
എട്ടുദിവസമായി തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വിജയകരമായി കൊടിയിറങ്ങി. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ച കായികമേളയുടെ രണ്ടാമത്തെ പതിപ്പാണ് തിരുവനന്തപുരത്ത് നടന്നത്. അത്‌ലറ്റിക്സും അക്വാട്ടിക്സും ഉൾപ്പടെ 40-ലേറെ കായികഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിലെ കായികചോദനകളെ പ്രചോദിപ്പിക്കാനായി ഇൻക്ളുസീവ് അത്‌ലറ്റിക്സിനും വേദിയൊരുക്കി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത മാതൃകയാണിത്. കഴിഞ്ഞ തവണത്തെപ്പോലെ തിരുവനന്തപുരം ജില്ലയാണ് ഓവറാൾ ചാമ്പ്യന്മാരായത്. ഗെയിംസിനങ്ങളിലും അക്വാട്ടിക്സിലും പുലർത്തിയ ആധിപത്യമാണ് ആതിഥേയരെ നൂറ്റിപ്പതിനേഴര പവന്റെ പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഏറ്റുവാങ്ങാൻ പ്രാപ്തരാക്കിയത്. മേളയിലെ ഗ്ളാമർ ഇനമായ അത്‌ലറ്റിക്സിൽ പാലക്കാടിന്റെ കോട്ടതകർത്ത് മലപ്പുറം ചാമ്പ്യന്മാരായപ്പോൾ, ജനറൽ സ്കൂളുകളിൽ ഐഡിയൽ കടകശേരിയും സ്പോർട്സ് സ്കൂളുകളിൽ ജി.വി രാജയും മുന്നിലെത്തി.
മത്സരങ്ങളിൽ മെഡൽ നേടിയവർക്കു മാത്രമല്ല, ജില്ലാതലം വരെയുള്ള വെല്ലുവിളികൾ മറികടന്ന് സംസ്ഥാന തലത്തിലെത്തി മേളയുടെ ഭാഗമായവർക്കും പരിശീലകർക്കും മക്കളുടെ കായികമോഹങ്ങൾക്ക് ചിറകുപകരാൻ ഇല്ലായ്മകൾക്കിടയിലും പരിശ്രമിച്ച രക്ഷിതാക്കൾക്കും നല്ല രീതിയിൽ മേള സംഘടിപ്പിച്ചവർക്കും അഭിനന്ദനങ്ങൾ നേരുന്നു. സ്വർണം നേടിയ അർഹതപ്പെട്ട 50 പേർക്ക് വീടുവച്ചുനൽകുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും ഈമേളയുടെ പൊൻതൂവലാണ്. എന്നാൽ, ഇന്ത്യൻ അത്‌ലറ്റിക്സിലെ ഭാവിതാരമായി വിലയിരുത്തപ്പെടുന്ന ജി.വി രാജാ സ്കൂളിലെ ഓട്ടക്കാരൻ മുഹമ്മദ് അഷ്ഫഖിന് തന്റെ അവസാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാൻ അവസരം നൽകാനുള്ള ആർജ്ജവം സംഘാടകരുടെ ഭാഗത്തുനിന്ന് ഉണ്ടാകാതിരുന്നത് നിർഭാഗ്യകരമായിപ്പോയി. സ്കൂൾ മേളയ്ക്ക് തയ്യാറെടുത്തിരുന്ന അഷ്ഫഖിനെ ജൂനിയർ പ്രായത്തിൽത്തന്നെ ഇന്ത്യൻ സീനിയർ അത്‌ലറ്റിക് ടീമിലേക്ക് എടുക്കുകയും റാഞ്ചിയിൽ നടന്ന സൗത്ത് ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മത്സരിപ്പിക്കുകയുമായിരുന്നു. സ്കൂൾ മേളയുടെ അതേസമയത്തായിരുന്നു റാഞ്ചിയിലെ മീറ്റ്. ഇക്കാര്യം സ്കൂൾ അധികൃതർ സ്കൂൾ മേളയുടെ സംഘാടകരെ അറിയിച്ചിരുന്നു.
റാഞ്ചിയിൽ അഷ്ഫഖിന്റെ ഇനമായ 400 മീറ്റർ ഒക്ടോബർ 25-ന് കഴിഞ്ഞാലുടൻ തിരുവനന്തപുരത്തെത്തി സ്കൂൾ മീറ്റിലോടാൻ സ്വന്തം ചെലവിൽ ടിക്കറ്റുമെടുത്തതാണ്. പക്ഷേ ഏഷ്യൻ ചാമ്പ്യനായ ശ്രീലങ്കൻ താരത്തിനൊപ്പമോടി 400 മീറ്ററിൽ രണ്ടാമതെത്തിയതോടെ ഈ 19-കാരനെ പുരുഷ, മിക്സഡ് റിലേകൾക്കുള്ള ടീമിലേക്കുകൂടി എടുത്തു. പുരുഷ ടീമിനൊപ്പം വെള്ളിയും മിക്സഡിൽ സ്വർണവും നേടി. പക്ഷേ അഷ്ഫഖിന്റെ യാത്ര താളംതെറ്റി. ആദ്യമെടുത്ത വിമാനടിക്കറ്റ് റദ്ദാക്കേണ്ടിവന്നു. പിന്നീട് ഇവിടെ 400 മീറ്റർ ഹീറ്റ്സ് നടന്ന് ഒരുമണിക്കൂറിനു ശേഷമെത്തുന്ന വിമാനമേ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യം സംഘാടകരെ അറിയിച്ച് ഹീറ്റ്സിൽ ഓടാൻ കഴിയില്ലെങ്കിൽ ഫൈനലിന് മുമ്പൊരു ട്രയൽസ് നടത്തി ഓടിക്കാൻ അവസരം ചോദിച്ചെങ്കിലും ഷെഡ്യൂൾ ചെയ്ത മത്സരം മാറ്റാൻ കഴിയില്ലെന്ന സംഘാടകരുടെ കടുംപിടിത്തം വിലങ്ങുതടിയായി. അഷ്ഫഖിന്റെ പിതാവ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലെത്തി അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല.
വ്യക്തിപരമായ കാരണങ്ങളാലല്ല, ഇന്ത്യയ്ക്കു വേണ്ടി മെഡൽ നേടിയതിനാലാണ് അഷ്ഫഖ് വൈകിയത്. ഷെഡ്യൂൾ മാറ്റാനാവില്ലെന്ന് കടുംപിടിത്തം പിടിച്ച സംഘാടകർ ജാവലിൻ ത്രോയിലും ക്രോസ്‌കൺട്രിയിലുമൊക്കെ ഷെഡ്യൂളും വേദിയും മാറ്റിയത് പലതവണയാണ്. കഴിഞ്ഞവർഷത്തെപ്പോലെ സമാപനച്ചടങ്ങിൽ പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ വിശിഷ്ടാതിഥി എത്തുന്നതിന് മണിക്കൂറുകൾക്കു മുമ്പ് മത്സരം തീർക്കാൻ ഷെഡ്യൂളുകൾ മാറ്റിമറിച്ചപ്പോഴും നിയമം സംഘാടകർ സൗകര്യപൂർവം മറന്നു. സംസ്ഥാന മീറ്റിൽ പങ്കെടുക്കാത്തതിനാൽ ദേശീയ സ്കൂൾ മീറ്റിൽ അഷ്ഫഖിന് പങ്കെടുക്കാനാവില്ല. ഉറച്ച രണ്ട് ദേശീയ സ്വർണങ്ങളാണ് കേരളത്തിന് നഷ്ടം. നിയമം നടപ്പിലാക്കാൻ യന്ത്രങ്ങൾ മതി. പക്ഷേ നീതി നടപ്പിലാക്കാൻ വിവേകമതികൾ തന്നെ വേണ്ടിവരും. ഏറ്റവും മികച്ച കായികതാരത്തിനാണ് കണ്ണീരോടെ ഗാലറിയിലിരുന്ന് മത്സരം കാണേണ്ടിവന്നത്. അഷ്ഫഖിന് അവസരം നിഷേധിച്ച സംഘാടകരെ കാലം മറന്നുപോകും. പക്ഷേ നാളെകൾ അഷ്ഫഖിനെ വാഴ്ത്തിപ്പാടും. അപ്പോഴും അവസാന സ്കൂൾമേളയിൽ അവന്റെ കണ്ണീരു വീണത് കരടായുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |