SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.42 AM IST

ആദിവാസിയുടെ മരണം അന്വേഷിക്കണം

viswanathan

ആദിവാസികൾ കാട്ടിൽത്തന്നെ കഴിയുന്നതാണ് നല്ലതെന്നു തോന്നുന്നു. നാട്ടിലേക്കിറങ്ങിയാൽ എന്തെങ്കിലും കുറ്റം ആരോപിച്ച് പരിഷ്‌കൃത മനുഷ്യർ അവരെ തല്ലിക്കൊല്ലാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അട്ടപ്പാടിയിൽ മധു എന്ന ചെറുപ്പക്കാരൻ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി മരിച്ചത് കേരളം മുഴുവൻ ചർച്ചചെയ്ത വിഷയമായിരുന്നു. കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ ആൾക്കൂട്ടത്തിന് നടുവിൽ നില്‌ക്കുന്ന മധുവിന്റെ ദയനീയചിത്രം ആ സമൂഹത്തിന്റെ മൊത്തം ദൈന്യതയുടെ പ്രതീകം കൂടിയായിരുന്നു.

മധുവിനെ തല്ലിക്കൊന്ന കേസ് ഇനിയും തീർന്നിട്ടില്ല. അതിന് മുമ്പ് നാടിന്റെ കാട്ടുനീതിയാൽ മറ്റൊരു ആദിവാസി യുവാവിന് കൂടി ജീവൻ നഷ്ടമായിരിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്ത് ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിലാണ് വയനാട് സ്വദേശി വിശ്വനാഥന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയത്. ഭാര്യ‌യുടെ പ്രസവത്തിന് കൂട്ടിരിക്കാൻ വന്നതായിരുന്നു വിശ്വനാഥൻ. ആശുപത്രി മുറ്റത്താണ് ഇയാൾ കിടന്നുറങ്ങിയിരുന്നത്. ഇതിനിടയിൽ ആരുടെയോ മൊബൈലും പണവും നഷ്ടപ്പെട്ടെന്ന പേരുംപറഞ്ഞ് വിശ്വനാഥനെ ആൾക്കൂട്ടവും സെക്യൂരിറ്റിക്കാരും വളഞ്ഞുവച്ച് ചോദ്യം ചെയ്‌തെന്നും ദേഹോപദ്ര‌വം ഏല്പിച്ചെന്നും വിശ്വനാഥന്റെ ബന്ധുക്കൾ പരാതി നല്‌കിയിട്ടുണ്ട്. തന്റെ ഭർത്താവിനെ കൊന്നതാണെന്നാണ് വിശ്വനാഥന്റെ ഭാര്യ ബിന്ദു കരഞ്ഞുകൊണ്ട് പറയുന്നത്. വിവാഹം കഴിഞ്ഞ് എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലായിരുന്നു വിശ്വനാഥനെന്ന് അയാളുടെ ജ്യേഷ്ഠൻ പറയുന്നു. കുഞ്ഞിനെ നോക്കാൻ ഒരു പതിനഞ്ചുവർഷം കൂടി ആയുസ് നല്‌കണേ എന്നാണ് കുഞ്ഞിനെ ആദ്യമായി കണ്ടതിനുശേഷം വിശ്വനാഥൻ പറഞ്ഞതെന്നും അങ്ങനെ പറഞ്ഞ വിശ്വനാഥൻ ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയില്ലെന്നുമാണ് സഹോദരൻ പറയുന്നത്.

പരാതി നല്‌കിയ ഉടൻ പൊലീസ് കേസന്വേഷിക്കാൻ തയ്യാറാകുന്നതിന് പകരം പരാതിക്കാരെ നിരുത്സാഹപ്പെടുത്താനും വിരട്ടാനുമാണ് ശ്രമിച്ചതെന്നും ബന്ധുക്കൾ പരാതിയിൽ പറയുന്നു. ഇക്കാര്യത്തിൽ സർക്കാർ കൂടുതൽ ജാഗ്രതയോടെ ഇടപെട്ട് സത്യം പുറത്തുകൊണ്ടുവരാൻ തയ്യാറാകണം. യു.പിയിലും ബീഹാറിലും മറ്റും നടക്കുന്ന ആൾക്കൂട്ട കൊലകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നവരാണ് ഇവിടെ ഭരിക്കുന്നത്. അതിനാൽത്തന്നെ അവരുടെ മൂക്കിന് കീഴിൽനടന്ന ഈ സംഭവം വിശദമായ അന്വേഷണമില്ലാതെ അവസാനിക്കാൻ അനുവദിക്കരുത്. ആൾക്കൂട്ടത്തിന് മനുഷ്യരെ വിചാരണ ചെയ്യാനും കൊല്ലാനുമൊന്നും അവകാശമില്ല. അങ്ങനെ ചെയ്യുന്നവരെ കൊലപാതകികളായി കണക്കാക്കി അതിനുള്ള ശിക്ഷ കോടതി വഴി നടപ്പാക്കാനുള്ള ആർജ്ജവം സർക്കാർ കാണിച്ചില്ലെങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കും.

വയനാട് എം.പി രാഹുൽഗാന്ധി വിശ്വനാഥന്റെ കുടുംബത്തെ സന്ദർശിക്കുകയും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് സംഭവം ദേശീയതലത്തിൽ വരെ ചർച്ചചെയ്യാൻ ഇടയാക്കുകയും ചെയ്യും. അതിനാൽ ഐജി റാങ്കിലുള്ള ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ സർക്കാർ ചുമതലപ്പെടുത്തണം. ചോദിക്കാനും പറയാനും ആരുമില്ലാത്തവരാണ് ആദിവാസികളെന്ന് ചിലരെങ്കിലും ധരിക്കുന്നതുകൊണ്ടാവും ഇവർക്കെതിരെ ഇത്തരം അക്രമങ്ങൾ അരങ്ങേറുന്നത്. ആ ധാരണ മാറ്റുന്ന രീതിയിലുള്ള ശക്തമായ ഇടപെടലാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRIBAL MAN DEATH IN MCH KOZHIKKODU
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.