SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.08 PM IST

കൺസെഷൻ വെട്ടിലൂടെ രക്ഷപ്പെടുമോ?

photo

ചുമത്താവുന്ന ഇനങ്ങളിലെല്ലാം നികുതികൂട്ടി ജനങ്ങളെ പിഴിയുന്നതു പോരാതെ വിദ്യാർത്ഥികളുടെ യാത്രാ സൗജന്യത്തിന്മേലാണ് പുതിയ കൈവയ്‌പ്. ഒരിക്കലും നന്നാകാത്ത കെ.എസ്.ആർ.ടി.സിക്കു വേണ്ടിയാണു വിചിത്രമെന്നു തോന്നാവുന്ന പുതിയ കൺസെഷൻ പരിഷ്കാരം. 25 വയസിനു മുകളിലുള്ള വിദ്യാർത്ഥികൾക്ക് മേലിൽ യാത്രാബസുകളിൽ നിരക്ക് ആനുകൂല്യം നല്‌കേണ്ടതില്ലെന്നാണു തീരുമാനം. പഠനമോഹമൊക്കെ ഇരുപത്തഞ്ചിനു മുമ്പേ അവസാനിപ്പിക്കണമെന്നു സാരം. കെ.എസ്.ആർ.ടി.സി വിദ്യാർത്ഥികൾക്കു നല്‌കിവരുന്ന കൺസെഷൻ ആനുകൂല്യം സർക്കാർ, എയ്‌ഡഡ് സ്‌കൂൾ വിദ്യാർത്ഥികൾക്കും അൺ എയ്‌ഡഡ് സ്‌കൂളുകളിലെ ദാരിദ്ര്യ‌‌‌രേഖയ്ക്കു താഴെയുള്ളവർക്കുമായി പരിമിതപ്പെടുത്തും. ആദായ നികുതി നല്‌കുന്നവരുടെ മക്കൾക്ക് ഇളവ് നല്‌കില്ല. അതുപോലെ ജി.എസ്.ടി റിട്ടേൺ നൽകുന്ന സ്ഥാപന ഉടമകളുടെ മക്കളും ബസിൽ ഫുൾടിക്കറ്റിൽ വേണം സഞ്ചരിക്കാൻ. ഈ വിഭാഗത്തിലുള്ളവർക്ക് യാത്രാ ആനുകൂല്യങ്ങളൊന്നും നല്‌കേണ്ടതില്ലെന്നാണ് ഉത്തരവ്. സ്വാശ്രയ - അൺ എയ്‌ഡഡ് സ്ഥാപനങ്ങളിലെ കുട്ടികൾ നിരക്കിന്റെ 35 ശതമാനം സ്വന്തം പോക്കറ്റിൽനിന്ന് കണ്ടെത്തണം.

കെ.എസ്.ആർ.ടി.സി നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്താണത്രെ കൺസെഷൻ വിഷയത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവന്നതെന്നാണ് മാനേജ്‌മെന്റ് വിശദീകരണം. സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് സദാ പറഞ്ഞുനടക്കുന്നവർ അധികാരത്തിലിരിക്കെ ഏതു പരിഷ്കാരനടപടിയും അവരുടെ പള്ളയ്ക്കടിക്കുന്ന തരത്തിലായിപ്പോകുന്നത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ?

ഗ്രാമീണ മേഖലയിലെ കുട്ടികളാണ് പ്രധാനമായും ട്രാൻസ്പോർട്ട് ബസുകളെ ആശ്രയിച്ച് യാത്രചെയ്യുന്നത്. സ്വകാര്യ ബസുകൾ വിദ്യാർത്ഥികളെ റോഡിൽ കാണുന്ന മാത്രയിൽ നിറുത്താതെ സ്ഥലംവിടുന്നതാണു പതിവ്. ഇക്കൂട്ടർക്ക് എപ്പോഴും ആശ്രയം കെ.എസ്.ആർ.ടി.സി ബസുകളാകും. കൺസെഷൻ ആനുകൂല്യം പരിമിതപ്പെടുത്താനുള്ള തീരുമാനം നടപ്പാകുന്നതോടെ ഏറെ ബുദ്ധിമുട്ടാൻ പോകുന്നത് പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളായിരിക്കും.

വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കുക വഴി ട്രാൻസ്പോർട്ട് കോർപ്പറേഷൻ അമ്പേ പാതാളത്തിലാകുന്നു എന്ന് എങ്ങനെ പറയാനാകും. ഇതു മനസിലാക്കാൻ കോർപ്പറേഷന്റെ വരുമാനക്കണക്ക് പരിശോധിച്ചാൽ മതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതുവേ അവധിയായ ഏപ്രിൽ, മേയ് മാസങ്ങളിൽ വരുമാനം മറ്റു മാസങ്ങളിലെ വരുമാനത്തെക്കാൾ ഗണ്യമായി കൂടുതലാണെങ്കിൽ ഏകദേശ രൂപം ലഭിക്കും. അങ്ങനെയൊരു സ്ഥിതിവിവരക്കണക്ക് ഉത്തരവാദപ്പെട്ടവർ പരിശോധിച്ച ശേഷമാണോ കൺസെഷനിലെ കടുംവെട്ടിനുള്ള തീരുമാനമെന്ന് നിശ്ചയമില്ല. വെട്ട് ചെന്നുകൊള്ളുന്നത് സാധാരണക്കാരിൽ സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികളിലാണെന്ന പരമാർത്ഥം മറക്കരുത്.

കൺസെഷൻ അനുവദിക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാനക്കുറവിന് ആനുപാതികമായ തുക നല്‌കാൻ സർക്കാർ മടികാട്ടുന്നു എന്നു പറയാനാവില്ല. കാരണം ഈ സ്ഥാപനത്തിനായി ഓരോ വർഷവും പൊതുഖജനാവിൽ നിന്ന് ഭാരിച്ച തുകയാണ് സർക്കാർ ചെലവിട്ടുകൊണ്ടിരിക്കുന്നത്. പുതിയ ബസുകൾ വാങ്ങാൻ മാത്രമല്ല, ശമ്പളവും പെൻഷനും നല്‌കാൻ വേണ്ടിയും മാസാമാസം സർക്കാർ പണം നല്‌കിക്കൊണ്ടിരിക്കുകയാണ്. ആ നിലയ്ക്ക് വിദ്യാർത്ഥികൾക്ക് നല്‌കിവരുന്ന ആനുകൂല്യങ്ങൾ കുറയ്ക്കാനോ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേല്പിക്കാനോ കോർപ്പറേഷന് അധികാരമില്ല. വിദ്യാർത്ഥിലോകത്തെ പ്രകോപിപ്പിക്കുന്ന തീരുമാനത്തിൽനിന്ന് കോർപ്പറേഷൻ പിന്തിരിയുകയാണു വേണ്ടത്. സർക്കാർ അതിന് അവരെ പ്രേരിപ്പിക്കുകയും വേണം. പതിറ്റാണ്ടുകൾക്കു മുമ്പുനടന്ന ഒരണസമരത്തിന് ഇന്നും പ്രസക്തിയുണ്ടെന്നെന്നു മറക്കരുത്. യാത്രാ സൗജന്യം നൽകുകവഴി കോർപ്പറേഷൻ നഷ്ടം സഹിക്കണമെന്നു പറയാനാകില്ല. ഈ നഷ്ടം നികത്തേണ്ടതു സർക്കാരാണ്. എല്ലാ സംസ്ഥാനങ്ങളിലും അതാണു നടക്കുന്നത്. വിദ്യാർത്ഥികൾക്കുള്ള യാത്രാസൗജന്യവും സാമൂഹ്യസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC SETS 25 AS UPPER AGE LIMIT FOR STUDENT CONCESSION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.