SignIn
Kerala Kaumudi Online
Sunday, 27 July 2025 2.52 PM IST

സ്ത്രീധന പീഡനങ്ങൾ വർദ്ധിക്കുന്നു വിവാഹം: പെൺമക്കളുടെ മരണമണിയോ

Increase Font Size Decrease Font Size Print Page
f

പരിഷ്കൃത സമൂഹത്തെ കുറിച്ചുള്ള അഭിമാനങ്ങൾക്കിടയിലും സ്ത്രീധന പീഡനവും മരണങ്ങളും രാജ്യത്ത് തുടർക്കഥയാവുന്നു. നിയമവിരുദ്ധം എന്ന് വിലക്കിയിട്ടും കേരളത്തിൽ ഉൾപ്പെടെ ആചാരം പോലെ ആ വിപത്ത് ഒളിച്ചു കിടക്കുന്നു. കെട്ടിച്ചയക്കുന്ന പെണ്ണിന്റെ സുരക്ഷിതത്വം ഉറപ്പിക്കാനുള്ള പ്രൈസ് മണിയായി സ്ത്രീധനം അപ്രഖ്യാപിത ഉടമ്പടിയായി നിർബാധം തുടരുന്നുവെന്നത് ആശങ്കപ്പെടുത്തുന്നു.

കേരളത്തിലെ സ്ത്രീധന പീഡന മരണങ്ങളിൽ മാറുന്നത് ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ പേരുകൾ മാത്രമാണ്. കേരളത്തിൽ കഴിഞ്ഞ കാലങ്ങളിലായി സ്ത്രീധന പീഡന മരണം എന്നത് ഒരു സാധാരണ വാർത്തയായി മാറിയിരിക്കുന്നു. ഇത്തരം കേസുകളുടെ ഉയർന്ന് വരുന്ന നിരക്ക് നമ്മേ മുമ്പെങ്ങും ഇല്ലാത്തവിധം പേടിപ്പെടുത്തുന്നതാണ്. ജീവന് വിലമതിക്കാനാവില്ലെന്നുള്ള വസ്തുത ഊട്ടിയുറപ്പിച്ചുകൊണ്ട് സാമ്പത്തിക സഹായങ്ങളും, രക്ഷാപ്രവർത്തനങ്ങളും നടത്തുന്ന നാട്ടിലാണ് സ്വർണത്തിന്റെയും പണത്തിന്റെയും ത്രാസിൽ പെൺകുട്ടികളെ അളക്കുന്നതും.

 എന്തുകൊണ്ട് സ്ത്രീധനം?

എന്തേ നന്നാവാത്തെ. ഓരോ മലയാളിയും സ്വയം ഒന്ന് ചോദിക്കണം. മാതാപിതാക്കളും ആൺകുട്ടികളും പെൺകുട്ടികളും വിവാഹപ്രായമെത്തിയവരും എല്ലാവരും സ്വയം ചോദിക്കണം. വില പേശാൻ വരുന്നവനെ ആട്ടിയിറക്കാനുള്ള ആർജവം കാണിക്കാൻ എന്തിന് നമ്മൾ അമാന്തിക്കണം. യെസ് എന്ന് പറയുന്നതിനെക്കാൾ ഉച്ചത്തിൽ ഉറപ്പോടെ നോ എന്ന് പറയാൻ പെൺകുട്ടികൾ ഇനിയെങ്കിലും മടിക്കരുത്. അവരെ മാതാപിതാക്കൾ പഠിപ്പിക്കണം.

ഭർതൃവീട്ടിൽ പാലിക്കേണ്ട അച്ചടക്കത്തിന്റെ ക്ലാസ് എടുക്കുന്നതിന് പകരം നിനക്ക് ഒത്തുപോകാൻ കഴിയുന്നില്ല എന്ന് തോന്നുന്നോ അന്ന് നിർത്തിക്കോണം, അതിന് മടിക്കരുത് എന്ന് പറഞ്ഞ് വേണം ഭർതൃവീട്ടിലേക്ക് പറഞ്ഞുവിടാൻ. അഡ്ജസ്റ്റ്‌മെന്റ് എന്ന പഠിപ്പിക്കലിന്റെ വിലയാണ് ഉത്തര, വിസ്മയ, അർച്ചന തുടങ്ങി,,,, വിപഞ്ചിക,​ അതുല്യ,​ ഏറ്റവും ഒടുവിൽ വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി സ്വദേശി നേഘ സുരേഷ് ആണ് ഈ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ കണ്ണി. ഒരു ജാള്യതയുമില്ലാതെ തുക ലേലം പറഞ്ഞുറപ്പിച്ച് കെട്ടി പോരട്ടെ പോരട്ടെ എന്ന് പറഞ്ഞാണ് ഭർതൃവീട്ടിൽ ഈ യുവതികൾ പീഡനം നേരിട്ടത്. ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നത് മാത്രം പുറത്തറിയുന്നു. പുറത്തറിയാത്തത് ഇതിലുമേറെ. സ്ത്രീക്ക് തുണയായി നിയമം ഉണ്ടായിട്ട് കാര്യമില്ല. പറയേണ്ടത് പറയേണ്ട സമയത്ത് പറയാനും നിർത്തേണ്ടത് നിർത്തേണ്ട സമയത്ത് നിർത്താനും കഴിയണം.

റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ സ്ഥലത്തിന്റെ മതിപ്പ് വില നിശ്ചയിക്കും പോലെയാണ് സ്ത്രീധനത്തിന്റെ മാർക്കറ്റും. സർക്കാർ ഉദ്യോഗസ്ഥന് ഇത്ര. ബിനിസുകാരന് ഇത്ര. ജോലിയില്ലാത്തവന് ഇത്ര അങ്ങനെ ഇതിനും മാർക്കറ്റ് വാല്യുവുണ്ട്. ബന്ധുവിന് കൊടുത്തതിൽ കൂടുതൽ കൊടുക്കാൻ മടിക്കാതെ മത്സരബുദ്ധി കാണിക്കുന്ന മാതാപിതാക്കളും മത്സരിച്ച് വാങ്ങാൻ മടിക്കാത്ത വീട്ടുകാരും കൂട്ടുപ്രതികളായി നിൽക്കുന്ന കച്ചവടമായി പല വിവാഹവും ഇന്ന്.

കയറിച്ചെല്ലുന്ന വീട്ടിൽ മകൾക്ക് നിലയും വിലയും വേണം, അവളുടെ ജീവിതം സുരക്ഷിതമാക്കൽ, പിന്ന നാട്ടുകാരെ ബോധ്യപ്പെടുത്തൽ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണെന്നറിഞ്ഞിട്ടും പെൺകുട്ടികളുടെ വീട്ടുകാർ അതിന് തയ്യാറാകുന്നത് ഇക്കാരണങ്ങൾ കൊണ്ടാണ്. എന്നാൽ ആൺവീട്ടുകാരെ സംബന്ധിച്ച് നിങ്ങളുടെ കുട്ടിക്ക് നിങ്ങൾക്കിഷ്ടമുളളത് കൊടുത്തോളൂ എന്ന് ചോദിക്കാതെ തന്നെ ചോദിക്കുന്ന ഈ സ്ത്രീധന തുക കിട്ടിയിട്ട് വേണം പുതിയ ബിസിനസ് ആരംഭിക്കാൻ, കടങ്ങൾ വീട്ടാൻ, സ്വന്തം സഹോദരിയെ കെട്ടിച്ചയ്ക്കാൻ എന്തിന് കല്യാണത്തിന് ചെലവു വരുന്ന പണം കണ്ടെത്താൻ.

വിവാഹം എന്ന സ്ഥാപനത്തെ കുറിച്ച് കാലങ്ങളായി സമൂഹത്തിൽ നിൽക്കുന്ന ചിന്താഗതികളുടെ തുടർച്ചയാണ് ഇന്നും തുടരുന്ന ഈ ചിന്തകൾക്കടിസ്ഥാനം. ചിലർ തങ്ങളുടെ പെൺകുട്ടികൾക്ക് ഇത്ര കൊടുത്തിട്ടുണ്ടെന്ന് ആദ്യമേ അങ്ങു പറയും. ഇതും മറ്റൊരു തന്ത്രമാണ്. പെൺകുട്ടികളുള്ള കുടുംബത്തിന് സാമ്പത്തിക ബാദ്ധ്യത എന്നതിനെക്കാളുമുപരി സ്ത്രീധനത്തെക്കുറിച്ച് സംസാരിക്കാൻ നമ്മൾ ഇനിയും പഠിക്കേണ്ടതുണ്ട്.

 കുടംബ കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നു

സ്ത്രീധനം ആവശ്യപ്പെട്ടാൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന, 1961ൽ പാർലമെന്റ് പാസാക്കിയ നിയമമുള്ള നാട്ടിൽ 28 കുടുംബകോടതികളിലായി ഒന്നേകാൽ ലക്ഷം കേസുകളാണുള്ളത്. പെൺകുട്ടികൾ ജനിക്കുമ്പോൾ മുതൽ കുടുംബത്തിന് സമൂഹം കൽപ്പിച്ച് നൽകുന്ന ഉത്തരവാദിത്വമാണ് 'നല്ലനിലയിൽ' കെട്ടിച്ചുവിടുക എന്നത്. 'നല്ലനിലയിൽ' കെട്ടിക്കുന്നതിന് വേണ്ടിയാവും പിന്നീട് മാതാപിതാക്കൾ അവരുടെ ഉറക്കം കളയുക. ഉള്ളതെല്ലാം വിറ്റുപെറുക്കി, കടം വാങ്ങി തന്നാൽ കഴിയുന്നതിലും വലിയ സ്ത്രീധനം കൊടുത്ത് മക്കളെ കല്ല്യാണം കഴിപ്പിക്കും. തിരുവനന്തപുരത്ത് വലിയ സ്ത്രീധന തുക കൊടുക്കാൻ കഴിയാത്തതിനാൽ പ്രണയം നിരസിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തതും ഒരുതരത്തിൽ ഇതേ കേസുതന്നെയല്ലേ? സ്ത്രീധന പീഡനം ക്രിമിനൽ കുറ്റമാണ്. വിവാഹച്ചിലവിന് എന്ന പേരിൽ വധുവിന്റെ വീട്ടിൽ നിന്ന് വാങ്ങുന്ന പണവും സ്ത്രീധനത്തിന്റെ പരിധിയിൽ വരുന്നതാണ്. വിവാഹത്തിന് ലഭിക്കുന്ന സമ്മാനങ്ങൾ പോലും രേഖയായി സൂക്ഷിക്കണമെന്നതാണ് നിയമം. സർക്കാർ ഉദ്യോഗസ്ഥർ വിവാഹിതരാകുമ്പോൾ സ്ത്രീധനം ആവിശ്യപ്പെട്ടിട്ടോ വാങ്ങിയിട്ടോ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന സത്യവാങ്മൂലം നൽകേണ്ടതുണ്ട്.

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിലെ കണക്കുകൾ പരിശോധിച്ചാൽ ഭർതൃഗൃഹങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ വർദ്ധിക്കുന്നതായി കാണാം. കേരള ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2020 ജനുവരി മുതൽ 2024 ഒക്‌ടോബർ വരെയുള്ള കാലയളവിൽ 82,450 കേസുകളാണ് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2016 ൽ 15,114, 2017 ൽ 14,263, 2018 ൽ 13,643, 2019 ൽ 14,293, 2020 ൽ 12,659, 2021 ൽ 16,199, 2022 ൽ 18,943, 2023 ൽ 18,980, 2024 ഒക്‌ടോബർ വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 15,669 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഭർത്താക്കന്മാരിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള പീഡനങ്ങൾ തന്നെയാണ്.

വിവാഹിതരായ സ്ത്രീകൾ ഭർതൃവീടുകളിൽ നേരിടുന്ന പീഡനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും കേരളത്തിൽ വർദ്ധിച്ചുവരികയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം മൂന്നിൽ ഒരു സ്ത്രീ പങ്കാളിയിൽ നിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്നു. ഭർത്തൃഗൃഹങ്ങളിൽ സ്ത്രീകൾ കൊല്ലപ്പെടുന്നതിന്റെ പ്രധാന കാരണം പങ്കാളിയുടെ പീഡനമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

 നിയമവ്യവസ്ഥയിൽ പൊളിച്ചെഴുത്ത് അനിവാര്യം

1961 സ്ത്രീധന നിരോധനനിയമം നിലവിൽ വരുന്നത്. കാലക്രമേണ നിയമത്തിൽ പല ഭേദഗതികളും നടപ്പിലാക്കി. മേഖല ഓഫീസുകളിൽ മാത്രമുണ്ടായിരുന്ന റീജിയണൽ ഡൗറി പ്രൊഹിബിഷൻ ഓഫീസർ തസ്തിക, ജില്ല തലങ്ങളിലേക്ക് വ്യാപിപ്പിച്ച് ഡൗറി പ്രൊഹിബിഷൻ ഓഫീസറെ ചുമതലപ്പെടുത്തി. സെക്ഷൻ 2 പ്രകാരം മൂല്യമുള്ള എന്തിനെയും സ്ത്രീധനമായി കണക്കാക്കും. സെക്ഷൻ 3 പ്രകാരം 5 വർഷം വരെ തടവുശിക്ഷയോ 15000 രൂപ വരെ പിഴയോ ലഭിക്കും. അതല്ലെങ്കിൽ സ്ത്രീധനത്തിൽ ഉൾപ്പെട്ട സ്വർണമടക്കമുള്ള വസ്തുക്കൾക്ക് തുല്യമായ തുക പിഴയായി ഈടാക്കണമെന്നും പറയുന്നുണ്ട്. കൂടാതെ വിവാഹത്തിന് ലഭിച്ച സമ്മാനങ്ങളുടെ ലിസ്റ്റ് ശേഖരിക്കണമെന്നും നിയമത്തിൽ പറയുന്നുണ്ട്. സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന, പ്രസിദ്ധീകരണങ്ങൾ, പരസ്യങ്ങൾ, സിനിമ എന്നിവ ഒഴിവാക്കണമെന്നും നിയമം നിർദ്ദേശിക്കുന്നുണ്ട്. എന്നിട്ടും പീഡനങ്ങൾ മരണങ്ങൾ എന്നിവ വർദ്ധിക്കുന്നു. നിയമവ്യവസ്ഥയിൽ പൊളിച്ചെഴുത്ത് അനിവാര്യമാണ്.

നമ്മുടെ നിയമ വ്യവസ്ഥയിലെ പാളിച്ചകൾ തന്നെയാണ് ഇത്തരം കാര്യങ്ങൾ വ‌ർദ്ധിക്കാനുള്ള പ്രധാന കാരണം. വനിതാ കമ്മിഷൻ പോലുള്ള സംഘടനകൾ ഉണർന്നു പ്രവർത്തിക്കേണ്ട കാലമാണിത്. സ്ത്രീധനത്തിന്റെ പേരിലും ഗാർഹിക പീഡനങ്ങളിലും പെൺകുട്ടികളുടെ ജീവൻ നഷ്ടമായ ശേഷമല്ല നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ഉപയോഗിക്കേണ്ടത്. അവരുടെ ജീവൻ രക്ഷിക്കാനാകണം നിയമങ്ങളെന്നും സ്ത്രീധന വിഷയത്തിൽ മാതാപിതാക്കളുടെ മനോഭാവം മാറേണ്ട കാലം കഴിഞ്ഞു.

TAGS: DOWRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.