SignIn
Kerala Kaumudi Online
Friday, 19 April 2024 12.30 PM IST

ഒന്നും നേടാത്ത യുദ്ധം

photo

റഷ്യയും യുക്രെയിനുമായുള്ള യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരാണ്ട് തികയുകയാണ്. ഇതിൽ ആര് ജയിച്ചു,​ ആര് തോറ്റു എന്ന ചോദ്യത്തിന് ഉത്തരമില്ല. പക്ഷേ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തോറ്റു എന്നതാണ് സത്യം. ഇനിയും അവസാനിക്കാതെ, വിനാശം വിതച്ച് പോരാട്ടം തുടരുമ്പോൾ ആയുധവ്യാപാരികൾ ഉറപ്പായും ചിരിക്കുന്നുണ്ടാകും. കാരണം എല്ലാ യുദ്ധങ്ങളിലും ആത്യന്തിക നേട്ടം അവർക്കു മാത്രമാണ്. കഴിഞ്ഞവർഷം ഫെബ്രുവരി 24 ന് റഷ്യൻ സൈനിക ഇടപെടൽ യുക്രെയിനിലുണ്ടായപ്പോൾ അത് ഉടൻ തീരുമെന്നാണ് ലോകം പൊതുവെ കരുതിയത്. വൻ സൈനികശക്തിയായ റഷ്യയ്ക്കു മുമ്പിൽ യുക്രെയിന് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും അതിവേഗത്തിൽ യുക്രെയിൻ കീഴടങ്ങുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ വിയറ്റ്നാമിൽ അമേരിക്കയ്ക്കു കൈപൊള്ളിയതുപോലെ റഷ്യയ്ക്ക് യുക്രെയിൻ തലവേദനയായി മാറുന്ന കാഴ്ചയാണ് തുടർന്നുള്ള ദിനങ്ങളിൽ കണ്ടത്. ചെറുത്തുനില്‌പിന്റെ ഒരു വീര്യം യുക്രെയിൻ പ്രകടമാക്കി. പ്രത്യേകിച്ചും പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുടെ ചങ്കൂറ്റത്തിനു പിന്നിൽ നാട് മുഴുവൻ അണിചേരുകയായിരുന്നു.

അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യം കലക്കവെള്ളത്തിൽ മീൻപിടിക്കാൻ മുതിർന്നതോടെ റഷ്യയുടെ അധിനിവേശത്തിനപ്പുറം അതൊരു യുദ്ധമായി മാറി.

സാമ്പത്തികമായും സൈനികമായും നാറ്റോ സഖ്യരാഷ്ട്രങ്ങൾ പിന്തുണച്ചതോടെ സെലൻസ്‌കിയെ വീരപുരുഷനായി പാശ്ചാത്യ മാദ്ധ്യമങ്ങൾ വാഴ്‌ത്തി. സ്വേച്ഛാധിപതിയായ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന് സഹിക്കാവുന്നതായിരുന്നില്ല ഇതൊന്നും. ഇരുകൂട്ടരും വാശിയോടെ പൊരുതിയപ്പോൾ വൻതോതിൽ ആൾ നാശമുണ്ടായി. ഇരുപക്ഷത്തെയും ലക്ഷക്കണക്കിന് സൈനികർ മരിച്ചുവീണു. യുക്രെയിനിൽ ജനവാസമേഖലയിലെല്ലാം റഷ്യ ആക്രമണം വ്യാപിപ്പിച്ചതോടെ സാധാരണക്കാരായ ജനങ്ങളും കൊല്ലപ്പെട്ടു. ലക്ഷങ്ങൾ നാടും കിടപ്പാടവും ഉപേക്ഷിച്ച് യുക്രെയിനിൽ നിന്ന് പലായനം ചെയ്തു. മനുഷ്യവിഭവശേഷിയിലൂടെ പടുത്തുയർത്തിയ കെട്ടിടങ്ങളും പാലങ്ങളുമെല്ലാം തകർക്കപ്പെട്ടു. സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകൾ പറഞ്ഞറിയിക്കാനാവില്ല.

മുമ്പ് സ്വന്തം ഭാഗമായിരുന്ന രാജ്യം അമേരിക്കൻ സഖ്യത്തിനൊപ്പം നിലയുറപ്പിച്ചതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. എന്നാൽ ആരുടെ ഭാഗമാണ് ശരി,​ ആരുടെ ഭാഗത്താണ് നീതി എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. നഷ്ടപ്പെട്ടത് ജനങ്ങൾക്കുതന്നെയാണ്. യുദ്ധം സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ജീവിതത്തെ ഏറെ ദുസഹമാക്കുന്നു. ഭാവിയിലേക്ക് നോക്കുമ്പോൾ അവർക്കുണ്ടാകുന്ന പ്രതിസന്ധികൾക്ക് ആർക്ക് പരിഹാരം കാണാൻകഴിയും. ആഗോളതലത്തിൽ തന്നെ യുദ്ധം ജനജീവിതത്തെ ബാധിച്ചെന്ന് പറയാതിരിക്കാനാവില്ല.

റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധത്തിൽ ഏറ്റവും മാതൃകാപരവും പ്രായോഗികവുമായ നിലപാടാണ് ഇന്ത്യ ആദ്യം മുതൽക്കെ സ്വീകരിച്ചത്. യുദ്ധത്തെ ശക്തമായിത്തന്നെ എതിർക്കുകയും, യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുരാജ്യങ്ങളിലെ തലവൻമാരുമായി നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നു. യുദ്ധത്തിനെതിരായ നിലപാട് സ്വീകരിച്ചപ്പോഴും ഇന്ത്യയുടെ ദീർഘകാല സുഹൃദ് രാജ്യമായ

റഷ്യക്കെതിരെ യുദ്ധത്തിന്റെ മറവിൽ അമേരിക്ക നടത്തിയ കുതന്ത്രങ്ങളിൽ വീഴാതെ നിഷ്പക്ഷനിലപാട് കൈക്കൊള്ളുകയും ചെയ്തു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ നടത്തിയ തന്ത്രപരമായ ഇടപെടലുകൾ എടുത്തുപറയേണ്ടതാണ്. യുദ്ധം ആരംഭിച്ചപ്പോൾ ഇന്ത്യൻ പൗരൻമാരെ കഴിയുന്നത്രവേഗം നാട്ടിലെത്തിക്കാൻ ഇന്ത്യാ ഗവൺമെന്റ് മുൻകൈയെടുക്കുകയും വിദ്യാർത്ഥികൾ അടക്കമുള്ളവരെ നാട്ടിലെത്തിക്കുകയും ചെയ്തു. യുക്രെയിനിൽ മെഡിക്കൽ കോഴ്സുകൾക്ക് പഠിക്കാൻപോയ ഇന്ത്യൻ വിദ്യാർത്ഥികളിലേറെയും മലയാളികളായിരുന്നു. അവരിൽ പലരുടെയും തുടർപഠനം അനിശ്ചിതത്വത്തിലായി.

വിവരണാതീതമായ ദു:ഖങ്ങളും വൈഷമ്യങ്ങളും പലായനവും സൃഷ്ടിച്ച യുദ്ധം തുടരുന്നത് ദൗർഭാഗ്യകരമാണ്. റഷ്യ-യുക്രെയിൻ യുദ്ധം ലോകത്തെ ശാക്തികചേരികൾ തമ്മിലുള്ള അകലം വർദ്ധിപ്പിക്കുന്ന കാഴ്ചകളാണ് കണ്ടുവരുന്നത്. മൂന്നാം ലോകമഹായുദ്ധത്തിന്റെ പെരുമ്പറമുഴക്കമായി അതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. എത്രയും വേഗം ഇത് അവസാനിക്കേണ്ടിയിരിക്കുന്നു. കാരണം യുദ്ധം ആരും ആഗ്രഹിക്കുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONE YEAR OF RUSSIA UKRAINE WAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.