കേന്ദ്രത്തിന്റെ വാഗ്ദാന ലംഘനം ചിരപരിചിതമായതിനാൽ മലയാളികൾക്ക് ഇപ്പോൾ അത് പുതുമയുള്ള കാര്യമായി തോന്നാറില്ല. എന്നിരുന്നാലും പറഞ്ഞുപറ്റിക്കുന്നതിനും വേണ്ടേ ഒരു മര്യാദ. ഏറ്റവും ഒടുവിൽ 'വന്ദേഭാരത് ' അതിവേഗ ട്രെയിൻ സർവീസ് വിഷയത്തിലാണ് കേരളം നാണംകെട്ട അവഗണന നേരിടേണ്ടിവന്നിരിക്കുന്നത്. രാജ്യത്തെ പല പ്രധാനപ്പെട്ട നഗരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് വന്ദേഭാരത് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിനും ആ ഭാഗ്യം വരാൻ പോകുന്നെന്ന മട്ടിലായിരുന്നു കേന്ദ്രത്തിന്റെ ആവർത്തിച്ചുള്ള വാഗ്ദാനങ്ങൾ. എന്നാൽ ഇപ്പോഴിതാ കേൾക്കുന്നു ആ മോഹം തത്‌കാലം നടപ്പാകാൻ പോകുന്നില്ലെന്ന്. കേരളത്തിലേക്ക് വന്ദേഭാരത് ഓടിക്കാൻ തത്‌കാലം ഉദ്ദേശിക്കുന്നില്ലെന്നാണ് റെയിൽവേ വകുപ്പ് മന്ത്രി അശ്വനി വൈഷ്‌ണവ് പാർലമെന്റിനെ അറിയിച്ചത്. ഇതേ മന്ത്രി മാത്രമല്ല പല കേന്ദ്രമന്ത്രിമാരും മുൻപ് പറഞ്ഞിരുന്നത് വന്ദേഭാരതിനായി കേരളം ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ലെന്നായിരുന്നു. 'വന്ദേഭാരത് 'അനുവദിക്കാതിരിക്കാൻ പ്രത്യേക കാരണമൊന്നും വിശദീകരിച്ചിട്ടില്ല. ഇനി എപ്പോൾ ഇത് പ്രതീക്ഷിക്കാമെന്ന സൂചനയും അദ്ദേഹം നല്‌കിയിട്ടില്ല. പല സൗകര്യങ്ങളിലുമെന്നപോലെ ഈ അതിവേഗ ട്രെയിൻ സർവീസ് തുടങ്ങുന്ന കാര്യത്തിലും സംസ്ഥാനം അനിശ്ചിതമായി കാത്തിരിക്കേണ്ടിവരുമെന്നാണ് മന്ത്രിയുടെ പ്രസ്താവനയിലെ സൂചന. കാത്തിരിപ്പ് പുത്തരിയൊന്നുമല്ലാത്തതിനാൽ ഈ അവഗണനയും ക്ഷമയോടെ സഹിക്കുകയേ മാർഗമുള്ളൂ.
സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ പാടേ താളംതെറ്റിച്ചുകൊണ്ട് അവിടവിടെ അറ്റകുറ്റപ്പണികൾ കുറെക്കാലമായി നടന്നുവരികയാണ്. ട്രാക്കുകൾ ബലപ്പെടുത്തുന്ന പണികളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ വന്ദേഭാരതുമായി ബന്ധപ്പെട്ട പണിയൊന്നുമല്ല ഇതിനകം നടന്നിട്ടുള്ളത്. സാധാരണ നടക്കേണ്ട പണികൾ മാത്രമാണത്രേ ഇത്. അടുത്ത ആഗസ്റ്റ് 15-നു മുമ്പ് രാജ്യത്ത് പുതുതായി 75 വന്ദേഭാരത് എക്സ്‌പ്രസുകൾ കൂടി തുടങ്ങാനാണ് റെയിൽവേ പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ ഇവയിൽ എത്രയെണ്ണം ഓടിത്തുടങ്ങുമെന്ന് ഇപ്പോൾ പറയാനാവില്ല. വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണം നടക്കുന്നതേയുള്ളൂ. അവ പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ സർവീസും തുടങ്ങും. നറുക്ക് ഏതൊക്കെ നഗരത്തിനായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുമില്ല. കേരളത്തിൽ റെയിൽവേയ്ക്ക് രണ്ട് ഡിവിഷനുകളേയുള്ളൂ - തിരുവനന്തപുരവും പാലക്കാടും. വന്ദേഭാരതിനായി മാത്രം രണ്ടിടത്തും കൂടി നാല് വൈദ്യുതി സബ് സ്റ്റേഷനുകൾക്ക് ടെൻഡർ വിളിച്ചിരുന്നു. ട്രാക്ക് നവീകരണത്തിനും ടെൻഡർ ക്ഷണിച്ചതാണ്. തത്‌കാലം വന്ദേഭാരത് ഇല്ലെന്ന് വകുപ്പുമന്ത്രി പാർലമെന്റിൽ പ്രഖ്യാപനം നടത്തിയ പശ്ചാത്തലത്തിൽ എല്ലാം നിറുത്തിവയ്ക്കേണ്ടിവരും.
സംസ്ഥാനത്തിന് ഡൽഹിയിൽ രണ്ടരഡസൻ എം.പിമാരുണ്ട്. രാഷ്ട്രീയ വിഷയങ്ങളിലാണ് അവർക്കു പൊതുവേ താത്‌പര്യം. കേരളത്തിന്റെ വികസന ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അവർക്ക് പലതും ചെയ്യാനാവും. എന്നാൽ ഇതുപോലുള്ള ജനകീയ ആവശ്യങ്ങളിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി കാര്യം സാധിച്ചെടുക്കാൻ അവർക്കു കഴിയാറില്ല. എപ്പോഴും എവിടെയും വിമാനത്തിലാണല്ലോ അവരുടെ സഞ്ചാരം. അതുകൊണ്ടായിരിക്കാം വന്ദേഭാരതിന്റെ കാര്യത്തിൽ മാത്രമല്ല, സാധാരണ ട്രെയിൻ സർവീസുകളുടെ കാര്യത്തിലും അവർ പ്രത്യേക താത്‌പര്യമൊന്നും കാണിക്കാതിരിക്കുന്നത്.
യാത്രക്കാരും വരുമാനവും ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നായിട്ടും റെയിൽവേ സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനം സ്ഥിരമായി അവഗണന നേരിടുകയാണ്. കൊവിഡിനുശേഷം എല്ലായിടത്തും സ്ഥിതിഗതികൾ സാധാരണ നിലയിലേക്കു മടങ്ങിയിട്ടും കേരളത്തിലെ ട്രെയിൻ സർവീസുകളിലെ നിയന്ത്രണങ്ങളിൽ പലതും തുടരുകയാണ്. അതിനൊപ്പമാണ് ഇതുപോലുള്ള വാഗ്ദാനലംഘനങ്ങൾ. അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ കഴിവുള്ള നേതാക്കളുടെ അഭാവമാണ് ഇതിനു കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |