
ബംഗ്ളാദേശ് വീണ്ടും പുകയുന്നത് ഇന്ത്യയിലും ആശങ്ക പടർത്തിയിരിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്കെതിരെ ബംഗ്ലാദേശിൽ ആക്രമണം ആവർത്തിക്കുന്നതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ബംഗ്ളാദേശ് ഹൈക്കമ്മിഷന് സമീപം ഹിന്ദു സംഘടനകൾ നടത്തിയ മാർച്ച് അക്രമാസക്തമാവുകയും ചെയ്തു. സമരക്കാർ ബാരിക്കേഡുകൾ തകർത്തതിനാൽ പൊലീസിന് ലാത്തി വീശേണ്ടിവന്നു. ഈ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി, സിലിഗുരി, ത്രിപുര എന്നിവിടങ്ങളിലെ വിസ സെന്ററുകളുടെ പ്രവർത്തനം ബംഗ്ളാദേശ് നിറുത്തിവച്ചിരിക്കുകയാണ്. ഷെയ്‌ഖ് ഹസീന ഭരണകൂടത്തെ പുറത്താക്കിയ ന്യൂജെൻ പ്രക്ഷോഭകാരികളുടെ നേതാവും ഇന്ത്യാ വിരുദ്ധനുമായ ഉസ്‌മാൻ ഹാദി വെടിയേറ്റ് കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ബംഗ്ളാദേശിൽ കലാപം വീണ്ടും പൊട്ടിപ്പുറപ്പെട്ടത്.
ഇതിനിടെ, ഇരുപത്തിയേഴുകാരനായ ദീപു ചന്ദ്രദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന് കത്തിച്ച സംഭവം ഇന്ത്യയിലും പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയാണ്. സിന്ദൂരമണിഞ്ഞു പോകുന്ന ഹിന്ദു സ്‌ത്രീകൾക്കു നേരെയും ബംഗ്ളാദേശിൽ അക്രമങ്ങൾ ഉണ്ടാകുന്നത് തികച്ചും അപലപനീയമാണ്.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ളാദേശ് സ്ഥാനപതി റിയാസ് ഹമിദുള്ളയെ ഇന്ത്യ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി ആശങ്ക അറിയിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ രണ്ടുതവണയാണ് ഇരു രാജ്യങ്ങളും ഹൈക്കമ്മിഷണർമാരെ വിളിച്ചുവരുത്തിയത്. പ്രക്ഷോഭങ്ങൾക്കിടെ ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഓരോ ദിവസം പിന്നിടുന്തോറും പാകിസ്ഥാന്റെയും ചൈനയുടെയും കളിപ്പാവ എന്ന നിലയിൽ ഇന്ത്യയെ പ്രകോപിപ്പിക്കുന്ന തരത്തിലാണ് ബംഗ്ളാദേശ് മുന്നോട്ടു പോകുന്നത്.
കാര്യങ്ങൾ കൈവിട്ട് പോകുകയാണെങ്കിൽ ഇന്ത്യയ്ക്ക് സാക്ഷിയായി മാത്രം നോക്കിനിൽക്കാനാവില്ല. ചിലപ്പോൾ സൈനികമായിത്തന്നെ ഇടപെടേണ്ട സാഹചര്യം സംജാതമായേക്കാം. ഫെബ്രുവരിയിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്നാണ് ഇടക്കാല ഭരണത്തിന് നേതൃത്വം നൽകുന്ന മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ഇപ്പോഴത്തെ പ്രക്ഷോഭങ്ങൾ തുടരുകയാണെങ്കിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടിവന്നേക്കാം. തിരഞ്ഞെടുപ്പ് നടക്കാതെ വരുന്നത് ഇന്ത്യയ്ക്ക് താത്‌പര്യമുള്ള കാര്യമല്ല. തിരഞ്ഞെടുപ്പിലൂടെ ബംഗ്ളാദേശ് സമാധാനത്തിലേക്കു മടങ്ങണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ബംഗ്ളാദേശിലെ ഇടക്കാല ഭരണത്തിനും അതേസമയം അതിനെതിരെയുള്ള പ്രക്ഷോഭങ്ങൾക്കും പിന്തുണ നൽകുന്നതിൽ പാകിസ്ഥാന്റെ ചാര സംഘടനയായ ഐ.എസ്.ഐയുടെ പങ്ക് ചെറുതല്ലെന്ന് ഇന്ത്യ സംശയിക്കുന്നുണ്ട്. കാരണം ഐ.എസ്.ഐയുടെ മേധാവി ബംഗ്ളാദേശ് സന്ദർശനം പൂർത്തിയാക്കിയതിനു പിന്നാലെയാണ് ഇപ്പോൾ അക്രമസംഭവങ്ങൾ വീണ്ടും രൂക്ഷമായിരിക്കുന്നത്. ബംഗ്ളാദേശിന്റെ മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതിൽ ബംഗ്ളാദേശിനും പാകിസ്ഥാനും ഒരുപോലെ വിരോധമുണ്ട്.
ഉസ്‌മാൻ ഹാദിയുടെ വധവുമായി ബന്ധപ്പെട്ട് ഒരു ഡസനിലധികം പേർ അറസ്റ്റിലായിട്ടുണ്ടെങ്കിലും യഥാർത്ഥ കൊലയാളി ആരെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. മുഖംമൂടി ധരിച്ച അജ്ഞാതൻ ഇക്കഴിഞ്ഞ ഡിസംബർ 12-നാണ് ഹാദിയെ വെടിവച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ 18-ന് സിംഗപ്പൂരിലെ ആശുപത്രിയിൽ വച്ച് ഹാദി മരണമടയുകയായിരുന്നു. അവാമി ലീഗാണ് ഹാദിയുടെ വധത്തിനു പിന്നിലെന്നാണ് ഹാദിയുടെ അനുയായികൾ ആരോപിക്കുന്നത്. തുടർന്നു നടന്ന പ്രക്ഷോഭങ്ങളിൽ ബംഗ്ളാദേശിലെ രണ്ട് പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയുണ്ടായി. ഹസീന ബംഗ്ളാദേശ് വിട്ടിട്ട് പതിനഞ്ച് മാസം കഴിയുമ്പോഴും ബംഗ്ളാദേശ് ശാന്തമായിട്ടില്ല. ക്രമസമാധാനം തിരിച്ചുകൊണ്ടുവരുന്നതിൽ ഇടക്കാല ഭരണം നയിക്കുന്ന മുഹമ്മദ് യൂനുസ് പരാജയമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ബംഗ്ലാദേശിൽ അരാജകത്വം തുടരുന്നത് ഇന്ത്യയെ സംബന്ധിച്ചും നല്ല കാര്യമല്ല. ബംഗ്ളാദേശിൽ സ്വതന്ത്ര തിരഞ്ഞെടുപ്പ് നടക്കുകയും സ്ഥിരതയുള്ള ഭരണകൂടം നിലവിൽ വരികയും ചെയ്യേണ്ടത് ഇന്ത്യയുടെ കൂടെ ആവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |