SignIn
Kerala Kaumudi Online
Thursday, 19 September 2024 1.03 AM IST

ടിക്കറ്റ് കൊള്ളയ്ക്ക് കൂട്ടുനിൽക്കരുത്

Increase Font Size Decrease Font Size Print Page

photo

അന്നത്തിനുള്ള വകതേടി കേരളത്തിനു പുറത്തു കഴിയുന്ന മലയാളികൾക്ക് ഉത്സവ സീസണായാൽ നെഞ്ചിൽ തീയാണ്. വിശേഷാവസരങ്ങളിൽ വീട്ടിലെത്തി മടങ്ങാൻ പെടാപ്പാടു പെടണം. യാത്രക്കൂലിയായി കൈനിറയെ കാശും വേണം. വിമാനക്കമ്പനികൾ പണ്ടുമുതലേ ഈ തന്ത്രം പയറ്റി വൻ വരുമാനം നേടാറുണ്ട്. ഇപ്പോൾ ബസ് കമ്പനികളും വിമാനക്കമ്പനികളുടെ ചുവടുപിടിച്ച് സീസൺകാലത്ത് യാത്രക്കാരെ പിഴിയുകയാണ്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ ജോലിചെയ്യുന്ന ആയിരക്കണക്കിനു മലയാളികളുണ്ട്. ഇവരെ കൂടാതെ വിദ്യാർത്ഥികളും കുറവല്ല. വെക്കേഷൻ കാലത്താണ് ഉത്സവങ്ങളും കടന്നുവരുന്നതെന്നതിനാൽ യാത്രക്കൂലി വർദ്ധനവിന്റെ ഏറ്റവും വലിയ ആഘാതം നേരിടേണ്ടിവരുന്നത് ഇവരാണ്. ട്രെയിനുകളിലെല്ലാം മാസങ്ങൾക്കു മുൻപേ ടിക്കറ്റ് തീർന്നിരിക്കും. പിന്നെ ആശ്രയിക്കേണ്ടത് പതിവായി ഈ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് കമ്പനികളെയാണ്. അവരാകട്ടെ സാധാരണ അവസരങ്ങളിൽ ഈടാക്കുന്നതിന്റെ ഇരട്ടിയും അതിൽ അധികവുമാണ് ഇത്തരം അവസരങ്ങളിൽ ഈടാക്കുന്നത്. ബംഗളൂരു - തിരുവനന്തപുരം റൂട്ടിൽ ക്രിസ്‌മസ് കാലത്ത് സ്വകാര്യ ബസുകൾ ഈടാക്കുന്ന നിരക്കിന്റെ ഒരു ഏകദേശ ചിത്രം കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഡിസബർ 17ന് നിരക്ക് 3150 രൂപയാണെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ റോക്കറ്റ് വേഗത്തിലാണ് കയറ്റം. 20ന് 4800 രൂപ ഈടാക്കുമെങ്കിൽ തൊട്ടടുത്ത ദിവസം അത് അയ്യായിരത്തിലെത്തും. തുടർന്നുള്ള ദിവസങ്ങളിൽ നിരക്ക് എത്രവരെ ഉയരുമെന്ന് പിന്നീടേ അറിയാനാകൂ. എന്തായാലും ദിനംപ്രതി 500 മുതൽ 800 രൂപ വരെ കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചന. സാധാരണ ദിവസങ്ങളിൽ 1200 മുതൽ 1300 വരെ ഈടാക്കുന്ന ടിക്കറ്റിനാണ് ക്രിസ്‌മസ് തിരക്ക് മുതലെടുത്ത് അയ്യായിരവും അതിനു മുകളിലും വാങ്ങുന്നത്.

വിമാനക്കമ്പനികളുടെ സീസൺ കൊള്ളയ്ക്ക് ഒരു മാറ്റവും ഉണ്ടാകുന്നില്ല. എണ്ണായിരം രൂപയുടെ വിമാന ടിക്കറ്റിന് അൻപതിനായിരവും എഴുപതിനായിരവുമൊക്കെ നൽകേണ്ടിവരുന്ന യാത്രക്കാരന്റെ ദുര്യോഗം മാറ്റമില്ലാതെ തുടരുകയാണ്. ലോകത്തെ എല്ലാ വിമാനക്കമ്പനികളും നഷ്ടം ഒരു പരിധിവരെ നികത്തുന്നത് ഇങ്ങനെയൊക്കെ ആണെന്നാണ് സർക്കാർ ഭാഷ്യം. അത്യാവശ്യത്തിന് രണ്ടും മൂന്നും വർഷമെത്തുമ്പോൾ നാട്ടിൽ വന്നുപോകാൻ കൊതിക്കുന്ന പ്രവാസികൾ കാലാകാലങ്ങളായി ഈ അനീതിക്കെതിരെ ശബ്ദമുയർത്തുന്നുണ്ട്. ഒരു ഫലവുമില്ല.

ഓണം, ക്രിസ്‌മസ്, വിഷു, പെരുന്നാൾ തുടങ്ങിയ വിശേഷാവസരങ്ങളിൽ യാത്രക്കൂലി നിയന്ത്രിക്കാൻ സർക്കാർ ഇടപെട്ടേ തീരൂ . മറ്റു രംഗങ്ങളിൽ ജനങ്ങൾ അന്യായ വില നൽകേണ്ടിവരുന്ന ഘട്ടങ്ങളിൽ സർക്കാർ ഇടപെടാറുണ്ടല്ലോ. അതുപോലെ ആയിരം രൂപയുടെ ടിക്കറ്റിന് അയ്യായിരം ഈടാക്കിയാൽ തടയാൻ നിയമമില്ലേ? മൂക്കിനുതാഴെ നടക്കുന്ന അനീതി കണ്ടിട്ടും കണ്ണും പൂട്ടിയിരിക്കുന്ന അധികൃതർ പരോക്ഷമായി കൊള്ളയ്ക്കു കൂട്ടുനിൽക്കുകയാണ്. അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസ് ലോബിയെ നിയന്ത്രിക്കാൻ വിഷമമാണെങ്കിൽ സർക്കാർ തലത്തിൽ കൂടുതൽ യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തണം. സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നു വന്നാൽത്തന്നെ സ്ഥിതി മാറുമെന്നു തീർച്ച. അധിക ട്രെയിൻ സർവീസുകൾക്കായി റെയിൽവേയിൽ സമ്മർദ്ദം ചെലുത്തണം. ഒരു പ്രത്യേക ട്രെയിൻ ഓടിച്ചാൽത്തന്നെ ഇരുപതോ ഇരുപത്തഞ്ചോ ബസുകൾക്കു തുല്യമാകും. നിലവിലുള്ള ട്രെയിനുകളിൽ മൂന്നോ നാലോ ബോഗികൾ അധികമിട്ടും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കാം. ഏതുവിധേനയും ദൂരെദിക്കുകളിൽ കഴിയുന്ന മലയാളികൾക്ക് നാട്ടിലെത്താനുള്ള വഴി ഒരുക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TOUR BUS FARE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.