ നിന്നുള്ള ദമ്പതികളുടെ വിവാഹ മോചന കേസിൽ സ്വർണത്തിനു പകരമായി ഭാര്യയ്ക്ക് 25 ലക്ഷം രൂപ നൽകാനും കോടതി ഭർത്താവിന് നിർദ്ദേശം നൽകി.

2009-ൽ, വിവാഹവേളയിൽ വീട്ടുകാർ നൽകിയ 89 പവൻ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാനാണെന്നു പറഞ്ഞ് ആദ്യരാത്രി തന്നെ ഭർത്താവ് വാങ്ങിയെന്നും, പഴയ കടം വീട്ടാൻ ഭർതൃമാതാവ് പിന്നീട് ഈ സ്വർണം ദുരുപയോഗം ചെയ്‌തെന്നുമാണ് സ്‌ത്രീ പരാതി നൽകിയത്. 2011-ൽ സ്‌ത്രീയുടെ വാദം ശരിവച്ച കുടുംബകോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് റദ്ദാക്കിക്കൊണ്ട്, ഭർത്താവും ഭർതൃമാതാവും സ്വർണം ദുരുപയോഗം ചെയ്‌തെന്നു തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. തുടർന്നാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. വസ്‌തുതകൾ നീതിപൂർവം പരിഗണിച്ച് വിധിയെഴുതുന്നതിൽ ഹൈക്കോടതി പരാജയപ്പെട്ടെന്ന നിരീക്ഷണത്തോടെയാണ്, വിവാഹ സമയത്ത് സ്‌ത്രീക്ക് സ്വന്തം കുടുംബത്തിൽ നിന്നു ലഭിക്കുന്ന സ്വത്ത് ഭാര്യയുടെയും ഭർത്താവിന്റെയും തുല്യ സ്വത്തല്ലെന്നും, അതിന്മേൽ ഭർത്താവിന് സ്വതന്ത്ര അധികാരമില്ലെന്നും സുപ്രീംകോടതി വിധിച്ചത്. സ്‌ത്രീധനം പൂർണമായും സ്‌ത്രീയുടെ സ്വത്താണെന്നും കോടതി അഭിപ്രായപ്പെട്ടു. ഉന്നത കോടതിയുടെ ഈ വിധി, തുടർന്നുണ്ടാകുന്ന വിവാഹ മോചന കേസുകളിൽ മാർഗ്ഗദർശനമായി മാറേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: COURT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.