SignIn
Kerala Kaumudi Online
Tuesday, 07 May 2024 6.52 PM IST

പാകിസ്ഥാനുമായി ചർച്ച വേണ്ട

amit-shah

സാധാരണഗതിയിൽ പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തരമന്ത്രിയോ കാശ്‌മീർ സന്ദർശിക്കുന്ന വേളയിൽ സംസ്ഥാനത്ത് വിവിധ വിഘടന വാദികൾ ഹർത്താൽ നടത്തുന്നത് പതിവായിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തുന്ന കാശ്‌മീർ സന്ദർശന വേളയിൽ ഇത്തവണ ഹർത്താൽ ഇല്ലായിരുന്നു. സാവധാനമാണെങ്കിലും കാശ്‌മീർ സാധാരണ നിലയിലേക്ക് മടങ്ങുന്നു എന്നതിന്റെ പ്രത്യക്ഷമായ തെളിവായി അതിനെ കണക്കാക്കാം. കാശ്‌മീരിന് പ്രത്യേകമായ അധികാരം നൽകിയിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് പിൻവലിച്ചിട്ട് മൂന്ന് വർഷം പൂർത്തിയായ വേളയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ത്രിദിന സന്ദർശനം നടത്തുന്നത്.

ഭീകരാക്രമണങ്ങളും ഏറ്റുമുട്ടലുകളും ഇനിയും പൂർണമായും കാശ്‌മീരിനെ വിട്ടൊഴിഞ്ഞ് പോയിട്ടില്ല. കേന്ദ്രമന്ത്രി സന്ദർശനത്തിനെത്തിയ ദിവസവും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടിരുന്നു. പ്രധാനമായും ഇപ്പോഴും കാശ്‌മീരിൽ ഭീകരപ്രവർത്തനം ചെറിയ തോതിലാണെങ്കിലും തുടരുന്നത് ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തൊയ്‌ബ എന്നീ ഭീകര ഗ്രൂപ്പുകളാണ്. സായുധസേന ശക്തമായ തിരിച്ചടികൾ നൽകുന്നതിനാൽ മുൻകാലങ്ങളിലേതുപോലെ ജനക്കൂട്ടത്തെ ഇളക്കിവിട്ട് അക്രമങ്ങൾ നടത്താൻ ഭീകരർക്ക് കഴിയുന്നില്ല. ഭീകരാക്രമണം അതിരുവിട്ടാൽ പാകിസ്ഥാനിൽ കടന്നുപോലും തിരിച്ചടി നടത്താൻ ഇന്ത്യ മടിക്കില്ലെന്നത് പുൽവാമ സംഭവത്തോടെ ഭീകരർക്കും അവർക്ക് പിന്തുണ നൽകുന്ന പാകിസ്ഥാനും തികച്ചും ബോദ്ധ്യപ്പെട്ടതുമാണ്. ഭീകരർക്ക് നൽകുന്ന പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി യാതൊരുവിധ ചർച്ചയുമില്ലെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. പാകിസ്ഥാനുമായി ഇനി ചർച്ചയില്ലെന്നും ഭീകരവാദം തുടച്ചുനീക്കാൻ കാശ്‌മീരിലെ ജനങ്ങളുമായി മാത്രമേ ചർച്ച നടത്തൂ എന്നും അമിത് ഷാ കാശ്‌മീരിൽ വ്യക്തമാക്കുകയും ചെയ്‌തു. ജമ്മുകാശ്‌മീരിനെ രാജ്യത്തെ ഏറ്റവും സമാധാനമുള്ള പ്രദേശമാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ പരിശ്രമിക്കുന്നത്. 2008, 2010, 2016 വർഷങ്ങളിൽ നടന്ന അക്രമസംഭവങ്ങളും ജീവഹാനിയും അതേ തോതിൽ പിന്നീട് ആവർത്തിച്ചിട്ടില്ല. ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നു എന്നതല്ലാതെ മറ്റൊന്നും ആ പ്രദേശങ്ങൾക്ക് ഭീകരവാദം മൂലം ലഭിച്ചിട്ടില്ല. കാശ്‌മീരിന്റെ സ്ഥിതി മാറുകയാണ്. മൂന്ന് വർഷത്തിനിടെ 56,000 കോടി രൂപയുടെ നിക്ഷേപം വന്നു. ടൂറിസത്തിലും വൻ മുന്നേറ്റമുണ്ടായി. കഴിഞ്ഞ വർഷം ആറ് ലക്ഷം ടൂറിസ്റ്റുകൾ വന്ന സ്ഥാനത്ത് ഇക്കൊല്ലം ഇതുവരെ 22 ലക്ഷം സഞ്ചാരികൾ വന്നുകഴിഞ്ഞു.

വികസനം വരുമ്പോൾ സ്വാഭാവികമായും വിഘടന പ്രവർത്തനങ്ങൾ മന്ദീഭവിക്കും. അതാണ് ഇപ്പോൾ ജമ്മുകാശ്‌മീരിൽ കാണാൻ കഴിയുന്നതെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. ജനാധിപത്യ പ്രക്രിയ കൂടി പുനഃസ്ഥാപിച്ചു കഴിഞ്ഞാൽ ജമ്മുകാശ്‌മീർ കൂടുതൽ സമാധാനത്തിലേക്ക് മടങ്ങുമെന്നു തന്നെ പ്രതീക്ഷിക്കാം. ഇതിനിടയിൽ അത് അട്ടിമറിക്കാൻ ശ്രമിക്കുന്ന പാകിസ്ഥാനുമായി ചർച്ച നടത്തിയിട്ട് ഒരു പ്രയോജനവുമില്ലെന്ന ഇന്ത്യയുടെ നിലപാട് പ്രമുഖ ലോക രാജ്യങ്ങൾതന്നെ അംഗീകരിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷൻ പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചാലുടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെന്നും കേന്ദ്രമന്ത്രി വെളിപ്പെടുത്തുകയുണ്ടായി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ അതുണ്ടാകുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIA AND PAKISTAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.