SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.30 PM IST

ബദലെങ്കിൽ ബദൽ പാത

Increase Font Size Decrease Font Size Print Page
s

അതിവേഗതയിൽ ഓടുന്ന ട്രെയിനുകൾ സഞ്ചരിക്കുന്ന ഒരു റെയിൽവേ ലൈൻ കേരളത്തിന്റെ ഭാവി വളർച്ചയ്ക്ക് അനിവാര്യമാണ്. സിൽവർ ലൈനിനു പകരം പുതിയ അതിവേഗ റെയിൽ വരുമെന്ന് പ്രഖ്യാപിച്ചത് മെട്രോമാൻ ഇ. ശ്രീധരനാണ്. ഡി.പി.ആർ വൈകാതെ തയ്യാറാക്കാൻ തുടങ്ങുമെന്നും,​ ഇത്തവണത്തെ കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിലെ അതിവേഗ റെയിൽ പ്രഖ്യാപിക്കുമെന്നുമാണ് അദ്ദേഹം നൽകിയിട്ടുള്ള സൂചന. സിൽവർ ലൈൻ പഴയപടി നടക്കില്ലെന്നും,​ മറ്റൊരു രൂപത്തിൽ അതു വരാമെന്നും മാസങ്ങൾക്ക് മുമ്പുതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷവും അതിവേഗ കേരള റെയിൽ പദ്ധതിയെ എതിർക്കുന്നില്ല.

സിൽവർ ലൈനിനെ അപേക്ഷിച്ച് വളരെ കുറച്ച് സ്ഥലം ഏറ്റെടുത്താൽ മതിയെന്നിരിക്കെ, പുതിയ ബദൽ പദ്ധതിയെ ജനങ്ങൾ പൊതുവെ സ്വാഗതം ചെയ്യാനാണ് സാദ്ധ്യത. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ളതാണ് ഇ. ശ്രീധരൻ നിർദ്ദേശിച്ച അതിവേഗ റെയിൽപ്പാത. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ള ഈ പാത 70 ശതമാനവും തൂണുകളിലും ബാക്കിയുള്ളവയിൽ അധികവും തുരങ്കങ്ങളിലുമാണ് നിർമ്മിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ഇ. ശ്രീധരനാവും ഇതിന്റെ ഡി.പി.ആർ തയ്യാറാക്കുന്നത്. ഓരോ അഞ്ചുമിനിട്ട് ഇടവിട്ടും ട്രെയിനുകൾ ഉണ്ടാകും എന്നതാണ് ഇതിൽ ജനങ്ങളെ ആകർഷിക്കുന്ന ഏറ്റവും വലിയ പ്രത്യേകത. മൂന്നേകാൽ മണിക്കൂർകൊണ്ട് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്താം.

നീളം കൂടുതലും വീതി കുറവുമായ സംസ്ഥാനമെന്ന സ്ഥിതിക്ക് കേരളത്തിന്റെ മൊത്തം യാത്രാപ്രശ്നം പരിഹരിക്കുന്ന പദ്ധതിയായി ഇത് മാറുമെന്നതിൽ സംശയം വേണ്ട. അനാവശ്യ വിവാദങ്ങളും അഭിമാന പ്രശ്നങ്ങളും ഉയർത്തി ഈ ബദൽ പദ്ധതിക്ക് തടസങ്ങൾ സൃഷ്ടിക്കാതിരിക്കാനുള്ള ജാഗ്രത കക്ഷിഭേദമെന്യെ പൊതുപ്രവർത്തകരും സോഷ്യൽ മീഡിയയുമൊക്കെ കാണിക്കേണ്ടത് ആവശ്യമാണ്. കേരളത്തിന്റെ പൊതുതാത്‌പര്യം സംരക്ഷിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് നിൽക്കേണ്ടതുണ്ട്. ഡി.പി.ആർ തയ്യാറായി അനുമതി കിട്ടിക്കഴിഞ്ഞാൽ അടുത്ത വർഷം തുടക്കത്തോടെ ഈ പദ്ധതിയുടെ പണി തുടങ്ങാനാവുമെന്ന പ്രതീക്ഷയാണ് നിലവിലുള്ളത്.

നാൽപ്പത് ശതമാനത്തിലേറെ തുക കേരളവും മുടക്കേണ്ടിവരും. ഈ പദ്ധതി വിജയിക്കുമെന്നതിൽ സംശയം വേണ്ട എന്നതിന്റെ സൂചന തന്നെയാണ് വന്ദേഭാരത് ട്രെയിനുകളിൽ ടിക്കറ്റ് ലഭ്യമാകാത്ത ഇപ്പോഴത്തെ അവസ്ഥ. അതിനാൽ ഈ പദ്ധതിക്കുവേണ്ടി മുടക്കുന്ന തുക,​ പദ്ധതി തന്നെ കാലക്രമത്തിൽ തിരികെ നൽകുന്നതായിരിക്കും. സിൽവർ ലൈൻ എന്ന പേര് മാറിയതുകൊണ്ട് കാര്യമാക്കാനില്ല. ആ ട്രെയിൻകൊണ്ട് ഉദ്ദേശിച്ച കാര്യം തന്നെയാണ് കൂടുതൽ പ്രായോഗികമായ രീതിയിൽ പുതിയ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുക.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY