SignIn
Kerala Kaumudi Online
Wednesday, 18 February 2026 1.53 PM IST

ആവർത്തിക്കുന്ന ചികിത്സാ പിഴവ്

Increase Font Size Decrease Font Size Print Page
s

ആരോഗ്യ,​ ചികിത്സാരംഗം അതിവേഗം വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. രോഗനിർണയ മാർഗങ്ങളിലും ചികിത്സാരീതികളിലും സാങ്കേതികവിദ്യ വരുത്തിയ മാറ്റങ്ങളാണ് ചികിത്സാ മേഖലയിലെ വിപ്ളവങ്ങൾക്ക് മുഖ്യകാരണം. അതേസമയം,​ സാങ്കേതികവിദ്യ എന്തെല്ലാം പരിവർത്തനങ്ങൾക്ക് വഴിയൊരുക്കിയാലും,​ അടിയന്തര ആരോഗ്യ സാഹചര്യം നേരിടുന്ന രോഗിയെയും ബന്ധുക്കളെയും സംബന്ധിച്ച് പ്രാഥമികമായ കാര്യം ആശുപത്രികളിൽ അടിയന്തരശ്രദ്ധ കിട്ടുക,​ ഡോക്ടർമാരിൽ നിന്നും ആശുപത്രി ജീവനക്കാരിൽ നിന്നും അർഹമായ പരിഗണന കിട്ടുക എന്നതാണ്. അതിനു ശേഷമാണല്ലോ,​ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും റോൾ വരുന്നത്! അത്യാസന്ന നിലയിൽ സർക്കാർ ആശുപത്രിയിൽ എത്തിച്ച രോഗിക്ക് അടിന്തരശ്രദ്ധയും ചികിത്സയും കിട്ടിയില്ലെന്ന് ആക്ഷേപമുയരുന്ന സംഭവങ്ങൾ ആവർത്തിച്ചു വരുന്നതായാണ് മാദ്ധ്യമ വാർത്തകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.

നിർഭാഗ്യകരമെന്നു പറയട്ടെ; ചികിത്സാ പിഴവു സംബന്ധിച്ച് ആശുപത്രികൾക്ക് എതിരെയും ഡോക്ടർമാർക്ക് എതിരെയും ആരോപണങ്ങൾ ഉയരുകയും,​ സംഭവം വിവാദമാവുകയും ചെയ്യുന്ന അവസരങ്ങളിൽ പ്രഖ്യാപിക്കപ്പെടുന്ന,​ ആരോഗ്യവകുപ്പിന്റെ അന്വേഷണങ്ങളിൽ ഒരിക്കൽപ്പോലും യഥാർത്ഥ ഉത്തരവാദികൾക്കുനേരെ അന്വേഷണത്തിന്റെ മുന ചെന്നെത്താറില്ല. ഇനി,​ അന്വേഷണം നടത്തിയാലും പിഴവ് അവരുടെ ഭാഗത്താണെന്ന് അന്വേഷണ റിപ്പോർട്ടുകളിൽ കാണാറുമില്ല! തിരുവനന്തപുരത്ത്,​ മലയിൻകീഴ് കൊല്ലംകോണം ഞാറത്തല സ്വദേശിയായ പി. ബിസ്മി‍ർ എന്ന മുപ്പത്തിയേഴുകാരനാണ് സർക്കാർ ആശുപത്രി ജീവനക്കാരുടെ ഉദാസീനതയിൽ പിടഞ്ഞുമരിക്കേണ്ടിവന്ന ഏറ്റവും ഒടുവിലത്തെ ഹതഭാഗ്യൻ. ഇക്കഴിഞ്ഞ ജനുവരി 19-ന് പുലർച്ചെ ഒന്നരയോടെയാണ് കടുത്ത ശ്വാസതടസവുമായി ബിസ്മിർ വിളപ്പിൽശാല ആശുപത്രിയിലെത്തിയത്. ഭാര്യ ജാസ്മിനുമുണ്ടായിരുന്നു,​ ഒപ്പം. പ്രധാന വാതിൽ തുറന്നുകിട്ടയതുപോലും പലതവണ കാളിംഗ്ബെൽ അടിച്ചതിനു ശേഷമായിരുന്നത്രേ!

ജാസ്മിൻ ആവശ്യപ്പെട്ടതനുസരിച്ച് ബിസ്മിറിന് നെബുലൈസേഷൻ നല്കിയെങ്കിലും,​ അടിയന്തര പ്രഥമ ശുശ്രൂഷ നല്കുന്നതിനു പകരം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞയച്ചെന്നാണ് ബിസ്മിറിന്റെ കുടുംബത്തിന്റെ പരാതി. ആംബുലൻസിൽ വച്ചുതന്നെ ബിസ്മിറിന് ജീവൻ നഷ്ടമായി. പ്രധാന വാതിലിന്റെ ഗ്രില്ല് തുറക്കാൻ വൈകിയതാണ് ശുശ്രൂഷ വൈകാനും,​ രോഗി മരണത്തിനു കീഴടങ്ങാനും ഇടയാക്കിയതെന്നാണ് കരുതേണ്ടത്. സുരക്ഷാ കാരണങ്ങൾകൊണ്ടാണ് രാത്രിയിൽ ഗേറ്ര് പൂട്ടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. രാത്രിസമയത്ത് ആശുപത്രിയിലേക്ക് എത്തിക്കുന്നത് അടിയന്തര ശുശ്രൂഷ വേണ്ടിവരുന്ന രോഗികളെയായിരിക്കുമല്ലോ. അപ്പോൾ,​ സുരക്ഷാ ജീവനക്കാരില്ലാത്ത ഇടങ്ങളിൽ ഗേറ്റ് പൂട്ടി,​ ജീവനക്കാർ അകത്തിരുന്നാൽ രോഗിയും ബന്ധുക്കളും നിസഹായരായിപ്പോവുകയേ ഉള്ളൂ. സംഭവത്തെ തുടർന്ന് ആശുപത്രിക്കു മുന്നിൽ ദിവസങ്ങളായി രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിഷേധവും പ്രകടനവുമൊക്കെ നടക്കുന്നുണ്ട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേ ബിസ്മിറിന്റെ മരണത്തിനു കാരണമായത് ചികിത്സ വൈകിയതാണോ എന്ന് വ്യക്തമാകൂ. അതിനു ശേഷമേ അന്തിമ അന്വേഷണ റിപ്പോർട്ടും തയ്യാറാവൂ. എന്നാൽ,​ അതിനൊക്കെ മുമ്പുതന്നെ ആശുപത്രി ജീവനക്കാരെ വെള്ളപൂശുന്ന വിധത്തിൽ ആരോഗ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തിയത് നിർഭാഗ്യകരമാണ്. മരണകാരണം വെളിപ്പെടുന്നതിനു മുമ്പേ,​ രോഗിക്ക് ചികിത്സ കിട്ടിയില്ലെന്ന പരാതിയിൽ കഴമ്പില്ലെന്ന് മന്ത്രി തന്നെ പറയുന്നതിനെ ബിസ്മിറിന്റെ കുടുംബാംഗങ്ങൾ സംശയദൃഷ്ടിയോടെ കാണുന്നത് സ്വാഭാവികം. മാത്രമല്ല,​ അന്വേഷണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളുടെ ഭാഗം കേട്ടിട്ടുമില്ല. സിസി ടിവി ദൃശ്യങ്ങൾ നോക്കി സമയം രേഖപ്പെടുത്തുകയും,​ ഡ്യൂട്ടി ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യുന്നതിനെ നീതിപൂർവകമായ അന്വേഷണമെന്ന് പറയാൻ കഴിയില്ല. സംഭവിച്ചത് എന്താണെന്ന് കൃത്യമായി പരിശോധിക്കുകയും,​ ഉത്തരാവാദികളെ കണ്ടെത്തുകയും,​ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതിനു പകരം ധൃതിപിടിച്ചുള്ള നിഗമനങ്ങളിൽ എത്തിച്ചേരുന്നത് ആക്ഷേപങ്ങൾക്കും സംശയങ്ങൾക്കും ഇടയാക്കുകയേയുള്ളൂ. വാശിയല്ല; വിവേകമാണ് ഇത്തരം അവസരങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതരെ നയിക്കേണ്ടത്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.