നമ്മളിൽ നല്ലൊരു ശതമാനം ആളുകളും സ്വന്തം കഴിവുകളിലും ജീവിതസാഹചര്യങ്ങളിലും അസംതൃപ്തരാണ്. ചുറ്റുമുള്ളവരെയും അകലെയുള്ളവരെയും നോക്കി അവരെപ്പോലെ ആകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന മനോഭാരത്തോടെ നമ്മൾ ആഗ്രഹിക്കാറുണ്ട്. നമ്മുടെ പക്കൽ എന്തൊക്കെയില്ല എന്നതിനെക്കുറിച്ച് വളരെ ബോധവാന്മാരാണെങ്കിലും നമുക്ക് ഇപ്പോൾത്തന്നെയുള്ള സൗഭാഗ്യങ്ങളെക്കുറിച്ച് നമ്മൾ ബോധവാന്മാരല്ല. ഉള്ള കഴിവുകളെയും സൗഭാഗ്യങ്ങളെയും കഴിയുന്നത്ര പ്രയോജനപ്പെടുത്തി എങ്ങനെ സംതൃപ്തരാകാൻ കഴിയും എന്നാണ് നമ്മൾ ചിന്തക്കേണ്ടത്. പക്ഷേ ഒട്ടനവധി ആളുകൾ അവരുടെ ഉള്ളിലുള്ള കഴിവുകളെ തിരിച്ചറിയാതെ ജീവിതത്തോട് യാത്ര പറയുകയാണ്.
നമുക്ക് ഈ ലോകത്തിൽ അത്ഭുതകരമായ എത്രയോ കാര്യങ്ങൾ ചെയ്യാൻ കഴിയും. നമ്മുടെ ശരീരത്തിലെ ആയിരക്കണക്കിനു നാഡികളും പേശികളും വേണ്ടതുപോലെ ചലിക്കുന്നതുകൊണ്ടാണ് നമുക്ക് സംഭാഷണത്തിലൂടെ ആശയവിനിമയം ചെയ്യാൻ സാധിക്കുന്നത്. നമ്മുടെ കണ്ണുകളും തലച്ചോറും സംയോജിച്ചു പ്രവർത്തിക്കുന്നതുകൊണ്ടാണ് ലോകത്തെ കാണുവാൻ കഴിയുന്നത്. എന്തിനധികം നമ്മുടെ കേൾവിയും ശ്വാസോച്ഛ്വാസവുമൊക്കെ മഹാത്ഭുതങ്ങൾ തന്നെയാണ്. നമ്മൾ നിസാരമെന്നോ തികച്ചും സാധാരണമെന്നോ കരുതുന്ന പല കാര്യങ്ങളും വാസ്തവത്തിൽ അത്ഭുതകരമായ കാര്യങ്ങളാണ്. അതൊക്കെ മറന്ന് നമ്മൾ വെറുതെ ദുഃഖിക്കരുത്.
ഒരാൾ തന്റെ നായയുമായി ഒരു ബോട്ടിൽ യാത്ര ചെയ്യുകയായിരുന്നു. ആ ബോട്ടിൽ മറ്റ് യാത്രക്കാർക്കൊപ്പം ഒരു മനഃശാസ്ത്രജ്ഞനും ഉണ്ടായിരുന്നു. ആ നായ അതിനുമുമ്പ് ബോട്ടിൽ യാത്ര ചെയ്തിട്ടില്ലായിരുന്നു. അതിനാൽ നായയ്ക്ക് ബോട്ടുയാത്ര അത്ര സുഖകരമായി തോന്നിയില്ല. അസ്വസ്ഥനായ നായ ആരെയും സമാധാനത്തോടെ ഇരിക്കാൻ അനുവദിക്കാതെ മുകളലേക്കും താഴേക്കും ചാടിക്കൊണ്ടിരുന്നു. യാത്രക്കാരെല്ലാം അസ്വസ്ഥരായി എഴുന്നേറ്റു. ഇതു കണ്ട് ബോട്ട് ഡ്രൈവർ അവരോട് ഉച്ചത്തിൽ പറഞ്ഞു, 'എല്ലാവരും അടങ്ങിയിരിക്കണം. നായയെ എങ്ങനെയെങ്കിലും ശാന്തമാക്കണം. അല്ലെങ്കിൽ ബോട്ട് മുങ്ങും.' പക്ഷേ ഉടമസ്ഥൻ എത്ര ശ്രമിച്ചിട്ടും നായയെ ശാന്തമാക്കാൻ സാധിച്ചില്ല. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന മനഃശാസ്ത്രജ്ഞൻ നായയുടെ ഉടമസ്ഥനോടു പറഞ്ഞു. 'നിങ്ങൾ അനുവദിക്കുകയാണെങ്കിൽ, ഞാൻ നായയെ ഒരു പൂച്ചക്കുട്ടിയെപ്പോലെ ശാന്തനാക്കാം.' ഉടമസ്ഥൻ സമ്മതിച്ചു. മനഃശാസ്ത്രജ്ഞൻ നായയെ കയറുകൊണ്ട് ബന്ധിച്ചശേഷം വെള്ളത്തിലേക്ക് എറിഞ്ഞു. നായ മരണവെപ്രാളത്താൽ വെള്ളത്തിൽ കിടന്നുമറിഞ്ഞു. കുറച്ചു സമയത്തിനുശേഷം, മനഃശാസ്ത്രജ്ഞൻ നായെ തിരികെ ബോട്ടിലേക്ക് വലിച്ചിട്ടു. അത് ഒരു മൂലയിൽ ശാന്തനായി ഇരുന്നു. നായയുടെ സ്വഭാവത്തിലെ മാറ്റം എല്ലാവരെയും ആശ്ചര്യപ്പെടുത്തി.
നായയുടെ ഉടമസ്ഥൻ മനഃശാസ്ത്രജ്ഞനോടു ചോദിച്ചു: 'നായ ഇപ്പോൾ ശാന്തനായിരിക്കുന്നത് എന്തുകൊണ്ടാണ്?' മനഃശാസ്ത്രജ്ഞൻ പറഞ്ഞു. 'തനിക്കു ലഭിച്ച സൗഭാഗ്യങ്ങളെയും, മറ്റുള്ളവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെയും തിരിച്ചറിയാൻ പലർക്കും കഴിയാറില്ല. സ്വയം അനുഭവിക്കുമ്പോൾ മാത്രമേ അതറിയൂ. വെള്ളത്തിലേക്ക് എറിഞ്ഞപ്പോൾ അതിലുള്ള അപകടവും ബോട്ടിലിരിക്കുമ്പോഴുള്ള സുരക്ഷിതത്വവും എത്രമാത്രമാണെന്ന് നായയ്ക്ക് മനസിലായി. അതോടെ അത് അടങ്ങിയിരിക്കാൻ പഠിച്ചു. ഈശ്വരൻ നമുക്കു കനിഞ്ഞു നല്കിയ സൗഭാഗ്യങ്ങളെ തിരിച്ചറിഞ്ഞു ദുഃഖം വെടിയാനും സംതൃപ്തരാകാനും മനഃപ്രസാദത്തോടെ ജീവിതത്തെ നേരിടാനും നമുക്ക് കഴിയട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |