SignIn
Kerala Kaumudi Online
Saturday, 27 April 2024 10.17 AM IST

കരയിപ്പിക്കുന്ന ബാങ്ക് ഇടപാട്

photo

ജനങ്ങൾ ബാങ്കിൽ പണമിടുന്നത് പലിശകിട്ടാൻ വേണ്ടി മാത്രമല്ല. പ്രധാനപ്പെട്ട മറ്റ് പല ഉദ്ദേശങ്ങളോടെയുമാണ്. ഒന്നാമത് പണമായി കൈയിലിരുന്നാൽ ചെലവായിപ്പോകും. ബാങ്കിലാവുമ്പോൾ പണം സുരക്ഷിതമായിരിക്കും. മക്കളുടെ വിവാഹം, വീടുപണി , ചികിത്സ തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾക്ക് ആവശ്യം വരുമ്പോൾ ഉപയോഗിക്കാമെന്നതാണ് പണം നിക്ഷേിക്കാൻ ഏവരെയും പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. ലോകത്തെവിടെയുമുള്ള ബാങ്കുകളുടെ അടിസ്ഥാന തത്വങ്ങളിലൊന്ന് നിക്ഷേപകൻ ആവശ്യപ്പെടുന്ന സമയത്ത് പണം തിരികെ നൽകാമെന്ന ഉറപ്പാണ്. ആ ഉറപ്പ് ലംഘിക്കപ്പെട്ടതിന്റെ പേരിലാണ് രാജ്യത്ത് പല ബാങ്കുകളും പൂട്ടിപ്പോയത്. തിരുവിതാംകൂറിൽ ക്വയിലോൺ ബാങ്ക് പൂട്ടിച്ചതിന്റെ പ്രത്യക്ഷകാരണവും അതായിരുന്നു.സ്ഥിരനിക്ഷേപം ഒരു പ്രത്യേക കാലയളവിലേക്കാണെങ്കിലും നഷ്ടം സഹിച്ചും അത് കാലാവധിക്ക് മുൻപേ തിരിച്ചെടുക്കാൻ നിക്ഷേപകന് അവകാശമുണ്ട്. അതു നൽകില്ലെന്ന് പറയുന്നത് ഗുണ്ടാസ്വരത്തിന് തുല്യമാണ്. അത്തരമൊരു നടപടിയാണ് തട്ടിപ്പിന്റെ പേരിൽ നാടുമുഴുവൻ അറിയപ്പെട്ട കരുവന്നൂർ സഹകരണ ബാങ്കിന്റെ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസമുണ്ടായത്. 30 ലക്ഷം നിക്ഷേപിച്ച ഏറാട്ട്പറമ്പിൽ ഫിലോമിനയുടെ കുടുംബം 28.5 ലക്ഷം രൂപ തിരിച്ചെടുക്കാൻ എത്തിയപ്പോൾ നൽകിയില്ല. ഫിലോമിന ആശുപത്രിയിലായപ്പോഴാണ് ഭർത്താവ് ദേവസ്യ പണം ആവശ്യപ്പെട്ടത്. പണം നൽകിയില്ലെന്ന് മാത്രമല്ല നായ്‌ക്കളോടെന്ന പോലെയാണ് തന്നോട് പെരുമാറിയതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മുന്നൂറ് കോടിരൂപയുടെ തട്ടിപ്പും ക്രമക്കേടും നടത്തിയതായി കേസ്സുള്ള ബാങ്കാണിത്. ഒരു വർഷം മുമ്പാണ് തട്ടിപ്പ് പുറത്തായത്. ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ 17 പേർ അറസ്റ്റിലായി. കേസ് വർഷങ്ങൾ നീളും. അതിനൊരു തീർപ്പ് എന്നുണ്ടാകുമെന്ന് കാത്തിരുന്ന് കാണണം. അതേസമയം യാതൊരു വെട്ടിപ്പും നടത്താതെ സംസ്ഥാനത്ത് നല്ലനിലയിൽ പ്രവർത്തിക്കുന്ന നിരവധി സഹകരണ ബാങ്കുകളുണ്ടെന്നത് കാണാതിരിക്കുന്നതും ശരിയല്ല. പക്ഷേ അവർക്ക് കൂടി നാണക്കേടാണ് കരുവന്നൂർ പോലുള്ള ഏതാനും ബാങ്കുകൾ. കുടുംബത്തിൽ ഒരാൾ പിഴച്ചുപോയാൽ ആ വ്യക്തിയുടെ ദുഷ്കൃത്യങ്ങളുടെ പേരിലാവുമല്ലോ കുടുംബം മുഴുവൻ അറിയപ്പെടുക. നഴ്സായിരുന്ന ഫിലോമിന വിരമിച്ചപ്പോൾ ലഭിച്ച തുകയും ഗൾഫിലായിരുന്ന ഭർത്താവ് സമ്പാദിച്ച തുകയും കൂടി ചേർത്തുള്ള 30 ലക്ഷം രൂപയാണ് കഷ്ടകാലത്തിന് ഇൗ ബാങ്കിൽ നിക്ഷേപിച്ചത്. മകന്റെ കാലിന്റെ ഒാപ്പറേഷന് വേണ്ടി നിരന്തരം ചോദിച്ചപ്പോൾ ഒന്നരലക്ഷം രൂപ മൂന്ന് തവണയായി നൽകി. തലച്ചോറിലുണ്ടായ പഴുപ്പുകാരണം ഫിലോമിനയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചപ്പോഴാണ് ഭർത്താവ് പണം തിരിച്ചെടുക്കാൻ ബാങ്കിനെ സമീപിച്ചത്. പണം ലഭിച്ചിരുന്നെങ്കിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും ഒരുപക്ഷേ ജീവൻ രക്ഷിക്കാനും കഴിയുമായിരുന്നു.

ഫിലോമിനയുടെ മൃതദേഹവുമായി ബന്ധുക്കൾ ബാങ്കിന് മുന്നിൽ പ്രതിഷേധം നടത്തി. തുടർന്ന് ആർ.ഡി.ഒ സ്ഥലത്തെത്തി ചർച്ച നടത്തിയതിനെത്തുടർന്നാണ് രണ്ടുലക്ഷം രൂപ നൽകാൻ ബാങ്ക് തയാറായത്. ഏതു സാങ്കേതിക തടസ്സത്തിന്റെ പേരിലായാലും അവർക്ക് പണം നിഷേധിച്ച കരുവന്നൂർ ബാങ്കിന്റെ നടപടി ന്യായീകരിക്കാനാവില്ല. സഹകരണമന്ത്രി ഇടപെട്ട് അവർക്ക് അർഹമായ മൊത്തം പണവും നൽകാൻ വേണ്ട നടപടി സ്വീകരിച്ചാൽ മാത്രമേ ഇതിനൊരു പ്രായശ്ചിത്തമാകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARUVANNUR BANK
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.