SignIn
Kerala Kaumudi Online
Thursday, 19 February 2026 4.04 AM IST

ഗെയിം സീരീസുകളിൽ ജീവിക്കുന്ന കുട്ടികൾ

Increase Font Size Decrease Font Size Print Page
s

സ്വന്തം വീട്ടിൽ അച്ഛനമ്മമാർക്കൊപ്പം താമസിക്കുമ്പോഴും ഏകാന്തതയുടെ തുരുത്തുകൾ സൃഷ്ടിച്ച് സ്വപ്നലോകത്ത് അഭയമന്വേഷിക്കുന്ന കുട്ടികളുടെ അപകടകരമായ മനോനില വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ,​ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ ഫ്ളാറ്റിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവം. കൊറിയൻ ഓൺലൈൻ ഗെയിം സീരീസുകൾക്ക് അടിമകളായിക്കഴിഞ്ഞിരുന്ന കുട്ടികളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിൽ മനംനൊന്തായിരുന്നു,​ ആ മൂന്ന് പെൺകുരുന്നുകളുടെ ആത്മഹത്യ. 'ഞങ്ങൾക്ക് എത്ര പ്രിയപ്പെട്ട ഗെയിം ആണ് നിങ്ങൾ തടഞ്ഞതെന്ന് മനസിലായില്ലേ?​ സോറി,​ പപ്പാ..."എന്ന് ആത്മഹത്യാ കുറിപ്പിൽ അവരെഴുതിയ വാചകം,​ ജീവിതത്തിന്റെ തിരക്കുകളിൽ സ്വന്തം കുഞ്ഞുങ്ങളുടെ ജീവിതം കൂടി മറന്നുപോകുന്ന എല്ലാ മാതാപിതാക്കൾക്കുമുള്ള മുന്നറിയിപ്പായി മാറുകയാണ്.

പരസ്പരം കൊറിയൻ പേരുകൾ വിളിക്കുകയും,​ കൊറിയൻ രാജകുമാരിമാരാണ് തങ്ങളെന്ന് വിശ്വസിക്കുകയും ചെയ്തിരുന്ന ആ സഹോദരിമാരിൽ മൂത്തവളായ നിഷികയ്ക്കു പോലും പതിനാറു വയസേയുള്ളൂ. അനുജത്തി പ്രാചിക്ക് പതിന്നാലും,​ ഇളയ കുട്ടി പഖിക്ക് പന്ത്രണ്ടും വയസ്. കൊവിഡ് കാലത്തിനു ശേഷം സ്കൂളിൽപ്പോലും പോകാതെ വീട്ടിൽത്തന്നെ തുടർന്ന മൂവരും പൂർണമായും മൊബൈൽ ഫോൺ ഗെയിമുകൾക്ക് അടിമപ്പെട്ടിരുന്നുവെന്ന് വ്യക്തം. പിതാവിന് വലിയ കടമുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും,​ അത്തരം കുടുംബ പ്രാരബ്ദ്ധങ്ങളൊന്നും ഇവരുടെ ആത്മഹത്യയ്ക്ക് പ്രേരണയായിട്ടില്ലെന്നാണ് പൊലീസ് കരുതുന്നത്. അച്ഛനമ്മമാരാകട്ടെ,​ സ്വന്തം വീട്ടിൽ ഈ മൂന്ന് പെൺകുട്ടികൾ കൊറിയൻ സ്വപ്നലോകത്തായിരുന്നത് തീരെ ശ്രദ്ധിച്ചുമില്ല. ഒടുവിൽ,​ പത്തുദിവസം മുമ്പാണത്രേ പിതാവ് ഇവരുടെ കൈയിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങിയത്. അതാകട്ടെ,​ ആ കുട്ടികളെ സംബന്ധിച്ച് അവരുടെ സ്വന്തം ലോകം തകർക്കുന്നതിന് തുല്യമായിരുന്നു താനും!

വീട്ടിൽ സ്നേഹവും കരുതലും അന്യമാകുന്ന കുട്ടികൾ അവരുടേതായ ലോകം സ്വയം കണ്ടെത്തുകയും,​ പൂർണമായും അതിൽ ജീവിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. നമുക്ക് നിസാരമെന്നു തോന്നാമെങ്കിലും,​ ആ ലോകമാണ് ജീവിച്ചിരിക്കാൻ അവരെ പ്രേരിപ്പിക്കുന്നതു പോലും. ഗാസിയാബാദിലെ ഭാരത് സിറ്റി അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഈ കുടുംബവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഷാലിമാർ ഗാർഡൻ പൊലീസ് അന്വേഷിച്ചു വരുന്നതേയുള്ളൂ. രണ്ടുവർഷത്തിലധികമായി കുട്ടികൾ സ്കൂളിൽ പോകാതിരുന്നതിലെ ദുരൂഹതയും നീങ്ങിയിട്ടില്ല. ഒരുകാര്യം ഉറപ്പാണ്: അച്ഛനമ്മമാരുടെ സ്നേഹവും ശ്രദ്ധയും കിട്ടാതായപ്പോഴാണ് ഈ സഹോദരങ്ങൾ മൊബൈൽ ഗെയിമുകളിൽ ആഹ്ളാദം കണ്ടെത്താൻ തുടങ്ങിയതും,​ പതിയെപ്പതിയെ പൂർണമായും അതിന് അടിമപ്പെട്ടതും. മുഴുവൻ സമയവും ഗെയിമുകളിൽ മുഴുകുക മാത്രമല്ല,​ അതിലെ കഥാപാത്രങ്ങളായി സ്വയം സങ്കല്പിക്കുകയും,​ അന്യോന്യം അത്തരത്തിൽ പെരുമാറുകയും ചെയ്തുവെന്നത് അമ്പരപ്പോടെയേ നമുക്ക് വായിച്ചറിയാനാകൂ.

കുട്ടികളുടെ ഗെയിമുകളിൽ ഏറ്റവും പ്രചാരമേറിയവയാണ് കൊറിയൻ സീരീസുകൾ. ഇത്തരം ഗെയിമുകൾ പതിവായി ഉപയോഗിക്കുന്ന കുട്ടികൾ കേരളത്തിലും അധികമാണെന്ന് മന:ശാസ്ത്ര വിദഗ്ദ്ധർ മുന്നറിയിപ്പ് നല്കുന്നുണ്ട്. പക്ഷേ,​ കൂടുതൽ സമയം മൊബൈൽ ഉപയോഗിക്കുന്നതു മൂലം ഉണ്ടാകാനിടയുള്ള കാഴ്ചാ പ്രശ്നത്തെക്കുറിച്ചും,​ മറ്റ് ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും മാത്രമേ നമ്മൾ ഇത്രകാലവും വേവലാതിപ്പെട്ടിരുന്നുള്ളൂ. വീര്യമേറിയ മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ കാര്യത്തിലെന്നതു പോലെ,​ അവ ലഭിക്കാതിരിക്കുമ്പോൾ ആത്മഹത്യയിൽ അഭയം തേടിപ്പോകുന്ന തരത്തിൽ അപകടകരമാണ് ഇവയെന്ന് ഞെട്ടലോടെ നമ്മൾ മനസിലാക്കുന്നു. സ്വന്തം വീട്ടിൽ കുട്ടികൾ എങ്ങനെ ജീവിക്കുന്നുവെന്ന് ശ്രദ്ധിക്കാനും,​ അവരെ സ്നേഹിക്കാനും പരിഗണിക്കാനും സംസാരിക്കാനും സമയം കണ്ടെത്താത്ത എല്ലാ അച്ഛനമ്മമാരുടെയും ജാഗ്രതയിലേക്ക് ആ മൂന്ന് പെൺകുരുന്നുകളുടെ ആത്മഹത്യാ കുറിപ്പ് ചേർത്തുവയ്ക്കുന്നു. നിങ്ങളാകണം,​ അവരുടെ അഭയം.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY