SignIn
Kerala Kaumudi Online
Thursday, 25 April 2024 3.42 AM IST

വിചിത്രമായ ഉത്തരവ്

photo

പരപ്രേരണ കൂടാതെ ഉള്ളിൽനിന്ന് ഉടലെടുക്കുന്നതാണ് നല്ല പ്രവൃത്തിയും സംസ്കാരവും. ഇത് ബാഹ്യമായ കാഴ്ചയിലോ വാക്കുകളിലോ വിലയിരുത്തേണ്ടതല്ല. ഇന്ത്യയ്ക്ക് മഹത്തായ സാംസ്കാരിക പാരമ്പര്യമാണുള്ളത്. ഇന്ത്യയുടെ സംസ്കാരത്തെക്കുറിച്ച് മഹത്തായ പ്രഭാഷണങ്ങൾ നടത്തുന്നവരെല്ലാം ഇന്ത്യൻ സംസ്കാരത്തിന്റെ യഥാർത്ഥ സത്ത പാലിക്കുന്നവരാണെന്ന് കരുതാനാകില്ല. ജാതിമത ചിന്തകൾക്കെതിരെ പ്രഭാഷണങ്ങളിൽ ആഞ്ഞടിക്കും. എന്നാൽ കുടുംബത്തിൽ ജാതിയുടെ പേരിലുള്ള എല്ലാ വേർതിരിവുകളും പാലിക്കും. വാക്കും പ്രയോഗവും തമ്മിലുള്ള ഈ വ്യത്യാസമാണ് ഇന്ത്യൻ സംസ്കാരത്തിന് പേരുദോഷം വരുത്തുന്നത്.

അതുപോലെ പാശ്ചാത്യസംസ്കാരം അപ്പടി തള്ളിക്കളയേണ്ടതുമല്ല. അതിൽനിന്ന് പല നല്ല അംശങ്ങളും ഭാരതീയർ ഉൾക്കൊണ്ടിട്ടുണ്ട്. ഭാരതീയർ ശുദ്ധിയെക്കുറിച്ച് ഏറെ പറയുമെങ്കിലും ശൗചാലയങ്ങളുടേയും മറ്റും കാര്യത്തിൽ അത് പ്രാവർത്തികമാക്കിയതിൽ മുന്നിൽനില്ക്കുന്നത് പാശ്ചാത്യരാണ്. കാലത്തിനനുസരിച്ച് മാറുന്നത് കൂടിയാണ് സംസ്കാരം. തത്വത്തിൽ മാറ്റമില്ലെങ്കിലും പ്രയോഗത്തിൽ കാലാനുസൃതമായ വ്യത്യാസം വരും. ഇന്ത്യൻ സംസ്കാരം പശുവിന് ദൈവതുല്യമായ സ്ഥാനമാണ് നല്‌കിയിട്ടുള്ളത്. അതിന്റെപേരിൽ ഇന്ത്യയിലെ കുടുംബങ്ങളെല്ലാം ഓരോ പശുവിനെ വളർത്തണമെന്ന് സർക്കാർ ഉത്തരവിട്ടാൽ നടക്കുമോ? പശുവിനെ വളർത്താൻ പറ്റിയ സാഹചര്യത്തിലല്ല ഭൂരിപക്ഷം മനുഷ്യരും കഴിയുന്നത്. വളർത്തുന്നവരാകട്ടെ സർക്കാർ പറഞ്ഞതുകൊണ്ടോ ഇന്ത്യൻ സംസ്കാരത്തിനോടുള്ള ആദരവ് പാലിക്കാനോ ചെയ്യുന്നതുമാകില്ല. ജീവിതമാർഗത്തിന്റെ ഭാഗമായാവും അവർ നാല്‌ക്കാലികളെ വളർത്തുന്നത്. അവരാരും പശുവിനെ ഒരു രാഷ്ട്രീയ പ്രതീകമായി കാണാറില്ല. അതേസമയം ഒരിക്കൽ പോലും പശുവിനെ വളർത്തുകയോ പരിപാലിക്കുകയോ ചെയ്യാത്തവർ സംസ്കാരത്തിന്റെ മഹിമ ഉയർത്തിക്കാട്ടാൻ പശുവിനെക്കുറിച്ച് പറയുമ്പോഴാണ് അത് സമൂഹത്തിൽ ഭിന്നതയ്ക്കും മറ്റ് വഴക്കുകൾക്കുമൊക്കെ ഇടയാക്കുന്നത്. പറയുന്നവരുടെ ലക്ഷ്യവും പശുസംരക്ഷണമല്ല അതിന്റെ പേരിൽ വഴക്കുണ്ടാക്കുക എന്നതാണ്.

ആവശ്യമില്ലാത്ത പ്രശ്നങ്ങളുടെ പേരിൽ പ്രത്യേകിച്ചും സിനിമകളുടെയും മറ്റും പേരിൽ വിവാദങ്ങൾ സൃഷ്ടിക്കരുതെന്ന് ബി.ജെ.പി നിർവാഹകസമിതി യോഗത്തിൽ പ്രധാനമന്ത്രി മോദി പാർട്ടി പ്രവർത്തകരെ ഉപദേശിച്ചിരുന്നു. അനാവശ്യ വിവാദങ്ങൾ രാജ്യത്തിന്റെ പുരോഗതിയെയും വികസനത്തെയും പിന്നാക്കം പായിക്കാനേ ഇടയാക്കൂ. അതിനപ്പുറം അത് മതസൗഹാർദ്ദത്തിന് മുറിവേല്പിക്കുകയും ചെയ്യും. ഇതൊക്കെ മനസിൽ കണ്ടാവും മോദി പ്രസ്തുത ഉപദേശം നല്‌കിയത്. എന്നാൽ ഈ ഉപദേശത്തിന് നേർവിപരീതമായ ഉത്തരവാണ് മോദി സർക്കാരിന്റെ കീഴിലുള്ള കേന്ദ്ര മൃഗസംരക്ഷണ ബോർഡിൽനിന്ന് ഉണ്ടായിരിക്കുന്നത്. വരുന്ന വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് പശുവിനെ ആലിംഗനം ചെയ്യുന്ന ദിനമായി ആഘോഷിക്കണമെന്നാണ് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് സെക്രട്ടറി ഇറക്കിയ വിചിത്രമായ ഉത്തരവിൽ പറയുന്നത്.

ബി.ജെ.പിയുടെ മന്ത്രിമാരും ചില നേതാക്കന്മാരും മറ്റുമാണ് സാധാരണ ഇതുപോലുള്ള അനാവശ്യ വിവാദങ്ങൾക്ക് ഇടയാക്കുന്ന പ്രഭാഷണങ്ങൾ നടത്തുന്നത്. അതിനെ രാഷ്ട്രീയമായാണ് നിഷ്‌പക്ഷമതികൾ വിലയിരുത്തുന്നത്. എന്നാൽ ജാതിയും മതവുമൊന്നുമില്ലാതെ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കുമായി പ്രവർത്തിക്കേണ്ട മൃഗസംരക്ഷണ ബോർഡ് ഇത്തരം രാഷ്ട്രീയച്ചുവയുള്ള ഉത്തരവ് ഇറക്കിയത് എത്രയും വേഗം പിൻവലിക്കാൻ പ്രധാനമന്ത്രി തന്നെ നിർദ്ദേശം നല്‌കേണ്ടതാണ്. പശുവിനെ സ്നേഹിക്കുകയും വളർത്തുകയും ചെയ്യുന്നവർ വാലന്റൈൻസ് ദിനത്തിൽ മാത്രമല്ല മറ്റ് ദിനങ്ങളിലും പശുവിനെ തടവുകയും കെട്ടിപ്പിടിക്കുകയും മറ്റു ചെയ്യും. അതിനായി ഒരു പ്രത്യേക ദിനം അവർക്കാവശ്യമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HUGGING COW ON VALENTINES DAY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.