
അതികായനായ കോൺഗ്രസ് നേതാവും അതുല്യനായ ഭരണാധികാരിയുമായിരുന്ന വക്കം പുരുഷോത്തമന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടം അസ്തമിക്കുകയാണ്. ഒരു ഭരണാധികാരിക്ക് തന്നിൽ നിക്ഷിപ്തമായ അധികാരം ജനനന്മയ്ക്കായി ഏതെല്ലാം വിധത്തിൽ വിനിയോഗിക്കാൻ കഴിയുമെന്ന് വക്കത്തെപ്പോലെ മനസിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തവർ അത്യപൂർവമാണ്. മന്ത്രിപദം അലങ്കരിച്ച വകുപ്പുകളിൽ മാത്രമല്ല, ചുമതല വഹിച്ച ഓരോ പദവികളിലും വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. എല്ലാത്തിലും കാലത്തിനു മായ്‌ക്കാനാവാത്ത ഒരു വക്കം ടച്ച് പ്രകടമായിരുന്നു. വക്കത്തിന്റെ ഓരോ നടപടിയും അസാമാന്യമായ ചങ്കൂറ്റത്തിന്റെയും ഇച്ഛാശക്തിയുടെയും ഉത്തമ ഉദാഹരണങ്ങളായിരുന്നു. കർമ്മരംഗങ്ങളിലെല്ലാം തന്റെ നിലപാടുകളെ മുറുകെപ്പിടിക്കുകയും കണിശതയോടും നിശ്ചയദാർഢ്യത്തോടും അസാധാരണമായ ഭരണപാടവത്തോടും മികവ് തെളിയിക്കുകയും ചെയ്തു.
ആറ്റിങ്ങലിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യവട്ടം തന്നെ മന്ത്രിയായ വക്കം കൃഷി, തൊഴിൽ, ടൂറിസം, ആരോഗ്യം, എക്സൈസ്, ധനകാര്യം എന്നിങ്ങനെ വിവിധ വകുപ്പുകൾ പലവട്ടങ്ങളിലായി കൈകാര്യം ചെയ്തിരുന്നു. കർഷകത്തൊഴിലാളി നിയമം കൊണ്ടുവന്നു നടപ്പിലാക്കിയ വക്കമാണ് ചുമട്ടുതൊഴിലാളി നിയമം അവതരിപ്പിച്ചത്. ആരോഗ്യ വകുപ്പുമന്ത്രിയെന്ന നിലയിൽ വക്കം തുടങ്ങിവച്ച പല പരിഷ്‌കാരങ്ങളും ആ മേഖലയിൽ വലിയമാറ്റം വരുത്തി. മെഡിക്കൽ കോളേജുകളെ റഫറൽ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റിയത് അദ്ദേഹമായിരുന്നു. ഓണക്കാലം വിനോദസഞ്ചാര വാരമായി ആഘോഷിക്കാൻ തുടങ്ങിയതും വക്കത്തിന്റെ ആശയത്തിന്റെ സാക്ഷാത്കാരമായിരുന്നു. തന്റെ ഒൗദ്യോഗിക ജീവിതത്തിൽ ഏറ്റവും സംതൃപ്തി തോന്നിയത് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലെഫ്റ്റനന്റ് ഗവർണറായി പ്രവർത്തിച്ച കാലയളവായിരുന്നെന്ന് വക്കം തുറന്നുപറഞ്ഞിട്ടുണ്ട്. ആൻഡമാന്റെ വികസന ശിൽപിയെന്ന നിലയിലാണ് പിൽക്കാലത്ത് അദ്ദേഹം അറിയപ്പെട്ടത്. എന്നും രാവിലെ ഉദ്യോഗസ്ഥവൃന്ദത്തിനൊപ്പം നടക്കാനിറങ്ങുന്ന വക്കത്തെ കാത്തുനിന്ന് ജനങ്ങൾ പരാതികൾ പറഞ്ഞിരുന്നു. അവയിൽ നല്ലൊരു പങ്കിനും അപ്പോൾത്തന്നെ അദ്ദേഹം തീർപ്പുകൽപ്പിച്ചിരുന്നു. ആൻഡമാനിൽ വക്കം ചെയ്ത കാര്യങ്ങളെ അഭിനന്ദിച്ച് മദർതെരേസ കത്തെഴുതിയിട്ടുണ്ട്. ആൻഡമാനിൽനിന്നു മാറിയശേഷം ജനങ്ങൾ അദ്ദേഹത്തെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ടതും സ്മരണീയമാണ്.
കേരള നിയമസഭാ സ്പീക്കർ എന്ന നിലയിൽ വക്കത്തിന്റെ സംഭാവനകൾ നിസ്തുലമായിരുന്നു. സംഘർഷഭരിതമായ സാഹചര്യത്തിലും സഭ നടത്തിക്കൊണ്ടുപോകുന്നതിലും നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലും വക്കം കാണിച്ച വൈഭവം മറ്റാരിലും കാണാൻ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. ബില്ലുകൾ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിലും ചട്ടപ്രകാരം സർക്കാർ ബിസിനസ് നടത്തിക്കൊടുക്കുന്നതിലുമെല്ലാം വക്കം ഉദാത്ത മാതൃകയായിരുന്നു. പാർലമെന്റിലും തിളങ്ങിയ നേതാവാണ് വക്കം. എം.പിയായിരിക്കെ പബ്ളിക്ക് അണ്ടർടേക്കിംഗ്സ് കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു. കോൺഗ്രസ് ഹൈക്കമാൻഡുമായി എന്നും നല്ലബന്ധം പുലർത്തി. ഇന്ദിരാഗാന്ധിയുമായും രാജീവ്ഗാന്ധിയുമായും സോണിയാഗാന്ധിയുമായും നല്ല അടുപ്പമായിരുന്നു. മിസോറാം ഗവർണറായിരിക്കെ നാഗലാൻഡിലേക്കു സ്ഥലം മാറ്റിയപ്പോഴാണ് ആ പദവി സ്വീകരിക്കാതെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയത്.
തിരക്കുള്ള അഭിഭാഷകനായിരിക്കുമ്പോഴാണ് വക്കം പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് സജീവമായി ഇറങ്ങുന്നത്. വക്കത്തിന്റെ അച്ഛൻ ഭാനുപ്പണിക്കർ വ്യവസായിയും പൊതുകാര്യപ്രസക്തനുമായിരുന്നു. തനിക്കു ജീവിതത്തിൽ ഏറ്റവും കടപ്പാടുള്ളത് അച്ഛനോടാണെന്ന് വക്കം എപ്പോഴും പറയുമായിരുന്നു. മക്കൾക്കെല്ലാം നല്ല വിദ്യാഭ്യാസം നൽകാൻ ഭാനുപ്പണിക്കർ മുൻകൈയെടുത്തിരുന്നു. അതിനാൽത്തന്നെ രാഷ്ട്രീയം ഒരിക്കലും വക്കത്തിന് ജീവിതമാർഗമായിരുന്നില്ല.
കോൺഗ്രസ് രാഷ്ട്രീയത്തിൽ പലചേരികൾ ഉണ്ടായിരുന്നെങ്കിലും തീവ്രമായ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ മുങ്ങാൻ വക്കം തയ്യാറായിരുന്നില്ല. അചഞ്ചലമായ നിലപാടുകളുണ്ടായിരുന്നെങ്കിലും പാർട്ടിയെ തളർത്തുന്ന ഒരു സമീപനവും അദ്ദേഹത്തിൽനിന്നും ഉണ്ടായിട്ടില്ല. ആരുടെയും വാലാകാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ആരുടെ മുഖത്തു നോക്കിയും തന്റെ അഭിപ്രായം തുറന്നുപറയാൻ വക്കത്തിന് കൂസലുണ്ടായിരുന്നില്ല. ഒരുപക്ഷെ ഈ താൻപോരിമ കൂടുതൽ ഉന്നത പദവികളിലെത്താൻ തടസ്സം സൃഷ്ടിച്ചിട്ടുമുണ്ടാകാം. പക്ഷെ അതൊന്നും അദ്ദേഹം വകവച്ചില്ല. ഇത്രയും ഭരണനൈപുണ്യവും കർമ്മകുശലതയും നേതൃവൈഭവവുമുള്ള ഒരാൾ എന്തുകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായില്ല എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. അതിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ടിരുന്നില്ലെന്ന് ഒരിക്കൽ വക്കം പറഞ്ഞിട്ടണ്ട്. കോൺഗ്രസിന്റെ ചരിത്രം തുടർന്നെഴുതുന്നവർക്ക് ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്താൻ ഏറെ പ്രയാസപ്പെടേണ്ടിവരുമെന്നതിൽ സംശയമില്ല.
വിപുലമായ സൗഹൃദവലയത്തിന് ഉടമയായിരുന്നു വക്കം. പല നേതാക്കളുമായും അദ്ദേഹം രാഷ്ട്രീയാതീതമായ ബന്ധം പുലർത്തിയിരുന്നു. മകന്റെ അകാലമരണം സൃഷ്ടിച്ച ദുഃഖം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് ശ്വാസതടസ്സത്തിലേക്ക് നീങ്ങുംവരെ, തൊണ്ണൂറ്റിയാറാം വയസിലും അദ്ദേഹം സജീവമായിരുന്നു.
ഞങ്ങളെ സംബന്ധിച്ചിടത്തോളം കുടുംബത്തിലെ ഒരംഗത്തെയാണ് നഷ്ടമാകുന്നത്. പത്രാധിപർ കെ.സുകുമാരന്റെ കാലം മുതൽക്കെ ദൃഢമായ ആ ബന്ധം തലമുറകളിലൂടെ മരണം വരെയും തികഞ്ഞ ഊഷ്മളതയോടെ തുടർന്നു. ഭാര്യ ലില്ലി പുരുഷോത്തമനും മക്കളുമെല്ലാം ആ ആത്മബന്ധത്തിന്റെ ഭാഗമാണ്.
' എന്നെ ഞാനാക്കിയത് കേരളകൗമുദി ' യാണെന്ന് വക്കം എപ്പോഴും പറയുമായിരുന്നു. പ്രിയങ്കരനായ വക്കം പുരുഷോത്തമന്റെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ ഞങ്ങൾ പ്രണാമം അർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |