സംസ്ഥാന തലസ്ഥാനത്തുള്ള ശംഖുംമുഖം രാജ്യാന്തര വിമാനത്താവളം യാത്രക്കാരുടെ കുതിപ്പിൽ ഓരോ വർഷവും മുന്നേറിക്കൊണ്ടിരിക്കുകയാണ്. രണ്ടുവർഷം മുൻപ് 31 ലക്ഷം യാത്രക്കാരാണ് ഇവിടനിന്ന് യാത്ര ചെയ്തതെങ്കിൽ 2024-ൽ അത് 49.17 ലക്ഷമായി ഉയർന്നു. രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങൾ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കുക എന്ന കേന്ദ്ര നയത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ അടുത്ത അൻപതു വർഷത്തെ നടത്തിപ്പ് ഇപ്പോൾ അദാനിയുടെ കമ്പനിക്കാണ്. അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാരും ജീവനക്കാരുടെ സംഘടനകളും തീർത്തും എതിരായിരുന്നു. എന്നാൽ പരസ്യ ലേലത്തിൽ അദാനി കമ്പനിക്കാണ് നറുക്കു വീണത്. വിമാനത്താവള നടത്തിപ്പ് അദാനി കമ്പനി ഏറ്റെടുത്തതിനുശേഷം അവിടെ വിവിധ വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
അതിന്റെ ഭാഗമായി കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിച്ചു. ദിനംപ്രതി നൂറു വിമാന സർവീസുകൾ ഇവിടെ നിന്ന് നടക്കുന്നുണ്ട്. പതിനയ്യായിരത്തിനു മുകളിൽ യാത്രക്കാർ ഈ വിമാനങ്ങൾ വഴി ദിവസേന സഞ്ചരിക്കുന്നുമുണ്ട്. വിദേശ രാജ്യങ്ങളിലേക്കുള്ള കാർഗോ കയറ്റുമതിയിലും വർദ്ധനയുണ്ട്. മൂവായിരം കോടിയുടെ വികസന പദ്ധതിക്കൾക്കും ആരംഭം കുറിച്ചുകഴിഞ്ഞു. ഏതു നിലയിൽ നോക്കിയാലും സംസ്ഥാനത്തെ ആദ്യ വിമാനത്താവളമായ തിരുവനന്തപുരം എയർപോർട്ട് അഭിമാനകരമായ വളർച്ചയാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇതൊക്കെയാണെങ്കിലും വിമാനത്താവള വികസനത്തിനാവശ്യമായ ഭൂമി ലഭിക്കുന്നതിലെ തടസങ്ങൾ ഇപ്പോഴും തുടരുകയാണ്. അദാനി നടത്തിപ്പ് ഏറ്റെടുക്കുന്നതിനു മുൻപ് നിലവിലെ രണ്ടാം ടെർമിനലിന്റെ വികസനത്തിനായി പതിമൂന്ന് ഏക്കറോളം ഭൂമി ഏറ്റെടുത്തു കൈമാറുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലെത്തിയതാണ്. നടത്തിപ്പ് സ്വകാര്യ കമ്പനിക്കു കൈമാറിയതോടെ സർക്കാർ ഇതിൽനിന്ന് പിൻവാങ്ങിയെന്നു മാത്രമല്ല, ഒരു കാരണവശാലും ഭൂമി ഏറ്റെടുത്തു നൽകുകയില്ലെന്ന ദുർവാശിയും പുറത്തെടുത്തു!
നഷ്ടപരിഹാരത്തുക പോലും നിശ്ചയിച്ചുറപ്പിച്ച ഈ ഇടപാട് മൂന്നുവർഷത്തിലധികമായി സ്തംഭിച്ചുനില്പാണ്. വിമാനത്താവള വികസനത്തിനായി നാനാവശത്തുനിന്നും മുറവിളി ഉയരുന്നുണ്ടെങ്കിലും സർക്കാർ അനങ്ങുന്നില്ല. നടത്തിപ്പ് വിട്ടുകിട്ടാത്തതിലുള്ള കെറുവ് തുടരുന്നതുകൊണ്ടാണിത്. അദാനിയെയല്ല, ലക്ഷക്കണക്കിന് വിമാനയാത്രക്കാരുടെ അവകാശങ്ങളാണ് ഇതിലൂടെ സർക്കാർ നിഷേധിക്കുന്നതെന്നത് ഓർക്കുന്നില്ല. ഇപ്പോൾ മറ്റൊരു കുരുക്കുകൂടി വീണിരിക്കുകയാണ്. കൂടുതൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനും പാകത്തിൽ നിലവിലുള്ള റൺവേ വികസനത്തിന് സ്ഥലം വിട്ടുകിട്ടണമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. ചാക്കയിൽ റൺവേയോടുചേർന്ന് 12 ഏക്കർ സ്ഥലമാണ് ഇതിനുവേണ്ടത്. ബ്രഹ്മോസും ഫയർഫോഴ്സും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലമാണിത്. ഇതുകൊണ്ടാവാം സ്ഥലം വിട്ടുകൊടുക്കാൻ സർക്കാർ മടികാണിക്കുന്നത്. എന്നാൽ ഉടനടി തീരുമാനമെടുത്ത് അറിയിച്ചില്ലെങ്കിൽ റൺവേ വികസനവും അതുവഴി വലിയ വിമാനങ്ങളുടെ വരവും മുടങ്ങുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തലസ്ഥാന നഗരത്തിന്റെ സർവതോന്മുഖമായ വളർച്ചയും വികസനവും ഒരുഭാഗത്ത് തകൃതിയായി നടക്കുമ്പോൾ വിമാനത്താവളത്തിന്റെ കാര്യത്തിൽ മാത്രം ഇതൊന്നും വേണ്ടെന്ന മനോഭാവം വിചിത്രമാണ്. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഏറ്റവും കുറവ് ഭൂമിയുള്ളത് തിരുവനന്തപുരം വിമാനത്താവളത്തിനാണ്. നാമമാത്രമായി സർവീസ് നടക്കുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ ഭൂവിസ്തൃതി നാലായിരത്തോളം ഏക്കറാണ്. തിരുവനന്തപുരത്താകട്ടെ എഴുന്നൂറ് ഏക്കർ പോലുമില്ല. പല നിലകളിൽ എന്നേ വികസിക്കേണ്ടിയിരുന്ന ഈ വിമാനത്താവളത്തിന്റെ വളർച്ച മുരടിച്ചതിന് കാരണക്കാർ മാറിമാറി ഇവിടെ ഭരണം നടത്തുന്നവർ തന്നെയാണ്. തിരുവനന്തപുരത്തോട് പണ്ടേ കാണിക്കുന്ന താത്പര്യമില്ലായ്മയും അവഗണനയുമാണ് ഇതിനു പിന്നിൽ. എന്നാൽ വിമാനത്താവള വികസനം ജനങ്ങൾക്കു വേണ്ടിയാകയാൽ പക്ഷപാതപരമായ സമീപനം വച്ചുപുലർത്തരുത്. റൺവേ വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുത്തു നൽകുന്നതിന് ഇനിയും അമാന്തം കാണിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |