SignIn
Kerala Kaumudi Online
Saturday, 02 August 2025 12.24 PM IST

പരീക്ഷാ ഹാളിലേക്ക് പുറപ്പെടാം പുഞ്ചിരിയോടെ

Increase Font Size Decrease Font Size Print Page

photo

2023 ലെ എസ്.എസ്.എൽ.സി, പ്ലസ് ടു, പ്ലസ് വൺ സംസ്ഥാന ബോർഡ് പരീക്ഷകൾ മാർച്ച് 9, 10 തീയതികളിൽ ആരംഭിക്കുകയാണ്. ഈ വർഷം നാലേകാൽ ലക്ഷം വീതം വിദ്യാർത്ഥികളാണ് പരീക്ഷകളെഴുതുന്നത്. പരീക്ഷയ്ക്ക് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും വിദ്യാഭ്യാസവകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പരീക്ഷകളെക്കുറിച്ചുള്ള ആകാംക്ഷ സ്വാഭാവികമാണ്. എന്നാൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ, ശുഭപ്രതീക്ഷയോടെയാണ് പരീക്ഷയ്‌ക്ക് ഒരുങ്ങേണ്ടത്. അനാവശ്യ സമ്മർദ്ദത്തിന്റെയോ, മാനസിക പിരിമുറുക്കത്തിന്റെയോ ആവശ്യമില്ല. ടെൻഷനടിച്ച് പരീക്ഷയെഴുതുന്നത് മാർക്ക് കുറയാനേ ഇടവരുത്തൂ. രക്ഷിതാക്കൾ വിദ്യാർത്ഥികളിൽ മാനസികോല്ലാസവും ആത്മവിശ്വാസവും നിറയുന്ന അന്തരീക്ഷം സൃഷ്‌ടിക്കണം.

പരീക്ഷ ടൈം ടേബിൾ അനുസരിച്ച് ഇനിയുള്ള ദിവസങ്ങൾക്കായി പഠന ടൈം ടേബിൾ ഉണ്ടാക്കണം. പഠിച്ചത് നിശ്ചിത സമയത്തിനുള്ളിൽ ആവർത്തിച്ച് വിലയിരുത്തേണ്ട സമയമാണ് ഇനിയുള്ള ദിവസങ്ങൾ . മുൻവർഷങ്ങളിലേത് ഉൾപ്പെടെ മാതൃകാ ചോദ്യങ്ങൾ കണ്ടെത്തി നിശ്ചിത സമയത്തിനകം ഉത്തരമെഴുതാൻ പരിശീലിക്കണം. ചിത്രങ്ങൾ വരച്ചും കണക്കുകൾ ചെയ്‌തും അനായാസമായി പരീക്ഷാ സമയം വിനിയോഗിക്കാൻ തയാറെടുക്കുക. വിഷമമുള്ള ഭാഗങ്ങൾ പഠിക്കാൻ അദ്ധ്യാപകർ, സുഹൃത്തുക്കൾ, രക്ഷിതാക്കൾ എന്നിവരുടെ സഹായം തേടാം. തുടർച്ചയായി പഠിക്കുമ്പോൾ ഓരോ മണിക്കൂറിനുശേഷം 10 - 15 മിനിട്ട് വിശ്രമിക്കേണ്ടത് അത്യാവശ്യമാണ്. ദിവസേന അരമണിക്കൂർ ടിവി കാണുന്നതും, കളികളിൽ ഏർപ്പെടുന്നതും സമ്മർദ്ദരഹിതമായ പഠനാന്തരീക്ഷത്തിന് അനിവാര്യമാണ് . പാഠഭാഗങ്ങൾ ചിട്ടയോടെ ആവർത്തിച്ച് ഓ‌ർമ്മയെ ബലപ്പെടുത്തേണ്ടതും ഈ കാലയളവിൽ ആവശ്യമാണ്.

പരീക്ഷാകാലവും ഭക്ഷണക്കാര്യവും

പരീക്ഷാകാലത്ത് ഭക്ഷണത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധിക്കണം. ഭക്ഷ്യവിഷബാധ നിരക്ക് വർദ്ധിച്ചുവരുന്നതിനാൽ കുട്ടികൾക്ക് പരീക്ഷാകാലത്ത് വീട്ടിൽത്തന്നെ പാകം ചെയ്‌ത ഭക്ഷണം നല്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നോൺ വെജിറ്റേറിയൻ, ഫാസ്റ്റ് ഫുഡ് ഭക്ഷണത്തോട് വിദ്യാർത്ഥികൾക്ക് താത്പര്യമേറെയാണ്. പ്രത്യേകിച്ചും പുറത്തുനിന്ന് കഴിക്കാനാണ് കുട്ടികൾക്ക് ഇഷ്‌ടം. ചൂട് കാലാവസ്ഥയിൽ പുറമേ നിന്നുള്ള ഭക്ഷണം പ്രത്യേകിച്ചും നോൺവെജിറ്റേറിയൻ ഭീഷണിയാകാൻ സാദ്ധ്യതയുണ്ടെന്ന കാര്യം മറക്കരുത്.

പഴവർഗങ്ങൾ, പച്ചക്കറികൾ, ജ്യൂസ് എന്നിവ വാങ്ങുമ്പോഴും ഗുണനിലവാരം വിലയിരുത്തണം. പരീക്ഷാക്കാലത്തു കൂടുതലായി വെജിറ്റേറിയൻ ഭക്ഷണം നൽകുന്നതാണ് നല്ലത്. മുട്ട കഴിക്കുമ്പോൾ ബുൾസ് ഐയ്ക്കു പകരം നന്നായി വേവിച്ച് ഓംലറ്റ് ആയി നൽകാം. മക്കളെ പഠിപ്പിക്കാൻ വേണ്ടി രക്ഷിതാക്കൾ ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന രീതി പരീക്ഷാക്കാലത്തു വർദ്ധിച്ചുവരുന്നു. ഇതും പ്രശ്നങ്ങളുണ്ടാക്കാനിടയുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. തണുത്ത ഭക്ഷ്യോത്‌പന്നങ്ങൾ, ഐസ് ക്രീം മുതലായവ ഈ സീസണിൽ ഉപേക്ഷിക്കണം.

ആവലാതികളില്ലാതെ

പരീക്ഷാഹാളിലേക്ക്

രാത്രി ആറ് മണിക്കൂറെങ്കിലും ഉറങ്ങാൻ കുട്ടികളെ പ്രേരിപ്പിക്കണം. പരീക്ഷയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് ആവശ്യത്തിന് പേന , പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ് , ഹാൾ ടിക്കറ്റ്, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ തയ്യാറാക്കി ബാഗിൽ വയ്ക്കണം. എല്ലാ ദിവസവും പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് തന്നെ ഹാൾ ടിക്കറ്റ് ബാഗിലുണ്ടെന്ന് ഉറപ്പുവരുത്തുക. അരമണിക്കൂർ നേരത്തെയെങ്കിലും പരീക്ഷാ കേന്ദ്രത്തിൽ എത്തണം. പരീക്ഷയ്ക്ക് കയറുന്നതിനു തൊട്ടുമുമ്പ് പഠിച്ച ഭാഗങ്ങൾ അന്യോന്യം ചർച്ച ചെയ്യാതിരിക്കുന്നതാണ് നല്ലത്. പരീക്ഷ കഴിഞ്ഞതിനു ശേഷവും എഴുതിയ പരീക്ഷയെക്കുറിച്ചുള്ള വിശകലനം ഒഴിവാക്കുക. കാരണം ഇത്തരം വിശകലനം മനസിൽ അനാവശ്യമായ ഭീതിയും ഉത്‌കണ്‌ഠയും നിറയ്‌ക്കാൻ മാത്രമേ ഉതകൂ. ഇത് അടുത്ത പരീക്ഷയ്‌ക്കുള്ള തയാറെടുപ്പിനെ അലോസരപ്പെടുത്തും. പരീക്ഷയെക്കുറിച്ച് പറഞ്ഞ് രക്ഷിതാക്കൾ കുട്ടികളെ അകാരണമായി ഭീതിപ്പെടുത്തരുത്

പരീക്ഷാഹാളിൽ കടന്നാൽ ഇൻവിജിലേറ്ററുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. പഠിച്ച ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളെ പരീക്ഷയ്ക്കുണ്ടാകൂ. സമയക്രമം, മാർക്ക് എന്നിവ വിലയിരുത്തി ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ശ്രമിക്കണം. തീരെ അറിയാത്ത ഉത്തരങ്ങൾക്കു വേണ്ടി ആലോചിച്ച് കൂടുതൽ സമയം കളയരുത്. ശുഭാപ്തിവിശ്വാസത്തോടെ പരീക്ഷയെഴുതൂ! വിജയം സുനിശ്ചിതമാണ്! എല്ലാവർക്കും വിജയാശംസകൾ.

(ലേഖകൻ ബംഗളൂരു ട്രാൻസ്ഡിസി‌പ്ലിനറി യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസ് & ടെക്‌നോളജിയിലെ പ്രൊഫസറാണ്)

TAGS: SSLC HIGHER SECONDRARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.