കേരളത്തിൽ മുടക്കം കൂടാതെ ആവർത്തിച്ചു നടക്കുന്ന ഒരു പ്രതിഭാസമാണ് നിക്ഷേപത്തട്ടിപ്പ്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ധനം സമ്പാദിക്കാനുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ആർത്തി മുതലെടുത്താണ് ഈ തട്ടിപ്പുകളെല്ലാം അരങ്ങേറിയിട്ടുള്ളത്. യുക്തിക്ക് ഒരു കാരണവശാലും നിരക്കാത്ത വാഗ്ദാനങ്ങളും പലിശയുമാണ് ഇത്തരം തട്ടിപ്പുകാർ പരസ്യങ്ങളിലൂടെയും മറ്റും മുന്നോട്ടുവയ്ക്കുന്നത്. ബാങ്കുകളും മറ്റ് വ്യവസ്ഥാപിത ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന പലിശയുടെ നാലും അഞ്ചും ഇരട്ടിയായിരിക്കും തുടക്കത്തിൽ ഇത്തരം സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുക. ഈ കെണിയിൽപ്പെട്ട് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ പോലും നഷ്ടപ്പെട്ടവർ കേരളത്തിൽ നൂറുകണക്കിനു പേരുണ്ട്. കേസും വഴക്കുമാകുമ്പോൾ സ്ഥാപനം പൂട്ടി തട്ടിപ്പുകാർ സ്ഥലംവിടുകയും കേസ് നടത്തുകയും ചെയ്യും. ഭൂരിപക്ഷം നിക്ഷേപകർക്കും ചില്ലിക്കാശു പോലും തിരിച്ച് കിട്ടുകയുമില്ല.
അടുത്തിടെ കേരളത്തിൽ നടന്ന ഏറ്റവും ഭീമമായ നിക്ഷേപത്തട്ടിപ്പാണ് ഹൈറിച്ച് ദമ്പതികൾ നടത്തിയത്. ഹൈറിച്ച് കമ്പനിയിൽ 700 രൂപയുടെ കൂപ്പണെടുത്ത് അംഗമായാൽ മതി, നിങ്ങൾക്ക് പണക്കാരനാകാൻ എന്നായിരുന്നു കമ്പനി ഉടമകളായ കെ.ഡി. പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും വാഗ്ദാനം. 2019-ൽ ആണ് ഇവർ ചേർപ്പ് ഞരുവശ്ശേരി ആസ്ഥാനമായി കമ്പനി ആരംഭിച്ചത്. മണിചെയിൻ ഇടപാടിലേക്കാണ് ഇവർ നിക്ഷേപകരെ ചേർത്തത്. 700 രൂപയുടെ കൂപ്പണുകൾ ഉപയോഗിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് 100 രൂപ ഉടൻ മടക്കിനൽകുമെന്നും ഇവർ വിശ്വസിപ്പിച്ചു. ഇതേ അംഗം 10,000 രൂപയുടെ നിക്ഷേപകനെ ചേർത്താൽ 1000 രൂപ ഇൻസെന്റീവായി ലഭിക്കും. 10,000 രൂപ നിക്ഷേപിക്കുന്നവർക്ക് മാസം 400 രൂപയാണ് പലിശയായി നൽകിയത്. അതായത് 48 ശതമാനം വരെയുള്ള വാർഷിക പലിശ! ഈ മോഹനവാഗ്ദാനത്തിൽ വീണ് ആയിരക്കണക്കിനു പേർ ലക്ഷങ്ങൾ നിക്ഷേപിച്ചു. തുടക്കത്തിൽ എല്ലാവർക്കും കൃത്യമായി പലിശ നൽകിയിരുന്നു.
ഇതിനിടെ കോടികൾ ഇവർ സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്കും മറ്റും മാറ്റുകയും ചെയ്തു. 125 കോടിയുടെ ജി.എസ്.ടി വെട്ടിച്ചതായി കണ്ടെത്തി, ജി.എസ്.ടി വകുപ്പ് കേസെടുത്തതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. എത്ര രൂപ തട്ടിച്ചു എന്നത് കൃത്യമായി പുറത്തുവന്നിട്ടില്ല. നിയമസഭയിൽ ഒരു ചോദ്യത്തിന് നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വെളിപ്പെടുത്തിയത് 3,141.34 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് അന്വേഷണത്തിൽ പ്രാഥമികമായി കണ്ടെത്തിയെന്നാണ്. ഇതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം തുടങ്ങി. 100 കോടി രൂപയുടെ ഹവാല കടത്തുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം. ക്രൈംബ്രാഞ്ച് അന്വേഷിച്ചാൽ പോരാ, സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് തട്ടിപ്പിനിരയായ നിക്ഷേപകർ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ് സി.ബി.ഐയ്ക്കു വിട്ട് സർക്കാർ ഉത്തരവായിരിക്കുകയാണ്. പിരിച്ചെടുത്ത തുകയിൽ നിന്ന് 1630 കോടി രൂപ നാലു ബാങ്കുകളിലെ 20 അക്കൗണ്ടുകൾ വഴി പലരിലേക്കും പോയെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും തുക വീണ്ടെടുക്കാനായിട്ടില്ല. പ്രതാപന്റെയും ശ്രീനയുടെയും പേരിൽ സ്വകാര്യ ബാങ്കുകളിലായിരുന്നു അക്കൗണ്ടുകൾ. ഈ തുക കണ്ടെത്തുന്നതിനാണ് സി.ബി.ഐ പ്രഥമ പരിഗണന നൽകേണ്ടത്. ജാമ്യമെടുത്ത് മുങ്ങിയ പ്രതാപനെയും ശ്രീനയെയും കണ്ടെത്തി നിയമ നടപടികൾക്ക് വിധേയരാക്കുകയും വേണം. കണ്ടെത്തുന്ന തുക നിക്ഷേപകർക്ക് തിരികെ നൽകാനുള്ള നടപടികളും അന്വേഷണ ഏജൻസികളുടെയും കോടതികളുടെയും ഭാഗത്തുനിന്ന് ഉണ്ടാവണം. ഇത്തരം കേസുകളിൽ അന്വേഷണവും കേസും വർഷങ്ങളോളം നീളുകയും നിക്ഷേപകർക്ക് ഒന്നും മടക്കിക്കിട്ടാതിരിക്കുകയുമാണ് പതിവ്. അത് ഹൈറിച്ച് നിക്ഷേപത്തട്ടിപ്പിന്റെ കാര്യത്തിലും ആവർത്തിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |