SignIn
Kerala Kaumudi Online
Friday, 20 September 2024 7.41 PM IST

നല്ല തീരുമാനം

Increase Font Size Decrease Font Size Print Page

photo

ജോലിചെയ്തിട്ട് കൂലി പിന്നീട് എന്നു പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത ഏർപ്പാടാണ്. മൻമോഹൻസിംഗ് സർക്കാർ നടപ്പാക്കിയ ഏറ്റവും മികച്ച സാമൂഹ്യസുരക്ഷാ പദ്ധതിയെന്നു പുകഴ്‌പെറ്റ തൊഴിലുറപ്പുപദ്ധതിയിൻ കീഴിൽ പണിയെടുക്കുന്നവർ പലപ്പോഴും വേതനത്തിനായി കാത്തിരിക്കേണ്ടി വരാറുണ്ട്. കേന്ദ്രത്തിൽ നിന്നു ഫണ്ട് വരാൻ വൈകുന്നതാണു കാരണം. ചില ഘട്ടങ്ങളിൽ ആഴ്ചകളോളം കാത്തിരുന്ന ശേഷമാകും വേതന വിതരണം നടക്കാറുള്ളത്. പദ്ധതി ഏറ്റവും നല്ല നിലയിൽ നടക്കുന്ന കേരളത്തിൽ തൊഴിലുറപ്പുകൂലി ഇനി വൈകിയാലും വിഷമിക്കേണ്ടതില്ല. വൈകിയ ദിവസങ്ങളിൽ അതിനു നഷ്ടപരിഹാരമായി ഒരു തുക ലഭിക്കാൻ പദ്ധതിയിൽ ഉൾപ്പെടുന്നവർക്ക് അർഹതയുണ്ടാകും. രാജ്യത്ത് ആദ്യമായി കേരളമാണ് ഇത്തരത്തിലൊരു നഷ്ടപരിഹാര നടപടിയുമായി തൊഴിലുറപ്പു പദ്ധതി കൂടുതൽ ആകർഷകമാക്കുന്നത്. സംസ്ഥാനത്ത് ഇപ്പോൾ ഒരു ദിവസം ഈ പദ്ധതിയിൻകീഴിൽ പണിയെടുത്താൽ 311 രൂപയാണു വേതനം. വേതനം നിശ്ചിത ദിവസത്തിനപ്പുറം വൈകിയാൽ 0.05 ശതമാനം എന്ന നിരക്കിൽ നഷ്ടപരിഹാരം ഉറപ്പാക്കാനാണു തീരുമാനം. ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ കുറ്റം കൊണ്ടാണ് വേതനം വൈകുന്നതെങ്കിൽ നഷ്ടപരിഹാരത്തിനു വേണ്ടിവരുന്ന തുക അവരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കാനും വ്യവസ്ഥ ചെയ്യും.

വേതനം വൈകിയാൽ നഷ്ടപരിഹാരത്തിനു വ്യവസ്ഥ വരുമ്പോഴും അതിനു ചില ഉപാധികൾ വച്ചിട്ടുള്ളതിനാൽ പരിമിതികൾ തുടർന്നും നിലനിൽക്കുമെന്നുവേണം കരുതാൻ. കേന്ദ്രത്തിൽനിന്ന് ഫണ്ട് വരാൻ വൈകിയാലും സാങ്കേതികമായ മറ്റു ചില കാരണങ്ങളാലും വേതന വിതരണം വൈകിയാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകില്ല. ഫണ്ട് വിതരണം വൈകുന്നത് മിക്കപ്പോഴും കേന്ദ്രം യഥാസമയം ഫണ്ട് നൽകാത്തതുകൊണ്ടാവാം. അത്തരം സന്ദർഭങ്ങളിൽ സംസ്ഥാനത്തിന് സ്വന്തം നിലയിൽ എന്തുചെയ്യാനാകുമെന്ന് പരിശോധിക്കാവുന്നതാണ്. ഏതു വിധേനയും വേതന വിതരണം മുടങ്ങാതിരിക്കാനുള്ള മാർഗത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്.

പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന ചില പുതിയ മേഖലകൾ ഈയടുത്ത നാളിൽ കേന്ദ്രം അംഗീകരിച്ചത് കേരളത്തിന് പ്രയോജനകരമാണ്. ഒരു പഞ്ചായത്തിൽ ഒരേസമയം ഇരുപത് ഇടങ്ങളിൽ മാത്രമേ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള പ്രവൃത്തികൾ നടത്താവൂ എന്ന നിബന്ധന കേരളത്തിന്റെ കാര്യത്തിൽ കേന്ദ്രം പിൻവലിച്ചിട്ടുണ്ട്. അൻപത് ഇടങ്ങളിൽ ഒരേസമയം പ്രവൃത്തികൾ ഏറ്റെടുക്കാമെന്നാണ് പുതിയ മാർഗനിർദ്ദേശം. സംസ്ഥാനത്ത് തൊഴിലുറപ്പു പദ്ധതിയനുസരിച്ച് കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ ഉതകുന്ന തീരുമാനമാണിത്. സംസ്ഥാനത്തിന്റെ തനതായ ചില തൊഴിൽ മേഖലകളെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്താനായാൽ ഗ്രാമീണ മേഖലയിൽ കൂടുതൽപേർക്കു വരുമാനമാകും.

മറ്റു പല മേഖലകളിലുമെന്നപോലെ തൊഴിലുറപ്പുപദ്ധതിയിലും കാലാനുസൃതമായി വേതനം പുതുക്കണമെന്ന ആവശ്യം ശക്തമായി വരികയാണ്. തുടക്കത്തിൽ നൂറു രൂപയായിരുന്നു വേതനമെങ്കിൽ അത് ഉയർന്നുയർന്ന് മുന്നൂറു രൂപയ്ക്കു മേലായിട്ടുണ്ട്. എന്നാൽ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ എണ്ണൂറും ആയിരവുമൊക്കെയാണ് ഒരു സാധാരണ തൊഴിലാളിയുടെ വേതനം. അതുവച്ചു നോക്കിയാൽ തൊഴിലുറപ്പുവേതനം തൃപ്തികരമാണെന്നു പറയാനാവില്ല. എന്നിരുന്നാലും ഗ്രാമീണ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയെന്ന നിലയിൽ രാജ്യത്തെ കോടിക്കണക്കിനു നിർദ്ധന കുടുംബങ്ങൾക്ക് ഉറപ്പായും ആശ്രയിക്കാവുന്ന ഒരു വരുമാന പദ്ധതി തന്നെയാണിത്. പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കെല്ലാം ഒരുവർഷം നൂറുദിവസം തൊഴിൽ നൽകണമെന്നാണു ചട്ടം. ഫണ്ട് വേണ്ടത്രയില്ലെന്ന കാരണം പറഞ്ഞ് തൊഴിൽദിനങ്ങൾ കുറയ്ക്കാറുണ്ട്. കേന്ദ്രമാകട്ടെ ഓരോ വർഷം കഴിയുന്തോറും തൊഴിലുറപ്പു പദ്ധതിക്കു വേണ്ടിയുള്ള വിഹിതം കുറച്ചുകൊണ്ടിരിക്കുകയാണ്. അവഗണിക്കപ്പെടേണ്ട ഒരു സാമൂഹ്യസുരക്ഷാ പദ്ധതിയല്ല ഇതെന്ന് ഭരണകർത്താക്കൾ മനസിലാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: THOZHILURAPPU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.