കുട്ടികൾക്ക് കാറിൽ ചൈൽഡ് സീറ്റും ഇരുചക്ര വാഹനങ്ങളിൽ ചൈൽഡ് ഹെൽമെറ്റും നിർബന്ധമാക്കുകയാണ്. വാഹനാപകടത്തിൽ കുട്ടികൾക്ക് പരിക്കേൽക്കുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് ഇതെന്നാണ് വിശദീകരണം. കൊച്ചു കുട്ടികളെ കാറിന്റെ പിൻസീറ്റിലിരുത്തി യാത്രചെയ്യുന്നതാണ് കൂടുതൽ സുരക്ഷിതമെന്ന് വിദഗ്ദ്ധർ നേരത്തേ തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. അപകടത്തിൽ നിന്ന് മുൻസീറ്റിലെ യാത്രക്കാരനെയും ഡ്രൈവറെയും രക്ഷിക്കുന്നതിനു വേണ്ട എയർ ബാഗ് സംവിധാനം ഇപ്പോൾ എല്ലാ പുതിയ കാറുകളിലും ഉള്ളതാണ്. അപകടം ഉണ്ടാകുമ്പോൾ ഇത് ഒരു ബലൂൺ പോലെ വികസിച്ചു വന്ന് മുൻ സീറ്റിൽ ഇരിക്കുന്നവരുടെ മുഖത്തും നെഞ്ചത്തും ആഘാതമേൽക്കാതിരിക്കാൻ ഇടയാക്കും. എന്നാൽ ഇത്തരം എയർ ബാഗുകളിൽ മുഖമമർന്ന് കുട്ടികൾ മരിക്കാനിടയായിട്ടുണ്ട്. അതിനാലാണ് കുട്ടികളെ പിൻസീറ്റിൽ പ്രത്യേക സീറ്റിൽ ഇരുത്തുന്ന സംവിധാനങ്ങൾ വിദേശ രാജ്യങ്ങളിൽ വർഷങ്ങൾക്കു മുമ്പുതന്നെ നിലവിൽ വന്നത്.
ഇവിടെ പുതിയ നിർദ്ദേശമനുസരിച്ച് നാലുവയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ബെൽറ്റുള്ള പ്രത്യേക ചൈൽഡ് സീറ്റ് വേണം. 14 വയസ് വരെയുള്ള കുട്ടികൾ ബൂസ്റ്റർ സീറ്റ് ഉപയോഗിക്കണമെന്നും പറയുന്നു. വിവിധ പ്രായക്കാർക്കുള്ള ബൂസ്റ്റർ സീറ്റുകൾ വിപണിയിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകളിലുള്ളതെങ്കിലും പലയിടത്തും ഇത് ലഭ്യമല്ലെന്നതാണ് യാഥാർത്ഥ്യം. കേരളത്തിലെ 14 വയസുള്ള കുട്ടികൾ ശാരീരികമായി ഏതാണ്ട് നല്ല വളർച്ചയെത്തിയവരാണ്. അതിനാൽ ഈ പ്രായപരിധി കുറയ്ക്കുന്നതിനെക്കുറിച്ചും സർക്കാരിന് ആലോചിക്കാവുന്നതാണ്. അല്ലെങ്കിൽ ആദ്യഘട്ടത്തിൽ കുട്ടിസീറ്റ് നിർബന്ധമാക്കിയതിനു ശേഷം ബൂസ്റ്റർ സീറ്റ് നിർബന്ധമാക്കുന്നതിലേക്ക് കടക്കുന്നതാവും നല്ലത്. കേന്ദ്ര പരിഷ്കാരങ്ങൾ അതേപടി സ്വീകരിക്കുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് കേരളം. കേരളം മുഴുവനും ഏതാണ്ട് ഒരു പട്ടണം പോലെ വളർന്നിട്ടുള്ള സംസ്ഥാനമാണ്. അതിനാൽ ഒറ്റയടിക്ക് ഈ നിയമം എല്ലായിടത്തും നടപ്പാക്കപ്പെടുന്നു.
തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലെയും കർണാടകയിലെയും മറ്റും ഗ്രാമങ്ങളിൽ ഒരു കുടുംബം മുഴുവനും ഒരു ഇരുചക്ര വാഹനത്തിൽ പോകുന്നതും മറ്റും സ്ഥിരം കാഴ്ചയാണ്. പാലും പണിയായുധങ്ങളും വൈക്കോലും പുല്ലുമൊക്കെ അവർ ഇരുചക്ര വാഹനങ്ങളിലാണ് ജോലിയുടെയും ജീവിതത്തിന്റെയും ഭാഗമായി കൊണ്ടുപോകുന്നത്. അവരെയെല്ലാം പിടിച്ച് നിയമത്തിന്റെ ശാഠ്യങ്ങൾ അടിച്ചേൽപ്പിക്കാൻ അവിടങ്ങളിലെ സർക്കാരുകൾ ശ്രമിക്കാറുമില്ല. ഇന്ത്യയിൽ ട്രാഫിക് നിയമങ്ങളും പരിഷ്കാരങ്ങളും നടപ്പാവുന്നത് കൂടുതലും പട്ടണങ്ങളിലും നഗരപ്രദേശങ്ങളിലും മാത്രമാണ്. അടിക്കടി ഓരോരോ പരിഷ്കാരങ്ങൾ വരുന്നത് സാമ്പത്തികമായി ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നവയാണെങ്കിലും പിഴ പേടിച്ച് എല്ലാവരും അനുസരിക്കുകയാണ് ചെയ്യുന്നത്. കൂളിംഗ് ഫിലിം വീണ്ടും കാറിൽ ഒട്ടിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരിക്കുന്ന പശ്ചാത്തലത്തിൽ അതിന് പലരും തയ്യാറാകുന്നു. നേരത്തേ സുപ്രീംകോടതിയുടെ വിധി വന്നപ്പോൾ എല്ലാവരും ഇത് ഇളക്കിക്കളയേണ്ടിവന്നിരുന്നു.
ടൂവീലറിൽ പോകുന്നവർ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത് കുഴികളിൽ വീണാണ്. നമ്മുടെ നഗരത്തിലെയും ഗ്രാമത്തിലെയും റോഡുകൾ ഇത്തരം കുഴികളാൽ സമ്പന്നമാണ്. അപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കാതിരിക്കാൻ ആദ്യം അടയ്ക്കേണ്ടത് ഇത്തരം കുഴികളാണ്. ഒരു മാസം ബോധവത്‌കരണം നടത്തുമെന്നാണ് സർക്കാർ പറയുന്നത്. അതു പോരാ. കുറഞ്ഞത് മൂന്നു മാസമെങ്കിലും ഇതുസംബന്ധിച്ച ബോധവത്‌കരണം നടത്തേണ്ടതുണ്ട്. ഒരേ പ്രായത്തിലുള്ള ഒന്നിലധികം കുട്ടികൾ യാത്ര ചെയ്യുമ്പോൾ എന്താണ് വേണ്ടത് തുടങ്ങി പല കാര്യങ്ങളിലും ജനങ്ങൾക്ക് ഡെമോൺസ്ട്രേഷനിലൂടെ വ്യക്തത വരുത്തിക്കൊടുക്കേണ്ട ബാദ്ധ്യത വകുപ്പിനുണ്ട്. ജനങ്ങളെ വെറുപ്പിക്കാതെ വേണം ഏതു പരിഷ്കാരവും നടപ്പിലാക്കാൻ. അതിനാൽ ഇത് നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കുന്നത് പരിഗണിക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |